ന്യൂയോർക്ക്: വിവിധരംഗങ്ങളിൽ മികവുപുലർത്തുന്നവർക്കുള്ള നാമം എക്സലൻസ് അവാർഡിന് ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി)ന്റെ രണ്ട് ഡയറക്ടർ ബോർഡ് അംഗങ്ങൾ അർഹരായി. ഐഎപിസി ചെയർമാനും നോർത്ത് അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനുമായ ഡോ. ബാബു സ്റ്റീഫനും ഡയറക്ടർ ബോർഡ് അംഗവും നോർത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകനുമായ അജയ് ഘോഷുമാണ് അവാർഡിന് അർഹരായത്.
ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാനായ ഡോ. ബാബു സ്റ്റീഫൻ ഡിസി ഹെൽത്ത് കെയർ സിഇഒയും എസ്എം റിയാലിറ്റി എൽഎൽസി പ്രസിഡന്റുമാണ്. ഇന്ത്യൻ കൾച്ചറൽ കോഓർഡിനേഷൻ കമ്മറ്റി പ്രസിഡന്റായി രണ്ട് വർഷം പ്രവർത്തിച്ച ബാബു സ്റ്റീഫൻ യുണൈറ്റഡ് സ്റ്റേറ്റ് അഡ്വൈസറി ബോർഡ് കോണ്ട്രിബ്യൂട്ടറി മെന്പറായി പ്രവർത്തിച്ചിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻ അമേരിക്കയുടെ റീജിയണൽ വിപിആയും പ്രവർത്തിച്ചു. അസോസിയേഷൻ ഓഫ് ഇന്ത്യൻസ് ഇൻ അമേരിക്കയുടെ പ്രസിഡന്റുമാണ്.
കൈരളി ടെലിവിഷന്റെ സ്ഥാപക മെന്പറും, എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് തുടങ്ങിയ പത്രങ്ങളുടെ പ്രസാധകനുമാണ്. വാഷിംഗ്ടണ് ഡിസിയിലെ ദർശൻ ടെലിവിഷന്റെ സ്ഥാപക പ്രൊഡ്യൂസറുമാണ്. യുഎസ് രാഷ്ട്രീയത്തിൽ സ്വാധീനമുള്ള ഇദ്ദേഹം, നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് റെയ്സ് ചെയ്തിട്ടുണ്ട്. ഡിസി മേയറുടെ ചൈന സന്ദർശനത്തിൽ ഡെലിഗേറ്റ് ആയിട്ടുണ്ട്. ഭാര്യ ഗ്രെയ്സി സ്റ്റീഫൻ, മകൾ സിന്ധു സ്റ്റീഫൻ, മരുമകൻ ജിമ്മി ജോർജ്, കൊച്ചുമക്കളായ ശ്രീയ,പവിത്, തേജസ് എന്നിവർക്കൊപ്പം വാഷിംഗ്ടണ് ഡിസിയിൽ താമസിക്കുന്നു.
ഐഎപിസിയുടെ സ്ഥാപക പ്രസിഡന്റും ഡയറക്ടർബോർഡ് അംഗവുമായ അജയ് ഘോഷ് നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനാണ്. മാധ്യമരംഗത്തെ സമഗ്രസംഭവനകൾക്കാണ് അജയ് ഘോഷിന് അവാർഡ് നൽകുന്നത്. ഇന്ത്യയിൽ ജനിച്ച് വളർന്ന ഇദ്ദേഹം ഓഫ് യൂണിവേഴ്സൽ ന്യൂസ് നെറ്റ് വർക്ക് , ദ ഏഷ്യൻ ഇറ എന്നിവയുടെ ചീഫ് എഡിറ്റർ ആയിരുന്നു. 1997ൽ ജേർണലിസം ഹയർ സ്റ്റഡീസിന് മാർക്യുട്ട് യൂണിവേഴ്സിറ്റിയിൽ എത്തിയ ഇദ്ദേഹം, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് നേടി. ന്യൂയോർക്കിൽ നിന്നും പുറത്തിറങ്ങുന്ന ഏഷ്യൻ ഇറ ലോഞ്ച് ചെയ്യുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ഇതിന്റെ ചീഫ് എഡിറ്ററായി 1999-മുതൽ 2015 വരെ പ്രവർത്തിച്ചു. ഇപ്പോൾ ഇതിന്റെ എഡിറ്റർ ഇൻ ചീഫായും പ്രവർത്തിക്കുന്നു. ഷിക്കോഗോയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വീക്ലി ന്യൂസ് പേപ്പറായ ഇന്ത്യ ട്രിബ്യൂണിന്റെ ന്യുയോർക്ക് ബ്യൂറോ ചീഫായും പ്രവർത്തിച്ചു വരുന്നു. മിനിയാണ് അജയ് ഘോഷിന്റെ ഭാര്യ. അർച്ചന, നവ്യ, അഹാന എന്നീ മൂന്ന് പെണ് കുട്ടികളാണ് ഇവർക്കുള്ളത്. കണക്ടികട്ടിലെ ട്രുബുളിലാണ് അജയും കുടുംബവും താമസിക്കുന്നത്.
നാമം എക്സലൻസ് അവാർഡിന് അർഹരായ ഐഎപിസി ഡയറക്ടർ ബോർഡ് അംഗങ്ങളെ ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ് മോൻ പി. സക്കറിയ അഭിനന്ദിച്ചു. പ്രവർത്തനത്തിലെ ആത്മാർഥതയാണ് ഇവരുടെ വിജയങ്ങൾക്കു പിന്നിലെന്നും ഈ അവാർഡ് കൂടുതൽ നേട്ടങ്ങൾക്കു പ്രചോദനമാകട്ടെയെന്നും ജിൻസ് മോൻ പി. സക്കറിയ തന്റെ അഭിനന്ദന സന്ദേശത്തിൽ ആശംസിച്ചു. ഐഎപിസി ഡയറക്ടർബോർഡ് വൈസ് ചെയർപേഴ്സണ് വിനീതാ നായർ, സെക്രട്ടറി ഡോ. മാത്യു ജോയിസ് തുടങ്ങിയവർ ഡോ. ബാബു സ്റ്റീഫന്റെയും അജയ്ഘോഷിന്റെയും നേട്ടത്തിൽ അഭിനന്ദനം രേഖപ്പെടുത്തി.
ലോകപ്രശസ്ത കമ്യൂണിറ്റി ആക്ടിവിസ്റ്റും, ലീഡറുമായ ഡോ. തോമസ് എബ്രഹാം, പ്രശസ്ത കർണാടിക് സംഗീതജ്ഞനായ ടിഎസ് നന്ദകുമാർ, രാമദാസ് പിള്ള ( ന്യുഫൊട്ടൻ ടെക്നോളജി, പ്രസിഡന്റ്), രേഖ നായർ, (ഓർഗൻ ഡൊണേഷൻ അഡ്വക്കേറ്റ്), ടിയാര തങ്കം എബ്രഹാം(ചൈൽഡ് ജീനിയസ്) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.
റിപ്പോർട്ട്: ജിൻസ്മോൻ സ്കറിയ