ലാക്റ്റാലിസ് ബേബി ഫുഡിൽ ബാക്റ്റീരിയ: 12 മില്യണ്‍ ബോക്സുകൾ തിരിച്ചുവിളിച്ചു
Tuesday, January 16, 2018 12:13 AM IST
പാരീസ്: ഫ്രഞ്ച് കന്പനിയായ ലാക്റ്റാലിസിന്‍റെ ബേബി ഫുഡിൽ അപകടകാരിയായ സാൽമൊണെല്ല ബാക്റ്റീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. 12 മില്യണ്‍ പാക്കറ്റുകൾ തിരിച്ചുവിളിക്കാൻ ഡിസംബറിൽ തന്നെ നിർദേശം നൽകിയിരുന്നെങ്കിലും വില്പനന തുടരുന്നതായിട്ടാണ് ചിലയിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ യുകെ, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു കന്പനി സിഇഒ ഇമ്മാനുവൽ ബെസ്നിയർ ഫ്രഞ്ച് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തി.

ആഗോള തലത്തിൽ ഇന്ത്യയുൾപ്പടെ 83 രാജ്യങ്ങിലാണ് ഇത് വിറ്റഴിക്കപ്പെട്ടത്. ഇന്ത്യയിലെ തിരുമല മിൽക്ക് പ്രൊഡക്ട്സ് കന്പനിയുടെ മേജർ ഷെയർഹോൾഡറാണ് ലാക്റ്റാലിസ്.

ഈ ഫോർമുല ഫുഡ് കഴിച്ച പല കുട്ടികൾക്കും അസുഖം ബാധിച്ചിരുന്നതായി മാതാപിതാക്കൾ പരാതി നൽകിയിരുന്നു.

യൂറോപ്പ്, ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിൽ ഈ ഉത്പന്നം വിറ്റഴിച്ചിരുന്നു. എല്ലാ രാജ്യങ്ങളെയും വിവരമറിയിച്ചു കഴിഞ്ഞെന്നാണ് കന്പനി അവകാശപ്പെടുന്നത്.

ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പന്ന നിർമാതാക്കളിലൊന്നാണ് ലാക്റ്റാലിസ്. നാല്പത്തേഴ് രാജ്യങ്ങളിലായി 246 നിർമാണ കേന്ദ്രങ്ങളാണ് ഇവർക്കുള്ളത്. ഫ്രാൻസിൽ മാത്രം പതിനയ്യായിരം ജീവനക്കാരുണ്ട്. 17 ബില്യണ്‍ യൂറോയാണ് പ്രതിവർഷം വിറ്റുവരവ്.

പിക്കോട്ട്, മിലുമെൽ, ടരാനിസ് എന്നീ ബ്രാൻഡുകളാണ് ഇപ്പോൾ തിരിച്ചു വിളിച്ചിരിക്കുന്നത്. വയറിളക്കം, വയർ വേദനം, ഛർദി, നിർജലീകരണം എന്നിവയ്ക്കു കാരണമാകുന്നതാണ് സാൽമണെല്ല ബാക്റ്റീരിയ. കുട്ടികൾക്ക് ഇതു മരണകാരണം വരെയാകാം. ഇതിനകം ഫ്രാൻസിൽ 35 പേരും സ്പെയിനിൽ ഒരാളും പരാതി നൽകിക്കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ