സഹായത്തിന്‍റെ തിരിനാളവുമായി ബി ഫ്രണ്ട്സ്
Saturday, March 24, 2018 7:23 PM IST
സൂറിച്ച്: സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിന്‍റെ ഭാഗമായി ബി ഫ്രണ്ട്സ് വിമൻസ് ഫോറം സമാഹരിച്ച തുക ഫെബ്രുവരി 19നു തൊടുപുഴയിൽ മടക്കത്താനത്ത് പ്രവർത്തിക്കുന്ന സ്നേഹവീടിനു കൈമാറി.

മാനസിക രോഗത്താലും മറ്റു ശാരീരികമായ അവശതയാലും സമൂഹത്തിൽ ഒറ്റപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന മടക്കത്താനത്ത് പ്രവർത്തിക്കുന്ന സ്നേഹവീട്ടിലെ അന്തേവാസികളുടെ ചിരകാല അഭിലാഷമായ സ്ഥിരമായി ചൂടുവെള്ളം കിട്ടുന്ന ഒരു പ്ലാന്‍റ് സ്ഥാപിക്കുക എന്ന സ്വപ്നമാണ് ഇതുവഴി സാക്ഷാത്കരിക്കപ്പെട്ടത്.

സോളാർ വാട്ടർ ഹീറ്റിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള മുഴുവൻ തുകയും ബി ഫ്രണ്ട്സ് വിമൻസ് ഫോറം മുൻ ജനറൽ കോഓർഡിനേറ്റർ ജെസി പറത്തലക്കൽ സ്നേഹവീടിന്‍റെ ഡയറക്ടർ ഫാ. ഫ്രാൻസിസ് ഡൊമിനിക് അറയിലിനു കൈമാറി.

ബി ഫ്രണ്ട്സ് പ്രസിഡന്‍റ് ബിന്നി വേങ്ങപ്പള്ളി ചടങ്ങിൽ ബി ഫ്രണ്ട്സ്സിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചു വിവരിച്ചു. മദർ സൂപ്പീരിയർ സിസ്റ്റർ അനിത മഞ്ഞക്കുന്നേൽ, സിസ്റ്റർ ധന്യ മരിയ, ബി ഫ്രണ്ട്സ് ഓഡിറ്റർ ബിജു പറത്തലക്കൽ എന്നിവർ സംബന്ധിച്ചു. ഫാ. ഫ്രാൻസിസ് ഡൊമിനിക് നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ