ശീതയുദ്ധം തിരിച്ചു വരാൻ ആഗ്രഹിക്കുന്നില്ല: നാറ്റോ
Saturday, March 17, 2018 9:49 PM IST
ലണ്ടൻ: മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേരെ രാസായുധം പ്രയോഗിച്ചതുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍റെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും റഷ്യയുമായി ശീതയുദ്ധ കാലത്തേക്ക് തിരിച്ചുപോവാൻ ആഗ്രഹിക്കുന്നില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജീൻസ് സ്റ്റോൾട്ടൻബെർഗ്.

ആയുധ മത്സരമോ പുതിയൊരു ശീതയുദ്ധമോ ആവശ്യമില്ല. റഷ്യ അയൽക്കാരാണെന്നും അതിനാൽ തന്നെ റഷ്യയുമായി നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാറിയ സുരക്ഷ സാഹചര്യങ്ങളനുസരിച്ച് കിഴക്കൻ യൂറോപ്പിൽ നാറ്റോ സഖ്യരാഷ്ട്രങ്ങൾ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും സമീപ വർഷങ്ങളിലായി റഷ്യക്കുമേൽ സാന്പത്തിക വിലക്കുകൾ ചെലുത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം, റഷ്യയെ ഒറ്റപ്പെടുത്തൽ പരിഹാര മാർഗമല്ലെന്ന കാര്യവും അദ്ദേഹം പറയുന്നു. ഒരു ഏറ്റുമുട്ടലിനല്ല, സഹകരണത്തിനാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ മനസിലാക്കും. മുൻ റഷ്യൻ ചാരനായ സെർജി സ്ക്രിപാലിനെയും മകളെയും സാലിസ്ബെറിയിവച്ച് വധിക്കാൻ ശ്രമമുണ്ടായതിനെ തുടർന്നാണ് നാറ്റോ ബ്രിട്ടനെ പിന്തുണച്ചത്.

മോസ്കോയിൽനിന്ന് തിരിക്കുന്നതിനു മുന്പുതന്നെ സ്ക്രിപാലിന്‍റെ മകളുടെ ബാഗിലാണ് നെർവ് ഏജന്‍റ് എന്ന മാരക വിഷം വച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. വിഷവസ്തു തുണിയിലോ സൗന്ദര്യവർധക വസ്തുക്കളിലോ സമ്മാനപ്പൊതിയിലോ നിറച്ച് നൽകിയതാകാമെന്ന ഉൗഹത്തിലാണ് ബ്രിട്ടീഷ് അന്വേഷണ ഉദ്യോഗസ്ഥർ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത്തരത്തിലൊരു ആയുധത്തിന്‍റെ ഉപയോഗം ആദ്യമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ