മറയൂരിലെ പാല്‍ക്കാരന്‍
ജൈവകൃഷിയും മൃഗപരിപാലനവും തമ്മിലുള്ള ബന്ധം എന്തെന്നു കാണിച്ചുകൊടുക്കാന്‍ വേണ്ടിക്കൂടിയാണ് മറയൂര്‍ മണ്ണാറപ്രായില്‍ തമ്പി പശുപരിപാലനം ആരംഭിച്ചത്.

ഇന്ന് ക്ഷീരവികസനത്തിലൂടെ ഒരു ജൈവകൃഷിരീതി ചിട്ടപ്പെടുത്തിയിരിക്കുകയാണ് ഇദ്ദേഹം. ചെലവുകള്‍ ചുരുക്കി, മികച്ച ആദായം ലക്ഷ്യമാക്കിയുള്ള മൃഗപരിപാലനത്തില്‍ പുത്തന്‍ രീതികളാണ് ഇദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

ഇന്ന് പ്രതിദിനം മുപ്പതു ലിറ്ററിന് മുകളില്‍ പാല്‍ ലഭിക്കുന്ന പശുക്കളെയാണ് വളര്‍ത്തുന്നത്. മികച്ച സംരക്ഷണം നല്‍കി വളര്‍ത്തേണ്ട ഇനങ്ങളാണ് ഇവ. പരിപാലനത്തില്‍ വീഴ്ചപറ്റിയാല്‍ പാല്‍ ഉത്പാദനം കുറയും. ശാസ്ത്രീയ പശുപരിപാലനം പഠിക്കണം. എങ്കിലേ പശുവളര്‍ത്തല്‍ ലാഭകരമാകൂയെന്നാണ് തമ്പിയുടെ അഭിപ്രായം.

പശുപരിപാലനം

മറയൂരിന്റെ സാഹചര്യങ്ങള്‍ക്കൊത്ത് വളരുന്ന പശുക്കളെയാണ് തമ്പി വാങ്ങിയത്. സുഗന്ധവിളകളാല്‍ സമ്പന്നമായ കൃഷിയിടത്തില്‍ ബ്രോയിലര്‍ കോഴിവളര്‍ത്തലിനുവേണ്ടി തയാറാക്കിയ ഷെഡാണ് പശുപരിപാലനത്തിനായി തെരഞ്ഞെടുത്തത്. വൃത്തിയുള്ള തൊഴുത്താണ് 60 പശുക്കള്‍ക്കായി ഒരുക്കിയത്. മനുഷ്യപ്രയത്‌നം കുറച്ച് ലാഭമുണ്ടാക്കാന്‍ ആധുനിക രീതിയില്‍ തൊഴുത്ത് സംവിധാനം ചെയ്തു. ഇരുവശങ്ങളിലും പശുക്കള്‍ക്ക് നില്‍ക്കാനും കിടക്കാനുമുള്ള സൗകര്യം. ചാണകവും മൂത്രവും തറയില്‍ കെട്ടിനില്‍ക്കാതിരിക്കാന്‍ ചെറിയ ചെരിവുണ്ടാക്കി. തൊഴുത്തിന് നടുവിലൂടെ വാഹനത്തില്‍ തീറ്റ എത്തിക്കാനുള്ള സൗകര്യം. ഏതു സമയത്തും ആവശ്യത്തിന് വെള്ളം ലഭിക്കുന്ന ഓട്ടോമാറ്റിക്ക് സംവിധാനം. ക്ലീനിംഗ് സുഗമമാക്കാന്‍ പശുക്കള്‍ക്ക് പിറകില്‍ തൊഴുത്തില്‍ വിശാലമായ നടപ്പാത. ഗോമൂത്രം ചാലിലൂടെ പുറത്തുള്ള പാത്രത്തില്‍ ശേഖരിക്കുന്നു. തറയില്‍ വീഴുന്ന ചാണകം ചാണക ടാങ്കിലെത്തുന്നു. ഒരാള്‍ ഏതു സമയവും തൊഴുത്ത് ശുദ്ധീകരണത്തിനായുണ്ടാകും.

ചാണകവും മൂത്രവും പശുക്കളുടെ അകിടില്‍ പറ്റിപ്പിടിച്ചിരുന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. കറവയുള്ള പശുക്കളെ തൊഴുത്തില്‍ പരിപാലിക്കുമ്പോള്‍ കറവ കഴിഞ്ഞവയെയും കുട്ടികളെയും മറ്റൊരു തൊഴുത്തിലാണ് സംരക്ഷിക്കുന്നത്.

തീറ്റ മിതമായി

നാരുകളുള്ള പുല്ലിനങ്ങള്‍ മൂന്നു നേരം നല്‍കുന്നു. സിഒ-3 ഇനം പുല്ലിനോടൊപ്പം പ്രാദേശികമായി വളരുന്ന പുല്ലുകളും യന്ത്രസഹായത്തോടെ നുറുക്കിയാണ് കൊടുക്കുന്നത്. ഒരു ലിറ്റര്‍ പാലിന് 500 ഗ്രാമും ശരീരഭാരത്തിന് ഒന്നരകിലോ തീറ്റയും നല്‍കുന്നു. ഒരു പശുവിന് പരമാവധി പന്ത്രണ്ട് കിലോ തീറ്റയാണ് രണ്ടുനേരമായി നല്‍കുന്നത്.

എച്ച്. എഫ് പശുക്കളാണ് കൂടുതല്‍. ഒരു പശുവിനെ ഫാമിലെത്തിക്കാന്‍ 90,000 രൂപയോളം ചെലവു വന്നു. പിറക്കുന്ന കുഞ്ഞുങ്ങളില്‍ നല്ലയിനങ്ങളെ സംരക്ഷിക്കുന്നു. വനത്തിലെ മൃഗങ്ങളെല്ലാം ചൂടുകാലത്ത് വൃക്ഷത്തണലിലാണ് കഴിയുന്നത്. ഈ രീതി നിലനിര്‍ത്താന്‍ തൊഴുത്തിനു ചുറ്റും വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുമ്പോള്‍ രോഗപ്രതിരോധശേഷിയും ഉത്പാദനവും കൂടുമെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവപാഠം.

കറവയുള്ളവയ്ക്ക് സമീകൃതതീറ്റ

കറവയുള്ള പശുക്കള്‍ക്ക് പുല്ലുകളും ധാന്യവര്‍ഗങ്ങളും കൂടികലര്‍ന്ന ഉത്തമമായ കാലിത്തീറ്റയാണ് നല്‍കേണ്ടത്. പശുക്കളുടെ ആമാശയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന രീതിയില്‍ തീറ്റയുടെ ക്രമം ക്രമീകരിച്ചിരിക്കുന്നു. ധാന്യങ്ങള്‍ കൂടുതലായി ഭക്ഷിച്ചാല്‍ ആമാശയത്തില്‍ അമ്ലാംശം കൂടി ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇതിനെ നിയന്ത്രിക്കാന്‍ പുല്ല് ആവശ്യത്തിനു നല്‍കണം. ഗുണമേന്മയുള്ള പാല്‍ ഉത്പാദനത്തിന് പരമ്പരാഗതമായ രീതികളെ ശാസ്ത്രീയമായി നടപ്പാക്കിയാല്‍ മതി.


പശുക്കളെ തൊഴുത്തിനു പുറത്തു നിര്‍ത്തി കറക്കുന്ന പണ്ടത്തെ രീതിയിലാണ് തമ്പിയുടെ കറവ സംവിധാനം. മനുഷ്യസ്പര്‍ശമേല്‍ക്കാതെ പാല്‍ കറന്നെടുക്കുന്നതിന് ഒരു കറവപ്പുര തന്നെയുണ്ട്. ഒരേ സമയം ആറു പശുക്കളെ ആധുനിക രീതിയില്‍ കറന്നെടുക്കുന്നു. കറവയന്ത്രത്തിലെത്തിയ പാല്‍ അണുവിമുക്തമാക്കിയ കുഴലിലൂടെ പാല്‍ സംഭരണിയില്‍ എത്തുന്നു. ഓരോ പശുവില്‍ നിന്നും ലഭിക്കുന്ന പാലിന്റെ അളവ് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഇതോടൊപ്പമുണ്ട് മനുഷ്യസ്പര്‍ശവും അന്തരീക്ഷമാലിന്യങ്ങളും ഗന്ധങ്ങളും ഒഴിവാക്കപ്പെടുന്നുണ്ടെങ്കിലും പശുക്കളുടെ അകിട് കറവയ്ക്കായി ശുദ്ധീകരിച്ച് സജ്ജമാക്കുന്നതും കറവയന്ത്രങ്ങള്‍ അകിടില്‍ പിടിപ്പിക്കുന്നതും പശുപരിപാലകരാണ്. ഉത്പാദിപ്പിക്കുന്ന പാല്‍, സൊസൈറ്റിയിലാണ് നല്‍കുന്നത്.

പാലും ആരോഗ്യവുമുള്ള പശുക്കളില്‍ മൂന്നു വാരിയെല്ലുകള്‍ കാണുവാന്‍ കഴിയും. കൂടാതെ മെലിഞ്ഞിരിക്കുന്ന പശുക്കളില്‍ നിന്ന് കൂടുതല്‍ പാല്‍ ലഭിക്കുമെന്നും തമ്പി നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. നാല് പ്രസവം കഴിഞ്ഞാല്‍ പശുക്കളെ വില്‍ക്കും. തുടര്‍ന്ന് പരിപാലിച്ചാല്‍ ക്ഷീരകര്‍ഷകന് നഷ്ടമാണ് ഉണ്ടാകുന്നത്. കൊടുക്കുന്ന തീറ്റയ്ക്കനുസരിച്ച് പാല്‍ ലഭിക്കുകയില്ല. രോഗപ്രതിരോധ നടപടികള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്നു. ആരോഗ്യം നോക്കിയാണ് കാല്‍ സ്യവും മറ്റും നല്‍കുന്നത്. വളരെ ശ്രദ്ധയോടെ പരിപാലിച്ചാല്‍ മികച്ച പാല്‍ ഉത്പാദനം ഉറപ്പാക്കാന്‍ കഴിയും.

പശുക്കിടാങ്ങള്‍

നെറ്റിയില്‍ മാര്‍ക്കുള്ളതും രണ്ട് നിറങ്ങളുള്ളതുമായ ഇനങ്ങളെയാണ് കൂടുതലും നിലനിര്‍ത്തുന്നത്. അപൂര്‍വമായി ലഭിക്കുന്ന റെഡ് എച്ച്.എഫ്. ഇനങ്ങളെയും സംരക്ഷിക്കുന്നുണ്ട്. ഇളക്കമുള്ള മണ്‍പ്രദേശത്താണ് പശുക്കളുടെ പ്രസവം. കാലുകള്‍ അകന്ന് പശുക്കള്‍ക്ക് അപകടം ഉണ്ടാകാതിരിക്കാനും കുട്ടികളുടെ രക്ഷയ്ക്കും ഈ രീതി ഗുണകരമാണെന്ന് തമ്പി പറയുന്നു. പതിനഞ്ച് ദിവസമാകുമ്പോള്‍ കൊമ്പുകള്‍ കരിച്ചുകളയും. വളര്‍ത്താന്‍ താത്പര്യമില്ലാത്ത കിടാക്കളെ മൂന്നു മാസം കഴിയുമ്പോള്‍ വില്പന നടത്തും.

എളുപ്പം ദഹിക്കുന്നതും സ്വാദിഷ്ടവുമായ പച്ചപ്പുല്ല് രണ്ട് മാസത്തിനു ശേഷമാണ് നല്‍കുന്നത്. ആദ്യത്തെ ഒരു മാസം നാലുലിറ്റര്‍ പാല്‍ ഒരു കിടാവിന് ദിവസേന കുപ്പിയില്‍ നല്‍കും. തുടര്‍ന്ന് 45 ദിവസം വരെ മൂന്നുലിറ്റര്‍ പാലാക്കിചുരുക്കും. പിന്നീട് 15 ദിവസം രണ്ട് ലിറ്റര്‍ പാലാണ് നല്‍കുന്നത്. പിന്നെ പാല്‍ നല്‍കില്ല. പുല്ലും കാലിത്തീറ്റയും നല്‍കി ശീലിപ്പിക്കും. ധാതുക്കളും വിറ്റാമിനുകളും നിറഞ്ഞ പച്ചപ്പുല്ല് നല്‍കുമ്പോള്‍ ഉത്പാദനക്ഷമതയും പ്രത്യുത്പാദനക്ഷമതയും കൂടും.

ശാസ്ത്രീയമായ കാഴ്ചപ്പാടോടെ തനതായ ശൈലിയില്‍ പശുപരിപാലനം നടത്തുന്ന തമ്പിക്ക് മൂത്രശേഖരണടാങ്കും വളക്കുഴിയും ജൈവവാതക പ്ലാന്റുമുണ്ട്. ജൈവകൃഷിക്ക് സഹായകമാകുന്ന രീതിയില്‍ പശുവിന്‍ മൂത്രവും ചാണകവും ശുദ്ധീകരിച്ച് വില്പന നടത്താനുള്ള പദ്ധതിയും തമ്പിയുടെ മനസിലുണ്ട്. പിഡിഡിപിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ വ്യക്തിയാണ് തമ്പി എം. പോള്‍. ഫോണ്‍ : 9447306611.

നെല്ലി ചെങ്ങമനാട്