അധ്യാപകരോദനം കണ്ടില്ലെന്നു നടിക്കരുത്
Friday, September 18, 2020 11:37 PM IST
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശ്രീകല എന്ന അധ്യാപികയുടെ നിര്യാണം ഏറെ ചർച്ചയായല്ലോ. നിയമനാംഗീകാരമോ ശന്പളമോ ലഭിക്കാതെ കഴിഞ്ഞ നാലഞ്ചുവർഷമായി ജീവിതം തള്ളിനീക്കിയിരുന്ന ടീച്ചറുടെ അവസ്ഥ അതിദയനീയമായിരുന്നുവെന്ന വാർത്തകൾ ടീച്ചറുടെ മരണശേഷമാണ് പുറത്തുവന്നത് എന്നുമാത്രം.
സർക്കാർ നിർദേശങ്ങൾക്കനുസരിച്ചുള്ള വിദ്യാഭ്യാസയോഗ്യതകളും നടപടിക്രമങ്ങളും പാലിച്ചു നിയമിക്കപ്പെടുന്ന അധ്യാപകർ സംരക്ഷിതാധ്യാപകരാകുന്നതും ഓൾഡ് സ്കൂൾ, ന്യൂ സ്കൂൾ, ഇക്കണോമിക് സ്കൂൾ, അൺഇക്കണോമിക് തുടങ്ങിയ പേരുകളിലുള്ള വേർതിരിവുകളും അനീതിയാണ്. 1979നു ശേഷമുള്ള സ്കൂളുകൾ ന്യൂ സ്കൂളുകളാണത്രേ. അവിടുത്തെ ഒരധ്യാപകൻ അർഹതപ്പെട്ട പ്രമോഷൻ കരസ്ഥമാക്കി മറ്റൊരു വിദ്യാലയത്തിലേക്ക് സ്ഥലം മാറ്റപ്പെട്ടാൽ ആ തസ്തികയിൽ പുതിയ അധ്യാപകനെ നിയമിച്ചാൽ അംഗീകാരം ലഭിക്കില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാഭ്യാസം സജീവമാക്കാൻ ശ്രമിക്കുന്ന സർക്കാർ ഈ കാലഹരണപ്പെട്ട നിയമങ്ങൾ എന്തുകൊണ്ട് ഒഴിവാക്കുന്നില്ല?
അതുപോലെ ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ചാൽ നിയമനാംഗീകാരം വൈകുന്നു. മിക്കപ്പോഴും സർക്കാർ നയങ്ങളേക്കാൾ ഉദ്യോഗസ്ഥ തലത്തിലുള്ള ദുർവ്യാഖ്യാനങ്ങളും തന്നിഷ്ടങ്ങളും കോടതിവ്യവഹാരങ്ങളുമൊക്കെ താത്പര്യപ്പെടുന്ന ചിലരുമൊക്കെ എയ്ഡഡ് മേഖലയുടെ ശാപമാണ്.
ഏതു പേരിലുള്ള എത്ര വലുതും ചെറുതുമായ വിദ്യാലയമാണെങ്കിലും അവിടെയുള്ള കുട്ടികൾ സർക്കാരിന്റെ/പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്. ആ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ശന്പളം നൽകാത്തത് വരുംതലമുറയുടെയും സമൂഹത്തിന്റെയും രൂപീകരണത്തെയാണ് ബാധിക്കുക. ആയതിനാൽ അധ്യാപകരുടെ ശന്പളം നൽകാൻ സർക്കാർ തയാറാകണം.
കുര്യാക്കോസ് പന്തത്തല