റൊണാൾഡൊ ഷെമിറ്റിന് 2018 ലെ വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം
Saturday, April 14, 2018 1:05 AM IST
ബർലിൻ: വേൾഡ് പ്രസ് ഫോട്ടോ അവാർഡ് പ്രഖ്യാപിച്ചു. എഎഫ്പിയുടെ ഫോട്ടോഗ്രാഫർ റൊണാൾഡൊ ഷെമിറ്റാണ് ഇത്തവണത്തെ പുരസ്കാരം. പതിനായിരം യൂറോയും പ്രശംസിപത്രവുമാണ് പുരസ്കാരം.

പോയവർഷം മേയ് 17 ന് വെനസ്വലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ശരീരത്തിൽ തീപടർന്ന വിക്ടർ എന്ന പോരാളിയുടെ മുന്നോട്ടു കുതിക്കുന്ന ചിത്രമാണ് ഏറ്റവും മികച്ച ഫോട്ടോയായി തെരഞ്ഞെടുത്തത്. പ്രക്ഷോഭ ചിത്രങ്ങൾ എടുക്കുന്നതിനിടയിൽ അഭ്രപാളിയിൽ പകർത്തിയ ദൃശ്യമാണ് റൊണാൾഡൊയെ അവാർഡിനർഹനാക്കിയത്.

47 കാരനായ വെനിസ്വേലൻ പൗരനായ റൊണാൾഡൊ എഎഫ്പിയുടെ ഫ്രഞ്ച് ഫോട്ടോഗ്രാഫറായി മെക്സിക്കോയിലാണ് ജോലി ചെയ്യുന്നത്.

വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷൻ ആസ്ഥാനമായ ആംസ്റ്റർഡാമിൽ നടന്ന ചടങ്ങിൽ റൊണാൾഡോ പുരസ്കാരം ഏറ്റുവാങ്ങി.

സർക്കാരിനെതിരെ പ്രക്ഷോഭത്തിനിടെ ഇരുപത്തിയെട്ടുകാരനായ വിക്ടർ സലാസറും കൂട്ടരും ഒരു പോലീസ് ബൈക്ക് തകർക്കുന്നതിനിടെ ബൈക്കിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് വിക്ടറിന്‍റെ ശരീരത്തിൽ തീപടർന്നത്. മാസ്ക് ധരിച്ചിരുന്നതിനാൽ വിക്ടറിന്‍റെ മുഖത്ത് പരിക്കേറ്റിരുന്നില്ല. ചിത്രം ഒരു മഹത്തായ ക്ലാസിക്കൽ ചിത്രമാണന്ന് ജൂറിയംഗമായ മഗ്ദലേന ഹെരേര വിശേഷിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ