പ്രളയദുരിതബാധിതർക്കു സഹായം
Friday, November 29, 2019 1:28 AM IST
2018 ഓഗസ്റ്റിൽ കേരളം അനുഭവിച്ച പ്രളയദുരിതം സംബന്ധിച്ചുള്ള നഷ്ടപരിഹാര നടപടികൾ സംബന്ധിച്ചു കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള ബഞ്ചിന്റെ ഡബ്ല്യുപി(സി) 37931/2018 തുടങ്ങിയ ഹർജികളിൽ ഉണ്ടായ ഇടക്കാല ഉത്തരവ് പ്രളയദുരിതത്തിൽപെട്ടവർക്കു വളരെ ആശ്വാസം നൽകുന്നതാണ്.
ഇതനുസരിച്ച് ഗവൺമെന്റിന്റെ ഏതെങ്കിലും തലത്തിൽ അപേക്ഷ നൽകിയവർക്കു നഷ്ടപരിഹാരം ലഭിക്കാതിരിക്കുകയോ, ലഭിച്ചതിനു പോരായ്മ ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ പെർമനന്റ് ലോക് അദാലത്ത് കോടതിയിൽ അപ്പീൽ അപേക്ഷ നൽകാം. അപ്പീൽ അപേക്ഷ നൽകുവാൻ വേണ്ട സഹായം ഹൈക്കോടതിയുടേയും കേരള ഗവൺമെന്റിന്റേയും നേതൃത്വത്തിലുള്ള കെഇഎൽഎസ്എ (കേരള ലീഗൽ സർവീസ് അഥോറിറ്റി) ചെയ്യണമെന്നും, നഗരസഭകളും ഗ്രാമപഞ്ചായത്തുകളും താലൂക്ക്, വില്ലേജ് ഓഫീസുകളും ആവശ്യമായ സഹായം ചെയ്തു കൊടുക്കണമെന്നും ഉത്തരവിലുണ്ട്. ലഭിക്കുന്ന അപ്പീൽ അപേക്ഷകൾ പെർമനന്റ് ലോക് അദാലത്ത് കോടതി, കഴിയുന്നത്ര വേഗം പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇതുപ്രകാരം പരിഹാരത്തിന് അപ്പീൽ നൽകുവാൻ അതാതു താലൂക്ക് സിവിൽ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന കെഇഎൽഎസ്എ ഓഫീസിനെ കൈയിലുള്ള രേഖകൾ, റേഷൻ കാർഡ്, ആധാർ, ബാങ്ക് അക്കൗണ്ട് രേഖ, നികുതി രസീത് സഹിതം സമീപിച്ചാൽ മതി. നടപടിക്രമങ്ങളും അപേക്ഷയും സൗജന്യവുമാണ്. കെഇഎൽഎസ്എയുടെ ഹെൽപ്പ് ലൈൻ നന്പർ: 98467000100(24 മണിക്കൂർ).
അഡ്വ. ജോൺ പാറയിൽ കുടിയിരുപ്പിൽ, കാടുകുറ്റി