മാറുന്ന കൃഷിയുടെ മാനേജര്‍
ബിഎ ബിരുദം. കാമ്പസ് ഇന്‍റര്‍വ്യൂവിലൂടെ ജാഗ്വര്‍, ലാന്‍ഡ് റോവര്‍ കമ്പനിയിലും തുടര്‍ന്ന് ബിഎംഡബ്‌ള്യുവിലും മികച്ച കരിയര്‍. മാത്തുക്കുട്ടി എന്ന ന്യൂ ജെന്‍ പയ്യന് ശമ്പളവും ഇന്‍സെന്‍റീവും ചേര്‍ന്നു കിട്ടിയിരുന്നത് മാസം ഒന്നേകാല്‍ ലക്ഷം. ഈ ജോലി വേണ്ടന്നുവച്ചു തന്‍റെ കുടുംബഭൂമിയിലെ മണ്ണില്‍ പൊന്നുവിളയിക്കുകയാണിന്ന് മാത്തുക്കുട്ടി.

കോട്ടയം മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോം എന്ന 28 കാരന്‍റെ 18 ഏക്കറില്‍ ഇല്ലാത്ത കൃഷികളില്ല, ഇണങ്ങാത്ത മൃഗങ്ങളില്ല. പച്ചക്കറി, നെല്ല്, പഴവര്‍ഗകൃഷി, കോഴി, താറാവ്, പന്നി, പോത്ത്, ആട്, മീന്‍ വളര്‍ത്തല്‍ തുടങ്ങി മാത്തുക്കുട്ടി കൈവയ്ക്കാത്ത മേഖലകളില്ല. ഉപേക്ഷിച്ച ശമ്പളത്തിന്റെ നാലിരട്ടിയോളം ആദായം പ്രതിമാസം ലഭിക്കുന്നുണ്ട്. വ്യത്യസ്തവും നൂതനവുമായ കൃഷി രീതിയിലൂടെയും മൃഗപരിപാലനത്തിലൂടെയും നൂറുമേനി വിജയം കൈവരിച്ചതിനു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡും മാത്തുക്കുട്ടിയെ തേടിയെത്തി.

സര്‍ദാര്‍ജിയുടെ വയലുകളില്‍നിന്നും

കാര്‍ഷിക കുടുംബത്തില്‍ ജനിച്ച മാത്തുക്കുട്ടി സ്‌കൂള്‍ പഠനകാലത്തു തന്നെ മുയല്‍ വളര്‍ത്തലിലൂടെ വരുമാനം കണ്ടെത്തിയിരുന്നു. ഉന്നത ബിരുദമെടുത്ത് ജോലിതേടി പോയെങ്കിലും രക്തത്തിലലിഞ്ഞ കൃഷിപാരമ്പര്യം മാത്തുക്കുട്ടിയെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. കോര്‍പറേറ്റ് ജോലിയിലെ ശമ്പളവും പ്രമോഷനും മാത്തുക്കുട്ടിക്ക് സംതൃപ്തി നല്‍കിയില്ല. കൂട്ടുകാരനൊപ്പം വാണിജ്യകൃഷിയുടെ സാധ്യതതേടി സര്‍ദാര്‍ജിയുടെ നാടായ പഞ്ചാബിലേക്ക് ഒറ്റയാത്ര. അവിടുത്തെ കൃഷിയും കാര്‍ഷിക സംരംഭങ്ങളും കണ്ട് തീര്‍ച്ചയും മൂര്‍ച്ചയും വരുത്തിയ തീരുമാനങ്ങളുമായിട്ടായിരുന്നു മാത്തുക്കുട്ടിയുടെ നാട്ടിലേക്കുള്ള മടക്കം.

ഇറച്ചിക്കോഴി വളര്‍ത്തല്‍

500 കോഴികളുമായി റബര്‍ തോട്ടത്തിലെ ഒരു ഷെഡില്‍ തുടങ്ങിയതാണ്. ഇപ്പോള്‍ 1,500 കോഴികളെ വളര്‍ത്തുന്നു. അഞ്ചു ബാച്ചുകളിലായി ഏഴായിരംകോഴികള്‍. ഇറച്ചിക്കോഴികളുടെ വിപണി നിയന്ത്രിക്കുന്ന തമിഴ്‌നാടന്‍ലോബിയുടെ ഇടപെടല്‍ കാരണം ഇടയ്ക്കുനഷ്ടം സംഭവിച്ചപ്പോള്‍ പഠിച്ച ബിസിനസ് പാഠങ്ങള്‍ വാല്യു അഡീഷന്‍ ചിന്ത പകര്‍ന്നു. കോഴികളെ ഇവിടെ തന്നെ ഡ്രസ് ചെയ്തു വിവിധ ഉത്പന്നങ്ങളാക്കുന്ന മൂല്യവര്‍ധിത കൃഷി രീതി. 80 ലക്ഷത്തിന്റെ ബിഎംഡബ്‌ള്യു വിറ്റു നടന്ന മാത്തുക്കുട്ടി 80 രൂപയ്ക്കു നല്ല ബ്രോയിലര്‍ കോഴിയിറച്ചി വില്‍ക്കാന്‍ തുടങ്ങി.

ലോലിപോപ്, ഡ്രംസ്റ്റിക് എന്നിവയ്ക്കായി ദിവസവും ശരാശരി രണ്ടര ടണ്‍ മാംസമാണു ചിക്കന്‍ പ്രോസസിംഗ് യൂണിറ്റില്‍നിന്നും കയറിപ്പോകുന്നത്. ഹോസ്റ്റലുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളാണു വിപണന കേന്ദ്രങ്ങള്‍. മുട്ടക്കോഴികളാണു മറ്റൊരു ആദായ മാര്‍ഗം 60 മുട്ടക്കോഴികള്‍ ഇപ്പോള്‍ കൂട്ടിലുണ്ട്. നാടന്‍ മുട്ടയുടെ മാര്‍ക്കറ്റിലുള്ള ഉയര്‍ന്ന സ്വീകാര്യതയാണു മാത്തുക്കുട്ടിയെ മുട്ടക്കോഴിയിലേക്കും തിരിച്ചത്. ശാസ്ത്രീയമായകൂടാണ് ഇവയ്ക്കായി ഒരുക്കിയിരിക്കുന്നത്.

പിഗ് ഫാം

ഇറച്ചിക്കോഴിയുടെ തൂവലും ശരീരഭാഗങ്ങളും വെറുതേ കളയുന്നതു കണ്ടപ്പോള്‍ മാത്തുക്കുട്ടിയുടെ ബിസിനസ് മനസ് പന്നി വളര്‍ത്തലിലേക്കു തിരിഞ്ഞു. നാലു പന്നിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ പിഗ് ഫാമില്‍ ഇപ്പോള്‍ 110 പന്നികളുണ്ട്. ലാര്‍ജ് വൈറ്റ് യോര്‍ക്ക്‌ഷെയര്‍, ഡ്യുറോക്ക് ഇനത്തില്‍പെട്ടതാണ് ഭൂരിഭാഗവും. കോഴി ഇറച്ചിയുടെ വേസ്റ്റില്‍ തൂക്കം മിനുക്കുന്ന പന്നി ജെനുസുകള്‍ ഹോട്ടല്‍ വേസ്റ്റും ആഹാര അവശിഷ്ടങ്ങളും കഴിച്ചു മേനിയില്‍ പെട്ടെന്ന് മാംസം നിറച്ച് ഇറച്ചിക്കായി തയാറാകുന്നു. നല്ലയിനം പന്നിയിറച്ചി കൂടി വിപണിയിലെത്തിക്കാന്‍ പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സംരംഭകന്‍ കൂടിയായ ഈ കര്‍ഷകന്‍.

പാറക്കുളത്തിലെ മീന്‍വളര്‍ത്തല്‍

പന്നിഫാമിലെ മാലിന്യം പരിഹരിക്കാനായിട്ടാണു പറമ്പിലെ പാറക്കുളത്തില്‍ മത്സ്യകൃഷി ആരംഭിച്ചത്. ഇന്നു പറമ്പിന്‍റെ വിവിധ ഭാഗങ്ങളിലായി അഞ്ചു കുളങ്ങളുണ്ട്. ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നും ലഭിച്ച ശുദ്ധജല മത്സ്യങ്ങളാണ് ഇവിടെ നീന്തിത്തുടിക്കുന്നത്. കട്‌ല, രോഹു തുടങ്ങിയ മുന്തിയ ഇനങ്ങളും നട്ടറും ജയന്‍റ് ഗൗരാമിയും ഉള്‍പ്പെടെയുള്ള മീനുകള്‍ ഈ കുളങ്ങളില്‍ പുളയ്ക്കുകയാണ്. അലങ്കാരമത്സ്യങ്ങളെ തേടിയെത്തുന്നവര്‍ക്കായി ടാങ്കില്‍ അലങ്കാര മത്സ്യങ്ങളെയും വളര്‍ത്തുന്നുണ്ട്. ഗോള്‍ഡ് ഫിഷ് എയ്ഞ്ചല്‍ എന്നിങ്ങനെ ജനപ്രിയ മത്സ്യങ്ങളാണ് ഇവിടെ വര്‍ണച്ചിറകുകള്‍ വീശുന്നത്. പന്നിഫാമിലെ വേസ്റ്റും ചിക്കന്‍ പ്രോസസിംഗ് യൂണിറ്റിലെ അവശിഷ്ടങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം

പശുക്കള്‍

ചാണകം ലഷ്യമിട്ടാണു പശുക്കളെ വാങ്ങിയത്. ഒപ്പം ശുദ്ധമായ പാലും ലഭിക്കും. പശുക്കളെ വാങ്ങിയതോടെ പറമ്പിലെ രണ്ടരയേക്കറില്‍ പുല്‍കൃഷിയും തുടങ്ങി. പശുവിന്‍ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്‍റിലെ അവശേഷിക്കുന്ന സ്ലറി തീറ്റപുല്ലിന് നല്ല വളമായി. 600 കിലോഗ്രാം തീറ്റപ്പുല്ല് ഇന്ന് ആനകള്‍ക്കുള്ള തീറ്റയായി ദിവസവും വില്‍ക്കുന്നു.


45 ദിവസം കൂടുമ്പോള്‍ ഒരേക്കറില്‍നിന്നും 11 ടണ്‍ പുല്ല് ലഭിക്കുന്നുണ്ട്. നല്ല പാലിനൊപ്പം നല്ല ജൈവവളം ഉണ്ടാക്കാനായി കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെയും വാങ്ങി. പശുവളര്‍ത്തല്‍ അത്ര ആദായകരമായി തോന്നാത്ത മാത്തുക്കുട്ടി ഇപ്പോള്‍ പോത്തുകളെയാണു കൂടുതലും വളര്‍ത്തുന്നത്. ഹരിയാനയില്‍നിന്നുള്ള മുറാ ഇനത്തില്‍പെട്ട 15 പോത്തുകളുണ്ട്. മാംസ ഉത്പാദനവും വിപണനവുമാണ് ലക്ഷ്യം. നല്ല മാംസം ലഭിക്കാന്‍ സമീകൃത ആഹാരമാണ് നല്‍കുന്നത്. പരുത്തിക്കുരു, മുട്ട, കഞ്ഞിവെള്ളം, ലിവര്‍ടോണിക്, കാത്സ്യം, തവിട്, പൈനാപ്പിള്‍ തണ്ട് എന്നിവ കൃത്യമായ അളവിലും സമയത്തും നല്‍കുന്നു. പോത്ത് ഫാം വിപുലീകരിച്ചു മാംസം സംസ്‌കരിച്ചു വിപണിയിലെത്തിക്കാനാണു പദ്ധതി.

വീടിനോടു ചേര്‍ന്നു തന്നെ അടുത്ത നാളില്‍ ആരംഭിച്ച ആട് ഫാമില്‍ ഇപ്പോള്‍ 20 ആടുകളുണ്ട്. മലബാറീസ് ഇനത്തില്‍പ്പെട്ട ആടുകളാണ് ഏറെയും. കുഞ്ഞുങ്ങളുടെ വിപണനത്തോടൊപ്പം മാംസ ഉത്പാദനവും മാത്തുക്കുട്ടി ലക്ഷ്യമിടുന്നു.പച്ചക്കറികളും പഴങ്ങളും നെല്‍കൃഷിയും

പച്ചക്കറി കൃഷിയില്‍ പ്രധാനമായും വെണ്ട, വഴുതന, പയര്‍, പാവല്‍, ചീര, ചീനി എന്നിവയാണ്. ഓപ്പണ്‍ കൃഷിക്കുപുറമേ മഴമറ കൃഷിയുമുണ്ട്. ഒാപ്പണ്‍ ഡ്രിപ്പ് ഇറിഗേഷന്‍ ഹൈടെക് രീതിയാണ് അവലംബിക്കുന്നത്. പച്ചക്കറികള്‍ക്കുപുറമേ പറമ്പില്‍ അവിടവിടായി 100 ചുവട് പാഷന്‍ ഫ്രൂട്ടും പടര്‍ത്തിയിട്ടുണ്ട്. നല്ല ആദായമാണ് മാത്തുക്കുട്ടിക്ക് പാഷന്‍ ഫ്രൂട്ട് പഴം നല്‍കുന്നത്. 250 ചുവട് റെഡ്‌ലേഡി പപ്പായയും മറ്റൊരു ആദായപഴമാണ്. പഴുക്കുന്നതിനു മുമ്പുള്ള പപ്പായ ഫ്രൂട്ട് സാലഡിനായിട്ടാണ് മാത്തുക്കുട്ടി ആവശ്യക്കാര്‍ക്കു നല്‍കുന്നത്.

തെങ്ങുംതോട്ടത്തില്‍ എന്ന വീട്ടുപേരിനെ അന്വര്‍ഥമാക്കും വിധം തെങ്ങുകൃഷി പണ്ടുമുതലേയുണ്ട്. പക്ഷെ കുള്ളന്‍ തെങ്ങു കൃഷി അടുത്ത കാലത്തു തുടങ്ങിയതാണ്. കൈയെത്തും ദൂരത്ത് തേങ്ങ കിട്ടും. കുഞ്ഞന്‍ തെങ്ങുകള്‍ നൂറോളം ഇന്ന് പറമ്പിലുണ്ട്. കമുക്, ജാതി, മാവ്, പ്ലാവ് എന്നിവയ്ക്കു പുറമേ നാടന്‍ വിഭവങ്ങളായ ചേന, ചേമ്പ്, കാച്ചില്‍, കപ്പ, ഇഞ്ചി, മഞ്ഞള്‍, ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ എല്ലാം ഈ കൃഷി ഭൂമിയില്‍ നൂറുമേനി വിളവു നല്‍കുന്നു.

അലങ്കാരത്തിന്റെ മേനിയഴകുകളുമായി ആരെയും ആകര്‍ഷിക്കുന്ന അലങ്കാര ക്കോഴികളും പക്ഷികളുമുണ്ട്. ഇതുകൂടാതെ ടര്‍ക്കിയും വാത്തയും താറാവും മുയലും വീടിനോടു ചേര്‍ന്നു തന്നെ കൂടുകളില്‍ വളരുന്നു. പറമ്പിനോടു ചേര്‍ന്നു തരിശായി കിടന്ന നെല്‍പാടത്തിലും മാത്തുക്കുട്ടി പൊന്നുവിളയിച്ചു. ട്രാക്ടര്‍ ഉഴുത പാടത്ത് ഉമ വിത്തുപാകി. ബംബര്‍ വിളവു നല്‍കിയ ഉമയുടെ കതിരു കൊയ്യല്‍ നാടിനു തന്നെ ഉത്സവമായിരുന്നു.

ന്യൂജെന്‍ കര്‍ഷകന്‍

പുലര്‍ച്ചെ ഇന്‍റര്‍നെറ്റില്‍ കയറി ആദായകരവും നുതനവുമായ കൃഷി രീതികളുടെ വീഡിയോ ക്ലിപ്പുകള്‍ കാണുന്നതോടെ മാത്തുക്കുട്ടിയുടെ ഒരു ദിവസത്തെ ജീവിതം ആരംഭിക്കുകയാണ്. അതു കഴിഞ്ഞാല്‍ സായാഹ്നം വരെ കൃഷിയിടത്തില്‍. സഹായത്തിനായി ഏതാനും ജോലിക്കാരുമുണ്ടാകും. പിതാവ് ടോമിയും അമ്മ മോളിയും ജ്യേഷ്ടന്‍ സിജിലും കുടുംബവും മാത്തുക്കുട്ടിക്ക് കൃഷിയില്‍ താങ്ങും തണലുമായി എപ്പോഴുമുണ്ട്. മരങ്ങാട്ടുപിള്ളി കൃഷി ഓഫീസര്‍ റീന കുര്യനാണ് കാര്‍ഷിക സംബന്ധമായ ഉപദേശം നല്‍കുന്നത്.

പുതിയ കാലത്തിന്‍റെ വെല്ലുവിളികളെ നേരിടണമെങ്കില്‍ കര്‍ഷകന്‍ കാര്‍ഷിക സംരംഭകനായി വളരണമെന്നാണ് മാത്തുക്കുട്ടിയുടെ പക്ഷം. മാറുന്ന കാലവും ജീവിത രീതിയും ഉപയോക്താക്കളും കൃഷിയിലും കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണത്തിലും വിപണനത്തിലും മാറ്റങ്ങള്‍ ആവശ്യപ്പെടുന്നു. കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കുന്നതോടൊപ്പം കൃഷി മാനേജര്‍മാരായി പ്രവര്‍ത്തിക്കണമെന്നാണു മാത്തുക്കുട്ടി കാര്‍ഷിക കേരളത്തോട് പറയാനുള്ളത്.

ഇവിടെ ഒന്നും വേസ്റ്റല്ല

മാത്തുക്കുട്ടിയുടെ കൃഷിയിടത്തില്‍ ഒന്നും വേസ്റ്റല്ല. മാലിന്യസംസ്‌കരണത്തിനും പുനര്‍ ഉപയോഗത്തിനും ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിക്കന്‍ പ്രോസസിംഗ് യൂണിറ്റില്‍നിന്നുള്ള ഖരമാലിന്യങ്ങള്‍ പുഴുങ്ങി വേവിച്ച് പന്നി, മീന്‍, താറാവ് എന്നിവയ്ക്ക് തീറ്റയാക്കുന്നു. പന്നി ഫാമിലെ ഖരമാലിന്യങ്ങള്‍ സംസ്‌കരിച്ച് കമ്പോസ്റ്റാക്കുന്നു; ദ്രവമാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലേക്കും. കൂടാതെ ഫാമുകളില്‍നിന്നുള്ള മൃഗങ്ങളുടെ വേസ്റ്റും മാലിന്യവും എല്ലാം നല്ല വളമാക്കി വില്‍ക്കുകയാണ് മാത്തുക്കുട്ടി.

ഫോണ്‍:മാത്തുക്കുട്ടി ടോം- 8606155544.

ജിബിന്‍ കുര്യന്‍
ചിത്രങ്ങൾ: അനൂപ് ടോം