രാത്രിയാത്ര നിരോധനം: കഐസ്ആർടിസിക്ക് ഇളവ് തേടി കേരളം
Saturday, March 10, 2018 7:14 PM IST
ബംഗളൂരു: ബന്ദിപ്പുർ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിൽ നിന്ന് കേരള ആർടിസിക്ക് ഇളവ് നല്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാരുടെ യോഗത്തിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് ഈ ആവശ്യം ഉന്നയിച്ചത്. വന്യമൃഗങ്ങൾക്ക് അപകടമുണ്ടാക്കാത്ത രീതിയിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നാണ് കേരളം യോഗത്തിൽ ആവശ്യപ്പെട്ടത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം രാത്രിയാത്രാ നിരോധനത്തെക്കുറിച്ച് പഠിക്കാൻ നേരത്തെ ഉപസമിതിയെ നിയോഗിച്ചിരുന്നു. നിരോധനത്തിൽ കേരള, കർണാടക ആർടിസികൾക്ക് ഇളവ് അനുവദിക്കണമെന്ന് ഉപസമിതിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. നിലവിൽ കേരള, തമിഴ്നാട്, കർണാടക ആർടിസികളുടെ 16 സർവീസുകൾക്ക് പ്രത്യേക അനുമതിയുണ്ട്. കൂടുതൽ ബസുകൾക്ക് ഇളവ് നല്കണമെന്ന് ഉപസമിതിയോട് ആവശ്യപ്പെടാനാണ് തീരുമാനം.

നേരത്തെ, ബംഗളൂരുവിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിലും കഐസ്ആർടിസിക്ക് ഇളവ് വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാത്രിയാത്രാ നിരോധനത്തിന് ഇളവ് വേണ്ടെന്നാണ് കർണാടക നിലപാടെടുത്തത്. ഇതിനു പിന്നാലെ ചേർന്ന മന്ത്രിമാരുടെ യോഗത്തിൽ എ.കെ. ശശീന്ദ്രൻ വിഷയം ഉന്നയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഇളവ് നല്കുന്ന കാര്യം ഉപസമിതിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചത്.

രാത്രിയിൽ വാഹനങ്ങൾ ഇടിച്ച് വന്യമൃഗങ്ങൾ ചാകുന്നുവെന്ന് പരാതിയുയർന്നതിനെ തുടർന്ന് 2009 ജൂണിലാണ് ചാമരാജനഗർ ഡപ്യൂട്ടി കമ്മീഷണർ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയത്. ഇതേത്തുടർന്ന് കേരളത്തിൽ നിന്നു രാഷ്രീയസമ്മർദം ശക്തമായതിനെ തുടർന്ന് വിലക്ക് പിൻവലിച്ചു. എന്നാൽ, വിഷയത്തിൽ കർണാടക ഹൈക്കോടതി ഇടപെട്ടതോടെ 2010 മാർച്ചിൽ വീണ്ടും നിരോധനം നിലവിൽ വന്നു. ഇതിനു ശേഷം വിലക്ക് നീക്കാൻ കേരളം നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായില്ല. രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെയാണ് യാത്രാവിലക്ക്. നിലവിൽ രാത്രിയാത്രാ വിലക്ക് നീക്കുന്നതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.