ഷുമാക്കറുടെ സ്വത്തു തർക്കം ; പൂർണാവകാശം പിതാവിനോ?
Friday, April 27, 2018 12:19 AM IST
ബർലിൻ: സ്കീയിംഗ് അപകടത്തിനിടെ ഗുരുതരമായി പരിക്കേറ്റ് അർദ്ധബോധാവസ്ഥയിൽ കഴിയുന്ന ഫോർമുല വണ്‍ ഇതിഹാസം മൈക്കിൾ ഷുമാഹറുടെ സ്വത്തുക്കളിൽ പൂർണ അവകാശം പിതാവ് റോൽഫ് ഷുമാഹർക്കു(72) മാത്രം. സ്വിസ് കോടതിയുടേതാണ് ഉത്തരവ്.

ഷൂമി 1992 ൽ റെയ്സിംഗ് കരിയർ ആരംഭിച്ച സമയത്ത് എഴുതിയ കരാറാണ് 800 മില്യൻ യൂറോയോളം വരുന്ന സ്വത്തുക്കളുടെ ഏക അവകാശിയായി പിതാവിനെ മാറ്റുന്നത്. ഈ കരാറിന് ഇപ്പോഴും സാധുതയുണ്ടെന്ന് സ്വിസ് കോടതി സ്ഥിരീകരിക്കുകയും ചെയ്തു. ഷൂമിയുടെ ജീവിതകാലത്തും മരണശേഷവും നിലനിൽക്കുന്ന രീതിയിലാണ് കരാർ എഴുതിയിരിക്കുന്നത്. ഇതു മാറ്റിയെഴുതാൻ മാത്രം ബൗദ്ധിക ആരോഗ്യം ഇപ്പോൾ ഷൂമിക്കില്ലെന്ന് ഭാര്യ കോറിന മറ്റു ചില വിഷയങ്ങളിൽ കോടതിയിൽ ഉന്നയിച്ച വാദഗതികളിൽ വ്യക്തമാണ്.

ഫോർമുല വണ്ണിൽ ഏഴുതവണ ലോക ചാന്പ്യനായി വിലസിയ ഷൂമിയുടെ ശിഷ്ടജീവിതം ജനീവയിലെ വീട്ടിലാണ്. 2013 ഡിസംബർ 29 നാണ് ഷൂമിയുടെ ജീവിതം നിശ്ചലമാക്കിയ അപകടം സംഭവിച്ചത്. ആൽപ്സിലെ മെറിബെൽ സ്കീ റിസോർട്ട് പ്രദേശത്താണ് അപകടമുണ്ടായത്.

ഷൂമിക്ക് നേരിട്ട് കാര്യങ്ങൾ നോക്കി നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ ബിസിനസുകൾ കൈകാര്യം ചെയ്യാൻ മാത്രമാണ് കോറിനക്ക് ഇപ്പോൾ അവകാശമുള്ളത്. എന്നാൽ, വലിയ തുകകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. അതേസമയം, റാൽഫിന് ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ല. സ്വത്തിലും പണത്തിലും പൂർണ സ്വാതന്ത്ര്യമാണ് കരാർ അനുവദിക്കുന്നത്.

കോറിന, മക്കളായ ജിന(21), മിക്ക്(19) എന്നിവരെ തന്‍റെ അനന്തരാവകാശികളായി പ്രഖ്യാപിക്കുന്ന, ഷൂമിയുടെ മറ്റൊരു വിൽപത്രവും നിലവിലുള്ളതാണ്. എന്നാൽ, ഇതും മുൻപ് എഴുതിയ പവർ ഓഫ് അറ്റോർണിയും വ്യവസ്ഥകളുടെ കാര്യത്തിൽ പരസ്പരവിരുദ്ധവുമാണ്. ദീർഘമായ നിയമ യുദ്ധത്തിലേക്കു തന്നെ ഇതു വഴി തെളിക്കാനിടയുള്ളതായാണ് സൂചന. കൊറീനയുമായി 1995 ഓഗസ്റ്റ് ഒന്നിനാണ് ഷൂമിയുടെ വിവാഹം നടന്നത്. 1969 ജനുവരി മൂന്നിനാണ് കൊളോണിനടത്തുള്ള ഹ്യൂർത്തിൽ ഷൂമി ജനിച്ചത്. റാൽഫ്, സെബാസ്റ്റ്യൻ എന്നീ രണ്ടു സഹോദരങ്ങളും കൂടിയുണ്ട്് ഷൂമിക്ക്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ