കരയും കടലും കടന്ന് തേന്‍ പെരുമ
കരയും കടലും കടന്ന് തേന്‍ പെരുമ
Wednesday, December 28, 2022 3:26 PM IST
ഡോ.സാജന്‍ ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കടന്ന് വിദേശത്തു വരെ എത്തി. ലോക പ്രശസ്ത തേനീച്ച ഗവേഷകനായ ടിം ഹാര്‍ഡിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള പതിനേഴംഗ ബീ കീപ്പേഴ്‌സ് സംഘം ചെറുതേന്‍ കൃഷിയില്‍ ഇവിടെ പരിശീലനത്തിനെത്തിയതു റീഗല്‍ ബീ ഗാര്‍ഡന്‍സിന്റെ വളര്‍ച്ചയുടെ പാതയിലെ സുപ്രധാന നാഴികക്കല്ലായി.

1984-ല്‍ ഒരു തേനീച്ച കോളനിയുമായി തുടക്കമിട്ട സ്ഥാപനത്തില്‍ ഇന്ന് ഒരു വര്‍ഷം ആറു മുതല്‍ എട്ടു ടണ്‍ വരെ വന്‍ തേനും 100-120 കിലോ ചെറുതേനും ശാസ്ത്രീയമായി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. മുന്നൂറിലേറെ ചെറു തേനീച്ച കോളനികളും അറുനൂറിലേറെ വന്‍ തേനീച്ച കോളനികളുമുണ്ട്. എട്ടു സൈറ്റില്‍ ചെറു തേനീച്ച കോളനികളും 18 സൈറ്റില്‍ വന്‍ തേനീച്ച കോളനികളും സ്ഥാപിച്ചിട്ടുണ്ട്. മൂന്നു നിലയുള്ള റീഗല്‍ ബീ ഗാര്‍ഡന്റെ സംഭരണ-പരിശീലന കേന്ദ്രം തേന്‍ കര്‍ഷകര്‍ക്ക് അറിവിന്റെ കലവറയാണ്.

നയന മനോഹരമായ മലങ്കര ജലാശയ തീരത്ത് മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജിനു സമീപമാണ് റീഗല്‍ ബീ ഗാര്‍ഡന്‍. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണു തേന്‍ ശേഖരിക്കുന്നത്. അങ്ങനെ ശേഖരിക്കുന്ന തേന്‍ പിന്നീട് സ്റ്റെയിന്‍ലസ് സ്റ്റീല്‍ സംഭരണികളിലേക്കു മാറ്റും. അതിനായി അഞ്ഞൂറു ലിറ്ററിന്റെ 20 സംഭരണികള്‍ ഇവിടെയുണ്ട്. തേനിന്റെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ രാസ വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്.

റീഗല്‍ ബീ ഗാര്‍ഡനില്‍ നിന്നു തേന്‍ വാങ്ങാന്‍ സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധിപ്പേര്‍ സ്ഥിരമായി എത്താറുണ്ട്. കുഞ്ചാക്കോ ബോബന്‍, ഹണി റോസ്, അന്നബെന്‍, മീര വസുദേവ്, ഇന്നസന്റ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാംഗ്ലൂര്‍, പൂന ബീ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളില്‍നിന്നു വിദഗ്ധ പരിശീലനം നേടിയ പ്രഫ. സാജന്‍ ജോസ് കെ. തെക്കേടം എംജി യുണിവഴ്‌സിറ്റിയില്‍ നിന്നു ചെറു തേനീച്ച കൃഷിയില്‍ ഡോക്ടറേറ്റു നേടിയിട്ടുണ്ട്. ഇതിനു പുറമെ യുജിസി സഹായത്തോടെ ചെറു തേനീച്ച കൃഷിയെകുറിച്ചുള്ള ഗവേഷണ പ്രോജക്ടും ചെയ്തിട്ടുണ്ട്.

ഒമ്പതു സര്‍വകലാശാലകളുടെ സഹകരണത്തോടെ മള്‍ട്ടി ഇന്‍സ്റ്റിറ്റിയൂഷണല്‍ നെറ്റ്‌വര്‍ക്ക് പ്രോജക്ടും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ മറ്റൊരു ഗവേഷണ പ്രോജക്ടും ഇദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജില്‍ സുവോളജി അധ്യാപകനായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷമാണ് തേന്‍ കൃഷിയിലും പരിശീലനത്തിലും പുതിയ ഉയരങ്ങള്‍ താണ്ടിയത്.




ഖാദി ബോര്‍ഡിന്റെ മാസ്റ്റര്‍ ട്രെയിനറും ഹോര്‍ട്ടി കോര്‍പ് റീജണല്‍ അഗ്രികള്‍ച്ചറല്‍ ട്രെയിനിംഗ് സെന്റര്‍, റബര്‍ ബോര്‍ഡ് എന്നിവയുടെ പരിശീലകനുമാണ്. കേരള, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലകളില്‍ ക്ലാസുകളും എടുക്കുന്നുണ്ട്. കുട്ടമ്പുഴയില്‍ വെള്ളാരംകുത്ത്, പിണവൂര്‍കുടി എന്നിവിടങ്ങളിലെ ആദിവാസികള്‍ക്കായി യുഎന്‍ഡിപി സഹായത്തോടെ തേനീച്ച വളര്‍ത്തല്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

മാന്നാനം കെഇ കോളജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് തേനീച്ച വളര്‍ത്തലില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ പരിശീലനം നല്‍കുന്നുമുണ്ട്. റീഗല്‍ ബീ ഗാര്‍ഡനു പുറത്ത് 1600 വേദികളില്‍ ഇതുവരെ പരിശീലനം നല്‍കിയിട്ടുണ്ട്. നിരവധി സര്‍ക്കാര്‍, സ്വകാര്യ ഗ്രൂപ്പുകള്‍ക്കും പരിശീലനം നല്‍കി വരുന്നു. മികച്ച തേന്‍ കര്‍ഷകന്‍ ബഹുമതി പല പ്രാവശ്യം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ഭാര്യയും റിട്ട. അധ്യാപികയുമായ മോളിക്കുട്ടി ജോര്‍ജിന്റെ പൂര്‍ണ പിന്തുണ പ്രഫ. സാജന്‍ ജോസിനുണ്ട്. ഓണ്‍ ലൈന്‍ മാര്‍ക്കറ്റിംഗില്‍ ഓസ്‌ട്രേലിയയില്‍ എന്‍ജിനിയറായ മൂത്ത മകന്‍ ജെറിന്‍ ജോസ് സാജനും കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ ഐടി എന്‍ജിനിയറായ ജോജു ജോര്‍ജ് സാജനും യുകെയില്‍ എംഎസ് വിദ്യാര്‍ഥിയായ ജിനോ സിറിയക് സാജനും സഹായിക്കുന്നു.

തേനിലെ ജലാംശം 20 ശതമാനത്തില്‍ കുറവായിരിക്കണമെന്ന ഫുഡ് സേഫ്റ്റി സര്‍വീസ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പുനഃപരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ തേന്‍ കര്‍ഷകരെ അതു പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ഈ ഗവേഷക പ്രതിഭയുടെ വിലയിരുത്തല്‍. ഫോണ്‍:9446131290.

ജോയി കിഴക്കേല്‍