ബ്രിട്ടനിൽ വീണ്ടും മഞ്ഞു വീഴ്ച: മുൻകരുതലുകൾ എടുക്കണമെന്ന് മെറ്റ് ഓഫീസ്
Saturday, March 17, 2018 3:06 PM IST
ന്യൂകാസിൽ: സൈബീരിയൻ ശൈത്യകാറ്റിനെ (ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ) തുടർന്ന് ബ്രിട്ടനിൽ ഈ ആഴ്ച അവസാനവും കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുമെന്നു മെറ്റ് ഓഫീസിന്‍റെ മുന്നറിയിപ്പ്. രാത്രികാലങ്ങളിൽ താപനില മൈനസ് എട്ടുവരെ താഴാമെന്നും വെള്ളപ്പൊക്ക സാധ്യതകൾ ഉണ്ടാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മിനി ബീസ്റ്റ്‌ ഫ്രം ദി ഈസ്റ്റ് എന്ന് പേര് നൽകിയിരിക്കുന്ന സൈബീരിയൻ ശൈത്യ കാറ്റ് വീണ്ടും ബ്രിട്ടനിലെ ജന ജീവിതം ദുരിതത്തിൽ ആക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് 11 യെല്ലോ, ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

നോര്‍ത്ത് വെസ്റ്റ് പ്രദേശങ്ങളിലാണ് എഴുപത് മൈൽ വേഗതയിൽ കാറ്റ് വീശിയടിക്കുക. ഹീത്രു വിമാനത്താവളത്തിൽ ഇന്ന് രാവിലെ തന്നെ എഴുപതോളം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. റെയിൽ ഗതാഗതത്തെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഞായറാഴ്ച വരെയാണ് കനത്ത മഞ്ഞിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ തിങ്കളാഴ്ചവരെ ചില സ്ഥലങ്ങളിൽ സ്‌കൂളുകളുടെ പ്രവർത്തനത്തെയും ഇത് സാരമായി ബാധിച്ചേക്കാം

ഷൈമോൻ തോട്ടുങ്കൽ