ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ എന്തു തുടർനടപടികളാണ് എടുക്കുന്നതെന്നറിയാൻ കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് തിടുക്കമുണ്ടെന്നു സർക്കാർ തിരിച്ചറിയണം.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവും പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് ചെയർമാൻ ജസ്റ്റീസ് ജെ.ബി. കോശി മുഖ്യമന്ത്രിക്കു സമർപ്പിച്ചു. 4.87 ലക്ഷം പരാതികൾ പരിശോധിച്ച് തയാറാക്കിയ 500 ശിപാർശകളാണ് രണ്ട് വോള്യങ്ങളായി സമർപ്പിച്ചത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ കമ്മീഷനോ സർക്കാരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആത്മാർഥമായിട്ടാണോ കമ്മീഷനെ നിയമിച്ചതെന്ന കാര്യം റിപ്പോർട്ടിന്മേലുള്ള തുടർനടപടികളിലൂടെ സർക്കാർ തെളിയിക്കണം.
കമ്മീഷനു മുന്നിലെത്തിയ പരാതികളുടെ ബാഹുല്യം ജനങ്ങളുടെ ആകുലതകളുടെ സാക്ഷ്യമാണ്. പട്ടികജാതി വിഭാഗത്തിൽനിന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരും തീരദേശവാസികളുമാണ് ഏറ്റവും പിന്നാക്കം നിൽക്കുന്നതെന്നും അവരുടെ ഉന്നമനത്തിനായി പ്രത്യേക കമ്മീഷൻ രൂപീകരിക്കണമെന്നും ശിപാർശ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. കുട്ടനാട്ടിലെയും മലയോര മേഖലയിലെയും ക്രൈസ്തവരുടെ ജീവിതനിലവാരം ഉയർത്താനുള്ള ശിപാർശകളുമുണ്ട്. തീരദേശ മേഖലയിൽ കടലിനോടു ചേർന്നു താമസിക്കുന്നവരുടെ പുനരധിവാസം നടത്തുന്പോൾ അവരുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമായ സ്ഥലത്തേക്കുതന്നെ മാറ്റി പാർപ്പിക്കണമെന്നാണത്രേ കമ്മീഷന്റെ നിർദേശം. വിഴിഞ്ഞം തുറമുഖത്തിനെതിരേ നടത്തിയ സമരത്തിൽ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളിലൊന്ന് അതായിരുന്നുവെന്നതും ഓർമിക്കേണ്ടതാണ്. ക്രൈസ്തവരിൽ തീരദേശവാസികളാണ് ഏറ്റവും പിന്നാക്കാവസ്ഥയിലുള്ളതെന്നും അവരുടെ ഉന്നമനത്തിനു പ്രത്യേക പരിഗണന നൽകണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ടെന്നാണ് അറിയുന്നത്.
ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് കമ്മീഷൻ പരിഗണിച്ച മറ്റൊരു വിഷയം. നിലവിൽ ഉദ്യോഗങ്ങളിൽ പേരിനു മാത്രമുള്ള സംവരണമാണ് അവർക്കുള്ളത്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനു മുമ്പ് പട്ടികജാതിയെന്ന നിലയിൽ കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളെല്ലാം ലഭിക്കണമെന്നും പിന്നാക്കക്ഷേമ കമ്മീഷൻ പോലുള്ള സംവിധാനം തങ്ങൾക്കും വേണമെന്നുമാണ് ദളിത് ക്രൈസ്തവർ ആവശ്യപ്പെടുന്നത്. ദളിത് ക്രൈസ്തവരെയും മുസ്ലിംകളെയും പട്ടികജാതി പദവിയിൽനിന്നു മാറ്റിയതിനെതിരേ നൽകിയ ഹർജിയിൽ വിഷയത്തിന്റെ ഭരണഘടനാ വശങ്ങൾ സുപ്രീംകോടതി ജൂലൈയിൽ പരിഗണിക്കാനിരിക്കുകയാണ്. ഈ വിഷയത്തിൽ നിയോഗിച്ച ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ട് വരുന്നതുവരെ കോടതി കാത്തിരിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. കമ്മീഷൻ റിപ്പോർട്ട് അവസാനമില്ലാത്ത നടപടിയാണെന്നായിരുന്നു പരാതിക്കാരുടെ വാദം. മതപരിവർത്തനം നടത്തിയ ദളിതരെ പട്ടികജാതിയിൽനിന്നൊഴിവാക്കിയത് വിവേചനമാണെന്ന പഴയ രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിക്കുന്നുമില്ല. തങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള റിപ്പോർട്ട് ലഭ്യമാകും വരെ കമ്മീഷനുകളെ സർക്കാരുകൾ മാറ്റി മാറ്റി നിയമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.
രാജ്യത്തെ മിക്ക കമ്മീഷനുകളുടെയും സ്ഥിതി ഇതാണ്. പലതവണ കാലാവധി നീട്ടി വർഷങ്ങളെടുത്താണ് കമ്മീഷനുകൾ റിപ്പോർട്ട് സമർപ്പിക്കുന്നത്. കോടിക്കണക്കിനു രൂപയാണ് ഖജനാവിൽനിന്നു ചെലവഴിക്കുന്നതെങ്കിലും ഭരിക്കുന്നവരുടെ താത്പര്യങ്ങൾക്കു വിരുദ്ധമായവ ഉൾപ്പെടെ പലതും വെളിച്ചംപോലും കണ്ടിട്ടില്ല. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. 2016 മുതൽ ആറുവർഷക്കാലത്തിനിടെ ഏഴ് ജുഡീഷൽ കമ്മീഷനുകൾക്കായി സർക്കാർ ചെലവഴിച്ചത് ആറു കോടിയോളം രൂപയാണെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം പറഞ്ഞിരുന്നു. ഇതിൽ രണ്ടു കമ്മീഷനുകൾ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുമില്ല.
ക്രൈസ്തവരിലെ എല്ലാ വിഭാഗത്തിന്റെയും വിദ്യാഭ്യാസ, സാമൂഹിക, സാന്പത്തികസ്ഥിതി സംബന്ധിച്ചുള്ള പരാമർശങ്ങൾ റിപ്പോർട്ടിലുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് 80:20 എന്ന നിലയിൽ മുസ്ലിം വിഭാഗങ്ങൾ കൈയടക്കുന്നുവെന്ന പരാതിയും പ്രതിഷേധവും ക്രൈസ്തവ വിഭാഗം ഉയർത്തിയതിനിടെയായിരുന്നു രണ്ടു വർഷം മുമ്പ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ സർക്കാർ നിയോഗിച്ചത്. കഴിയുന്നത്ര വേഗത്തിൽ കമ്മീഷൻ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ അതേക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കു പ്രസക്തിയില്ല. സർക്കാർ ഇതിൽ എന്തു നടപടിയെടുക്കുന്നു എന്നതാണ് പ്രധാനം. കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള വിശദമായ കുറിപ്പ് (Action Taken Report) സഹിതം ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്ട്ട് സഭയില് വയ്ക്കാൻ വൈകരുത്.
ഇക്കാര്യത്തിൽ സർക്കാർ എന്തു തുടർനടപടികളാണ് എടുക്കുന്നതെന്നറിയാൻ കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് തിടുക്കമുണ്ടെന്നും സർക്കാർ തിരിച്ചറിയണം. തീരദേശങ്ങളിലും മലയോരങ്ങളിലും ഉൾപ്പെടെ പരാധീനതകൾക്കും വിവേചനങ്ങൾക്കും വിധേയരായി കഴിയുന്നവർക്ക് അവശേഷിക്കുന്ന പ്രതീക്ഷയാണത്; പരണത്തു വയ്ക്കരുത്. ഇനിയുള്ള നടപടികൾ സമ്മർദങ്ങൾക്കു വഴങ്ങാത്തതും സമയബന്ധിതവുമാകട്ടെ.