സിസ്റ്റത്തിനു പേയെങ്കിൽ വോട്ടുതന്നെ വാക്സിൻ
Monday, July 7, 2025 12:00 AM IST
വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാരിനോടോ ഇടപെടണമെന്ന് കോടതികളോടോ ഇപ്പോഴാരും ആവശ്യപ്പെടുന്നില്ല. കൊല്ലുന്ന നിയമങ്ങളും
ജനദ്രോഹ ഭരണകൂടങ്ങളും മൃഗസ്നേഹികളിലെ മനോരോഗികളും കേരളമൊരു കോൺസെൻട്രേഷൻ ക്യാന്പാക്കി. സിസ്റ്റത്തിനു പേ പിടിച്ചിരിക്കുന്നു.
മറ്റെല്ലാ വഴികളും അടഞ്ഞു; കേരളത്തിന്റെ ശാപമായി മാറിയ വന്യജീവി, തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുതരാത്ത ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥിയും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കരുത്.
വിചിത്രവും മനുഷ്യവിരുദ്ധവുമായ കേന്ദ്രനിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്ന കേന്ദ്രവും അതിനെ മറയാക്കി രക്ഷപ്പെടുന്ന സംസ്ഥാനവും അവർക്കു പകരം അധികാരത്തിലെത്താമെന്നു കരുതുന്ന പ്രതിപക്ഷവും ഉറപ്പുനൽകണം, ജീവഭയമില്ലാതെ ജീവിക്കാൻ ജനങ്ങളെ സമ്മതിക്കുമെന്ന്.
ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന്റെ ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിനു കോഴികളെയും താറാവുകളെയും പന്നികളെയും കൊന്നൊടുക്കുന്ന ഭരണ-നിയമ സംവിധാനങ്ങൾ, ദരിദ്രരെയും ആദിവാസികളെയും നിർധന കർഷകരെയും കൊന്നൊടുക്കുന്ന വന്യ-ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനു പേ പിടിച്ചിരിക്കുകയാണ്; വോട്ടല്ലാതൊരു വാക്സിനുമില്ല.
ജനുവരി മുതൽ മേയ് വരെ അഞ്ചു മാസത്തിനിടെ 1,65,136 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റെന്നും 17 പേർ പേവിഷബാധയേറ്റു മരിച്ചെന്നുമാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലായ്ക്കു സർക്കാരിൽനിന്നു കിട്ടിയ കണക്ക്. ഒരു ദിവസം 1,100 പേർക്കാണു പട്ടികടിയേൽക്കുന്നത്. ആലോചിച്ചുനോക്കൂ, എന്തൊരു ഗതികേടിലാണ് കേരളം പെട്ടിരിക്കുന്നതെന്ന്! കടിയേറ്റവരിൽ ഏറെപ്പേരുടെയും പരിക്കുകളിലേക്കു നോക്കാൻപോലും ഭയമാകും; അത്ര ഗുരുതരമാണവ.
ജനുവരി മുതൽ മേയ് 15 വരെ നാലര മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരെയും കൊന്നത് കാട്ടാനയാണ്. ഇതുകൂടാതെ, കഴിഞ്ഞ ഒന്നര മാസത്തിനിടെയും നിരവധിപേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചതു വേറെ.
അപകടത്തിൽ പെടുന്ന ഇരുചക്രവാഹന യാത്രികരുടെ എണ്ണമേറി. വനാതിർത്തികളിലെ കൃഷിയിടങ്ങളിലിറങ്ങാൻ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകുന്നില്ല. വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിനു രൂപ വനംവകുപ്പു പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളേക്കാൾ ഭയമാണ് വനംവകുപ്പിനെ.
കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയിരിക്കുകയാണ്; രണം വിരിയിക്കാൻ. വായാടിത്തമല്ലാതെ പരിഹാരമൊന്നും സംസ്ഥാന സർക്കാരിനുമില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാരിനോടോ, ഇടപെടണമെന്നു കോടതികളോടോ ഇപ്പോഴാരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല. മന്ത്രിസ്ഥാനമൊക്കെ പുനരധിവാസ സംവിധാനമായി അധഃപതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായി.
എബിസി (അനിമല് ബര്ത്ത് കണ്ട്രോള് ) പദ്ധതികൊണ്ടൊന്നും, അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യന് വെറ്ററിനറി അസോസിയേഷന് കേരള ഘടകം വ്യക്തമാക്കുന്നത്. എബിസി എന്ന തട്ടിപ്പു തുടങ്ങിയതു മുതലുള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിനു സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്കയച്ചു.
കണ്ടുനിൽക്കാനാവാത്തത്ര ഭയാനക മരണം! ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസലിയിക്കില്ല. ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുന്പോൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെയോ തൊണ്ടയിലല്ല.
എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേവിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം, അവരൊരുക്കിയ കോൺസെൻട്രേഷൻ ക്യാന്പുകളിലെ അന്ത്യപിടച്ചിലുകൾ..! മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചിലിട്ടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസഹായാവസ്ഥ കാണട്ടെ; ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയുമായില്ലേ.
കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യരുടെ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനുമുന്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യബാക്കികൾ ജനപ്രതിനിധികളുടെയും വനംവകുപ്പു ജീവനക്കാരുടെയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെയും വീടുകളിലേക്കു കൊടുത്തുവിടണം.
എന്തിനാണ് ഈ സർക്കാർനിർമിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്? ലോകമെങ്ങുമുള്ള യുദ്ധത്തിന്റെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ, ഒരു സർക്കാർ അതിന്റെ പൗരന്മാർക്കുമേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടിവയ്ക്കണം? ഇവ പാർലമെന്റിലും നിയമസഭകളിലും പ്രദർശിപ്പിക്കണം. മനുഷ്യകബന്ധങ്ങൾക്കു മുന്നിൽ നിന്ന് മൃഗങ്ങൾക്കുവേണ്ടി വാദിക്കുന്നവരെ മയക്കുവെടി വച്ചു തളയ്ക്കണം.
കാവൽക്കാരില്ലാതെ രാജവാഹനങ്ങളിൽനിന്നു പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായക്കളെയും പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും, സ്വയരക്ഷയ്ക്കുള്ള തോക്കുമായി നടക്കുന്ന വനംവകുപ്പ് മേലാളന്മാർക്കും, പരിചാരകർ കുളിപ്പിച്ചു പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കും മാത്രമല്ല, സാധാരണക്കാരായ മനുഷ്യർക്കും ഇവിടെ ജീവിക്കണം.
തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. വന്ധ്യംകരണം, നായപരിപാലന കേന്ദ്രങ്ങൾ, പഞ്ചായത്തുതല നിയന്ത്രണ സംവിധാനങ്ങൾ... പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ, വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം.
പരിഷ്കൃത രാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകിയ വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നുതന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം-വന്യജീവി-തെരുവുനായ സംരക്ഷണ പ്രാകൃതനിയമങ്ങൾ പൊളിച്ചെഴുതണം.
പാർട്ടി നോക്കി വോട്ട് ചെയ്യുന്നവർ മാത്രമല്ല, ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടിയടിമകളല്ലാത്ത വോട്ടർമാരുമുണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം നുണയുന്നവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ; അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.