പൊതുഗതാഗതത്തോട് ഇഷ്ടമേറുന്നു; കാറുകളുടെ വില്പന കുറഞ്ഞു
Saturday, May 5, 2018 9:08 PM IST
ബംഗളൂരു: നഗരത്തിൽ കാറുകളുടെ വില്പനയിൽ ഇടിവ്. ഇന്ത്യയിൽ എറ്റവും കൂടുതൽ കാർവില്പന നടക്കുന്ന രണ്ടാമത്തെ നഗരമായ ബംഗളൂരുവിൽ ഏപ്രിലിൽ മാത്രം 11 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. പൊതുഗതാഗത സംവിധാനങ്ങളോട് ആളുകൾക്ക് താത്പര്യം കൂടിയെന്നതിന്‍റെ തെളിവായാണ് ഈ കണക്കിനെ കാണുന്നത്. ബിഎംടിസി, നമ്മ മെട്രോ, ഓൺലൈൻ ടാക്സികൾ തുടങ്ങിയവ സജീവമായതോടെയാണ് കാറുകളുടെ വില്പനയിൽ ഇടിവുണ്ടായതെന്നാണ് വിലയിരുത്തൽ.

നഗരത്തിൽ നമ്മ മെട്രോ പാത ദീർഘിപ്പിച്ചതോടെ സ്വന്തം വാഹനങ്ങൾ മാറ്റിവച്ച് മെട്രോയിൽ യാത്രചെയ്യുന്നവരുടെ എണ്ണം ഗണ്യമായി ഉയർ‌ന്നിട്ടുണ്ട്. ഗതാഗതക്കുരുക്കിൽപ്പെടാതെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് യാത്ര മെട്രോയിലാക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നത്. നിലവിൽ മൂന്നരലക്ഷത്തിലേറെപ്പേർ ദിനംപ്രതി മെട്രോയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കുകൾ. കൂടാതെ ഓൺലൈൻ ടാക്സികളായ യൂബറും ഒലയും ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. കുറഞ്ഞ തുകയ്ക്ക് കാർപൂളിംഗ് സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യാമെന്നതും കൂടുതൽപേരെ ഓൺലൈൻ ടാക്സി സേവനങ്ങളിലേക്ക് ആകർഷിക്കുന്നു.