ഡൽഹി - ഫരീദാബാദ് രൂപതക്ക് സ്വന്തമായൊരു സെമിത്തേരി
Tuesday, February 20, 2018 12:22 AM IST
ന്യൂഡൽഹി: ഡൽഹി - ഫരീദാബാദ് രൂപത വിശ്വാസികൾക്കുവേണ്ടി രൂപത തലത്തിൽ ഒരു സെമിത്തേരി വെഞ്ചിരിച്ചു. രൂപത സ്ഥാപനമായ സാൻജോപുരം ചിൽഡ്രൻസ് വില്ലേജിനോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയിട്ടുള്ള സ്ഥലത്താണ് സെമിത്തേരി സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ നിർമിച്ചിരിക്കുന്ന കപ്പേള ഫരീദാബാദ് കത്തീഡ്രൽ ഇടവകയാണ് സംഭാവന ചെയ്തിരിക്കുന്നത്.

ഇതോടെ 2012 ൽ സ്ഥാപിതമായ ഫരീദാബാദ് രൂപതയിലെ വിശ്വാസികൾക്ക് സ്വന്തമായ ഒരു സെമിത്തേരി എന്ന സ്വപ്നം യാഥാർഥ്യമായി. ഒന്നര ലക്ഷത്തോളം വിശ്വാസികളുള്ള സീറോ മലബാർ രൂപതയിൽ പ്രവാസികളായ വിശ്വാസികളുടെ അജപാലന ശുശ്രൂഷയുടെ ഭാഗമായാണ് അവരുടെ മരണാന്തര ക്രിയകൾക്കു സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് രൂപത വക്താവ് അറിയിച്ചു.

രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി, സാഞ്ചോപുരം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ എന്നിവർ സഹകാർമികരായി. രൂപതയിലെ എല്ലാ വൈദികരും ചിൽഡ്രൻസ് വില്ലേജിലെ സിസ്റ്റേഴ്സും അന്തേവാസികളും ചടങ്ങിൽ പങ്കെടുത്തു.