ആരാധനയ്ക്കു സൗകര്യമില്ല, മദ്യത്തിന് ആപ്പുണ്ട്
Wednesday, June 3, 2020 1:12 AM IST
മൂന്നു ദിവസത്തിനുള്ളിൽ നാലു കൊലപാതകങ്ങൾ വാർത്തയിൽ സ്ഥാനം നേടിക്കഴിഞ്ഞു, മദ്യത്തിന്റെ പേരിൽ. മദ്യശാലകൾ തുറന്നുകൊടുത്ത സർക്കാർ സംവിധാനം ആർക്കുവേണ്ടിയാണു ഭരിക്കുന്നതെന്ന സംശയം ബലപ്പെടുന്നു. മദ്യം കേരളത്തിൽ എവിടെയും ലഭിക്കുന്ന അവസ്ഥയാണുള്ളത്. കൊറോണാ പ്രതിരോധ കാലത്തും ആരോഗ്യവും ആയുസും നശിപ്പിക്കുന്ന മദ്യം നൽകുന്നതിൽ സർക്കാർ വലിയ താൽപര്യമെടുക്കുന്നു. ജനങ്ങളുടെ ആവശ്യമല്ലേ, സർക്കാരിന്റെ വരുമാന മാർഗമല്ലേ എന്നൊക്കെയുള്ള ന്യായം പറയാൻ ചിലർക്ക് ഒരു മടിയുമില്ല. മദ്യവ്യവസായികളുടെ പിന്തുണയോടെ, രാഷ്ട്രീയ സാമൂഹിക ജീവിതം വളർത്തിയ വ്യക്തികളും പ്രസ്ഥാനങ്ങളും കടപ്പാടുകൾ സൂക്ഷിക്കും.
മാധ്യമങ്ങൾക്കും ഇത്തരം നയങ്ങളെ എതിർക്കാനും വിശകലനം ചെയ്യാനും മടിയുണ്ടാകും. മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾ സമരമുഖത്താണ്. ദൈവത്തിൽ വിശ്വസിക്കുകയും മനുഷ്യരെ സ്നേഹിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യരും മദ്യത്തിന്റെ വ്യാപകമായ വിതരണത്തിലും അതിനെ തുടർന്നു കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുന്ന ദുരന്തങ്ങളിലും ഏറെ വേദനിക്കുന്നു. ഇപ്പോൾ ആപ്പിലൂടെ മദ്യം വാങ്ങിക്കുന്നവരുടെ വിവരങ്ങൾ സർക്കാരിനുണ്ടല്ലോ. ഇവർക്ക് ഇനിയും സർക്കാർ സൗജന്യങ്ങൾ നൽകണോ? ഇവരെ ഒഴിവാക്കി വരുമാന ലിസ്റ്റ് പരിഷ്കരിക്കുമോ? സമയം നിയന്ത്രിച്ച് ആരാധനയ്ക്ക് പോയാൽ കൊറോണ വരുമെന്നു പറയുന്നവർ, മദ്യം വാങ്ങാൻ നീണ്ടനിരയായി നിൽക്കുന്പോൾ കുഴപ്പമില്ലെന്നു പറയുന്നു.
മദ്യവിപത്തിന്റെ വേദനകൾ വ്യക്തമാക്കുന്ന മുഖപ്രസംഗം ദീപിക പ്രസിദ്ധികരിച്ചിരിക്കുന്നു. നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിന്റെ ദൂഷ്യങ്ങൾ വ്യക്തമാക്കി വാർത്ത കൊടുത്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.
സാബു ജോസ്, എറണാകുളം, പ്രസിഡന്റ്, കെസിബിസി പ്രൊ ലൈഫ് സമിതി