കുടിയേറ്റക്കാർക്ക് ഭീഷണി ഉയർത്തി ഇറ്റലിയിൽ പോപ്പുലിസ്റ്റ് സഖ്യം ഭരണത്തിലേക്ക്
Saturday, May 19, 2018 9:12 PM IST
റോം: ഇറ്റലിയിൽ പോപ്പുലിസ്റ്റ് പാർട്ടികളായ ഫൈവ് സ്റ്റാർ മൂവ്മെന്‍റും ലീഗും ചേർന്ന് രാജ്യം ഭരിക്കും. പൊതുതെരഞ്ഞെടുപ്പിൽ തൂക്ക് പാർലമെന്‍റ് രൂപപ്പെട്ടത്തിനെത്തുടർന്ന് നിലനിന്ന ഭരണ പ്രതിസന്ധിക്കാണ് ഇതോടെ അവസാനമാകുന്നത്.

നികുതി ഇളവുകൾ, പാവപ്പെട്ടവർക്ക് അടിസ്ഥാന വരുമാനം, അഞ്ച് ലക്ഷം കുടിയേറ്റക്കാർക്ക് നാടുകടത്തൽ എന്നിവ ഉൾപ്പെടെയുള്ള സംയുക്ത പദ്ധതിയും ഇരു പാർട്ടികളും ചേർന്ന് പ്രഖ്യാപിച്ചു.

സ്ഥാപനവത്കരണത്തിനെതിരേ പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ മൂവ്മെന്‍റിനെ ലൂയിജി ഡി മയോയും തീവ്ര വലതുപക്ഷ പാർട്ടിയായ ലീഗിനെ മാറ്റിയോ സാൽവീനിയുമാണ് നയിക്കുന്നത്. യൂറോപ്യൻ യൂണിയന്‍റെ ചെലവു ചുരുക്കൽ നയങ്ങളെ ഇരു നേതാക്കളും പാടേ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, ഇവരിൽ ആരായിരിക്കും പ്രധാനമന്ത്രി എന്ന് ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.

ഇറ്റലിയിൽ കുടിയേറ്റക്കാരെ കാത്തിരിക്കുന്നത് കൂട്ട പുറത്താക്കൽ

കുടിയേറ്റ വിരുദ്ധ നിലപാടുകൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള രണ്ടു പാർട്ടികളുടെ സഖ്യം ഇറ്റലി ഭരിക്കാനൊരുങ്ങുന്പോൾ ആശങ്കയിൽ കുടിയേറ്റക്കാരും അഭയാർഥികളും. ഫൈവ് സ്റ്റാർ മൂവ്മെന്‍റും ലീഗും ചേരുന്ന സഖ്യത്തിന്‍റെ പൊതു പദ്ധതിയിൽ തന്നെ പറയുന്നത് അഞ്ച് ലക്ഷം കുടിയേറ്റക്കാരെ രാജ്യത്തിനു പുറത്താക്കുമെന്നാണ്. ഈ കുടിയേറ്റക്കാരിൽ മലയാളികളും ഉൾപ്പെടുമെന്നാണ് സൂചന.

പുതിയ പ്രധാനമന്ത്രി ആരാകുമെന്നു തീരുമാനമായിട്ടില്ലെങ്കിലും ഇറ്റലിയിൽ ഈ പാർട്ടികളുടെ സഖ്യം അധികാരത്തിലേറുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

അഭയാർഥികൾക്ക്, പ്രത്യേകിച്ച് ആഫ്രിക്കയിൽ നിന്നുള്ളവർക്ക് കടൽകടന്നു വരാൻ ഏറ്റവും എളുപ്പമുള്ള യൂറോപ്യൻ രാജ്യമാണ് ഇറ്റലി. അതിനാൽ തന്നെ ഏറ്റവും കൂടുതൽ അഭിയാർഥികൾ എത്തിച്ചേർന്നിട്ടുള്ള രാജ്യങ്ങളിലൊന്നാണിത്.

അഭയാർഥികളെ സംരക്ഷിക്കാനുള്ള യൂറോപ്യൻ യൂണിയന്‍റെ പദ്ധതികളോടും ഇറ്റലിയിലെ നിയുക്ത സർക്കാർ പുറം തിരിഞ്ഞു നിൽക്കാനാണ് സാധ്യത. യൂണിയന്‍റെ ചെലവുചുരുക്കൽ നയങ്ങൾ അംഗീകരിക്കില്ലെന്ന് സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

അഭയാർഥികൾ ആദ്യമെത്തുന്ന രാജ്യത്താണ് അഭയാർഥിത്വത്തിന് അപേക്ഷ നൽകേണ്ടത് എന്ന നയത്തോടും ഇവർ വിയോജിപ്പു പ്രകടിപ്പിച്ചുകഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ