സുഗന്ധം ചൊരിയും പൂമൊട്ട്
ചക്രവര്‍ത്തിയെ മുഖം കാണിക്കുന്നവര്‍ ഗ്രാമ്പൂ ചവച്ച് ഉച്ഛ്വാസവായു സുഗന്ധ പൂരിതമാക്കിയതിനുശേഷമേ കാണാവൂ. മൂന്നാം നൂറ്റാണ്ടില്‍ തന്നെ ചൈനയിലെ ഹാന്‍ രാജവംശത്തിന്റെ കാലത്ത് നിലവിലിരുന്ന അലിഖിത നിയമമാണിത്. ഇതു പാലിക്കാത്തവരെ അക്കാലത്ത് മരണശിഷയ്ക്കാണ് വിധേയരാക്കിയിരുന്നത്. സാധാരണക്കാര്‍ക്കും പ്രധാനികള്‍ക്കും പ്രമാണിമാര്‍ക്കുമെല്ലാം ഈ നിയമം ബാധകമായിരുന്നു.

ഇന്ന് ഒരുവേള അവിശ്വസനീയമായി തോന്നാമെങ്കിലും ഗ്രാമ്പുമൊട്ടുകളുടെ അനിര്‍വചനീയമായ വേറിട്ട സുഗന്ധം അക്കാലത്ത് ലോകമെമ്പാടും ആരാധകവൃന്ദങ്ങളെ സൃഷ്ടിച്ചു എന്നു മാത്രമല്ല നിരവധി കടല്‍യുദ്ധങ്ങള്‍ക്കും ഇടയാക്കി എന്നതുചരിത്രം. മൊളുക്കാസ് ദ്വീപുകളില്‍ ജന്മം കൊണ്ട സവിശേഷസിദ്ധികളുള്ള ഈ സുഗന്ധവിള ഏതാണ്ട് രണ്ടായിരം വര്‍ഷം മുമ്പ് അവിടെ നിന്ന് ചൈനയിലേക്കെത്തുകയായിരുന്നു. ഇന്തോനേഷ്യയിലെ മൊളുക്കാസ് ദ്വീപുകളിലായിരുന്നു ഹരിതസമൃദ്ധമായ ഗ്രാമ്പൂവനങ്ങള്‍. ഏതു വീട്ടിലും പുതുതായി ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഒപ്പം ഒരു ഗ്രാമ്പൂത്തൈ നടണം എന്ന വ്യവസ്ഥ മൊളുക്കാസ് ദ്വീപുകളില്‍ കര്‍ശനമായി പാലിച്ചിരുന്നു. അറബ് വ്യാപാരികള്‍ മുഖേന നാലാം നൂറ്റാണ്ടില്‍ വാണിജ്യവിഭവമായി എത്തുന്നതുവരെ യുറോപ്യന്മാര്‍ക്ക് കരയാമ്പുവിനെക്കുറിച്ച് അറിയുമായിരുന്നില്ല. ഗ്രാമ്പു വ്യാപാരം അറബികള്‍ കുത്തകയായി വച്ചിരിക്കുകയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ അറബ് വ്യാപാരികളുടെ ഗ്രാമ്പുവ്യാപാരക്കുത്തക തകര്‍ക്കുന്നതുവരെ ഇതുതുടര്‍ന്നു. പിന്നീടുള്ള ഒരു നൂറ്റാണ്ട് പോര്‍ച്ചുഗീസുകാര്‍ക്കായിരുന്നു ഗ്രാമ്പുവിന്റെ വ്യാപാരക്കുത്തക. ഡച്ചുകാരുടെ കടന്നുകയറ്റം വരെ ഇതു തുടര്‍ന്നു. പതിനാറും പതിനേഴും നൂറ്റാണ്ടുകളാകുമ്പോഴേക്കും ഗ്രാമ്പുവിന്റെ വ്യാപാരവും ലഭ്യതയും സാമാന്യ ജനങ്ങള്‍ക്കിടയിലേക്കും വ്യാപിച്ചു. ദഹനക്കേട്, ഛര്‍ദ്ദി തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് പരിഹാരമായും ചുമ, പല്ലുവേദന തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധമായും ഗ്രാമ്പൂവിന്റെ ഉപയോഗം വളരെ പ്രചരിച്ചിരുന്നു. രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ മുതല്‍ തങ്ങളുടെ അധീനതയ്ക്കു പുറത്തു വളരുന്ന ഗ്രാമ്പുമരങ്ങള്‍ നിഷ്‌കരുണം തീയിട്ടു നശിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ അക്കാലത്ത് സര്‍വസാധാരണവുമായിരുന്നു.

മുന്‍നിര ഉത്പാദകര്‍

ഇന്തോനേഷ്യ, മഡഗാസ്‌കര്‍, ബ്രസീല്‍, കോമറോസ്, ടാന്‍സാനിയ/സാന്‍സിബര്‍, ശ്രീലങ്ക, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളാണ് ഗ്രാമ്പുകൃഷിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇന്തോനേഷ്യയാണ് ലോകത്ത് ഏറ്റവുമധികം ഗ്രാമ്പു ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും. സ്വന്തം ഗ്രാമ്പു ഉത്പാദനത്തിന്റെ 90 ശതമാനവും അവര്‍ തന്നെ ഉപയോഗിച്ചുവരുന്നു.ഇന്ത്യയില്‍ ഗ്രാമ്പു ഉത്പാദനത്തിന്റെ കേന്ദ്രങ്ങള്‍ കേരളവും തമിഴ്‌നാടും കര്‍ണാടകവുമാണ്. 1800 എ.ഡിയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് തമിഴ്‌നാട്ടിലെ കുറ്റാലത്ത് ഗ്രാമ്പുകൃഷിക്ക് തുടക്കമിടുന്നത്. നീലഗിരി, തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം ജില്ലകളില്‍ ഗ്രാമ്പു വിപുലമായി കൃഷി ചെയ്യുന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലും കര്‍ണാടകത്തില്‍ ദക്ഷിണ കന്നഡയിലുമാണ് ഗ്രാമ്പു കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്.

ഗ്രാമ്പു-കൃഷിയറിവുകള്‍

സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ ഗ്രാമ്പു നന്നായി വളരും. നല്ല ആഴവും വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള എക്കല്‍മണ്ണാണ് പഥ്യം. വിത്തുപാകി മുളപ്പിച്ച് തൈകള്‍ തയാറാക്കിയാണ് കൃഷി. വിളഞ്ഞു പാകമായ കായ്കളില്‍ നിന്നുള്ള വിത്തുകളേ തൈകള്‍ ഉണ്ടാകാന്‍ ഉപയോഗിക്കൂ. സ്ഥിരമായി കായ്ക്കുന്ന, മികച്ച വിളവു തരുന്ന മാതൃമരങ്ങളില്‍ നിന്ന് കായ്കള്‍ ശേഖരിച്ച് വെള്ളത്തിലിട്ട് പുറന്തൊലി നീക്കണം. ഇവ തണലില്‍ തടങ്ങളില്‍ പാകി മുളപ്പിക്കുന്നു. 12-18 മാസം പ്രായമായ തൈകളാണ് ഇളക്കി നടാന്‍ നന്ന്. 45 സെന്റീമീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ മേല്‍മണ്ണും കമ്പോസ്റ്റും നിറച്ച് തൈ നടാം. മേയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസമാണ് നടാന്‍ നന്ന്. നന നിര്‍ബന്ധം. തണല്‍ നല്‍കണം.

ജൈവവളം മരമൊന്നിന് ഒരു വര്‍ഷം 15 കിലോഗ്രാം എന്നതാണ് തോത്. കൂടാതെ ആദ്യവര്‍ഷം 25 ഗ്രാം യൂറിയ, 55 ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റ്, 40 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. രണ്ടാം ഗഡുവായി സെപ്റ്റബര്‍-ഒക്‌ടോബര്‍ മാസം 20 ഗ്രാം യൂറിയ, 55 ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റ്, 40 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നല്‍കണം. രണ്ടാം വര്‍ഷം രാസവളങ്ങള്‍ ഇരട്ടിക്കണം. ഇത് ക്രമമായി വര്‍ധിപ്പിച്ച് 15 വര്‍ഷം പ്രായമാകുമ്പോള്‍ 330 ഗ്രാം യൂറിയ 750 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 600 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന ക്രമത്തിലാക്കണം.


സാവധാന വളര്‍ച്ചാസ്വഭാവമാണ് ഗ്രാമ്പുവിന്. ഇടയിളക്കലും കളയെടുപ്പും ആവശ്യാനുസരണം നടത്തണം. രോഗം ബാധിച്ച് ഉണങ്ങുന്ന കമ്പുകള്‍ മുറിച്ചു നീക്കി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം.

വിളവ്, വിളവെടുപ്പ്

ഗ്രാമ്പുമൊട്ടുകള്‍ക്ക് പിങ്ക് നിറഭേദം വരുന്നതാണ് (ഇളംചുവപ്പ്) വിളവെടുക്കാറായി എന്നതിന്റെ സൂചകം. ഓരോ പൂഞെട്ടും പ്രത്യേകം പറിച്ചെടുക്കണം. പൂമൊട്ടിന്റെ മൂപ്പനുസരിച്ചാണ് വിപണിവില എന്നോര്‍ക്കുക. വിടര്‍ന്ന പൂവിന് വില കുറയും. പറിച്ചെടുത്ത പൂമൊട്ടുകള്‍ ഇലയും തണ്ടും നീക്കി വൃത്തിയാക്കണം. തുടര്‍ന്ന് പായിലോ ചാക്കിലോ നിരത്തി ഒരാഴ്ചയോളം വെയില്‍ കൊള്ളിക്കാം. നന്നായി പാകമായ ഗ്രാമ്പു മൊട്ടിന് തിളക്കമുള്ള തവിട്ടു നിറവും ചെറിയ പരുപരുപ്പും കാണും. ഒരു മരത്തില്‍ നിന്ന് ഏകദേശം രണ്ടര മുതല്‍ പത്തുകിലോവരെ ഉണങ്ങിയ ഗ്രാമ്പു കിട്ടും.

ഉത്പന്നങ്ങള്‍

ഗ്രാമ്പുവിന്റെ മൊട്ട്, പൂങ്കുലഞെട്ട്, ഇലകള്‍ എന്നിവ വാറ്റിയെടുക്കുന്ന ഗ്രാമ്പുതൈലവും ഒലിയോറെസിനുമാണ് പ്രധാന ഉത്പന്നങ്ങള്‍, നന്നായി വളര്‍ത്തിയെടുത്ത ഗ്രാമ്പുമൊട്ടില്‍ 21 ശതമാനം വരെ തൈലം ഉണ്ടാകും. ഇതിലെ പ്രധാനഘടകമാണ് യൂജിനോള്‍. തൈലത്തില്‍ 85-90 ശതമാനം വരെ യൂജിനോള്‍ അടങ്ങിയിരിക്കുന്നു.

ഉണങ്ങിയ പൂമൊട്ടുകള്‍ പൊടിച്ച് ലായകം ചേര്‍ത്ത് ബാഷ്പീകരിച്ചാണ് ഒലിയോറെസിന്‍ എടുക്കുന്നത്. 18-22 ശതമാനം ഒലിയോറെസിന്‍ ലഭിക്കും.

സസ്യസംരക്ഷണം തണ്ടുതുരപ്പന്‍ പുഴു

ഗ്രാമ്പുവിന്റെ പ്രധാന ശത്രു. പുഴു തണ്ടും തടിയും തുരന്ന് സുഷിരങ്ങളുണ്ടാക്കും. ക്രമേണ ചെടിയുണങ്ങും. സെവിന്‍ 50 ശതമാനം എന്ന കീടനാശിനി നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. സുഷിരങ്ങളില്‍ കീടനാശിനി കുഴമ്പുരൂപത്തിലാക്കി പുരട്ടുക.

കൊമ്പുണക്കം

പ്രധാന കുമിള്‍ രോഗം. ഇളം തണ്ടും ഇലകളും ഉണങ്ങും. ഉണങ്ങിയ തണ്ടുകള്‍ നീക്കി ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുക.

ഗ്രാമ്പു-മേന്മകള്‍

* പല്ലുവേദനയകറ്റാന്‍ ഉപയോഗിക്കുന്നു.
* ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കും ശ്വാസവിമ്മിഷ്ടത്തിനും പരിഹാരം.
* സന്ധിവാതം പോലുള്ള രോഗാവസ്ഥകള്‍ക്ക് ഗ്രാമ്പു തൈലം പ്രതിവിധിയാണ്.
* മുറിവുകളുടെയും ചതവുകളുടെയും ചികിത്സയില്‍ ഉത്തമം.
* ദഹനസഹായി
* അര്‍ബുദ പ്രതിരോധശേഷി; പ്രത്യേകിച്ച് ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാഥമികാവസ്ഥയില്‍
* കരളിന് സംരക്ഷണം നല്‍കുന്നു.
* പ്രമേഹ നിയന്ത്രകം
* രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

അമ്പനാട് ഗ്രാമ്പൂ വിശേഷങ്ങള്‍

കൊല്ലം ജില്ലയിലെ അമ്പനാട് ഗ്രാമ്പൂകൃഷിക്ക് പേരുകേട്ട പ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മലപ്രദേശമാണ് പ്രകൃതിരമണീയമായ അമ്പനാട്. സമുദ്രനിരപ്പില്‍ നിന്ന് 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം. മിനി മൂന്നാര്‍ എന്നും ഓമനപ്പേരുണ്ട്. അമ്പനാട് പ്രദേശത്തു മാത്രം ഇരുപതിനായിരത്തിലധികം ഗ്രാമ്പൂമരങ്ങളുണ്ട്. തൊട്ടടുത്ത കല്ലാര്‍ പ്രദേശത്ത് ഏതാണ്ട് പതിനായിരത്തോളവും ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെ നീളുന്ന മാസങ്ങളിലാണ് ഗ്രാമ്പൂമരങ്ങളില്‍ പൂമൊട്ടുകള്‍ രൂപപ്പെടുന്നതും തുറക്കുന്നതിനു മുമ്പ് അവ വിളവെടുക്കേണ്ടതും. ഗ്രാമ്പുമൊട്ടുകള്‍ പച്ചനിറം മാറി ഇളംപിങ്ക് നറമാകുന്ന നിര്‍ണായകഘട്ടമാണിത്.

തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തൊഴിലാളികളാണ് മൊട്ടുനുള്ളല്‍ എന്ന ശ്രമകരമായ ദൗദ്യം ഇവിടെ ചെയ്യുന്നത്. പന്ത്രണ്ടു മീറ്ററും അതിനു മുകളിലും ഉയരമുള്ള മരങ്ങളില്‍ നിന്ന് കൈകൊണ്ടു തന്നെ ശ്രദ്ധാപൂര്‍വം മൊട്ടുകള്‍ നുള്ളിയെടുത്തേ തീരൂ. കൂട്ടത്തോടെയായിരിക്കുന്ന മൊട്ടുകള്‍ ഞെട്ടും മറ്റും നീക്കി വൃത്തിയാക്കണം. തുടര്‍ന്ന് ഇവ ചോക്ലേറ്റ് നിറം കിട്ടാന്‍ വേണ്ടി വെയിലത്തുണക്കുന്നു. നല്ല വിളവെടുപ്പിന് 10 കോടി രൂപ വിലക്കുള്ള ഗ്രാമ്പു ഒറ്റത്തവണ തന്നെ കിട്ടാറു പതിവുണ്ട്. വിപണിവിലയിലെ വ്യത്യാസമനുസരിച്ച് ഇതിന് ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടാകാം. മരങ്ങളുടെ വിളവ് മൊത്തമായി ലേലത്തിനു കൊടുക്കുകയാണു പതിവ്. ഒരു മരത്തില്‍ നിന്നുതന്നെ 60 കിലോ വരെ പച്ചഗ്രാമ്പു കിട്ടും. ഉണക്കുമ്പോള്‍ ഇതിന്റ തൂക്കം മൂന്നിലൊന്നായി കുറയും. വിളവെടുപ്പിനോടനുബന്ധിച്ച് ഒടിഞ്ഞു വീഴുന്ന തണ്ടുകളും ഇലകളും ടൂത്ത് പേസ്റ്റ് നിര്‍മാണത വ്യവസായത്തിലെ അസംസ്‌കൃത പദാര്‍ത്ഥമാണ്. എങ്കിലും നല്ലൊരു പങ്ക് ഇലയും യൂജിനോള്‍ എന്ന സുഗന്ധതൈലം വേര്‍തിരിച്ചെടുക്കാനാണ് ഉപയോഗിക്കുന്നത്.

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (റിട്ട.)
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
തിരുവനന്തപുരം