വീണ്ടും ചില കാട്ടുകാര്യങ്ങള്‍
വീണ്ടും ചില കാട്ടുകാര്യങ്ങള്‍
Wednesday, December 12, 2018 3:04 PM IST
രാസ-കീടനാശിനികളില്ലാത്ത ഭക്ഷ്യവിളകള്‍ ഉത്പാദിപ്പിക്കുക, പരിചയക്കാരെ ഇതിനായി പ്രേരിപ്പിക്കുക എന്നിവയൊക്കെയാണ് ബേബി ജോണിന്റെ കാര്‍ഷിക ലക്ഷ്യങ്ങള്‍. കഴിവതും നാടന്‍ ഇനങ്ങളാണ് കൃഷി. കോട്ടയം ജില്ലയില്‍ കടപ്ലാമറ്റം വെട്ടിയ്ക്കക്കുഴി ബേബി ജോണ്‍ വനംവകുപ്പില്‍ നിന്നും ഡപ്യൂട്ടി റേഞ്ചര്‍ ആയി റിട്ടയര്‍ ചെയ്ത ആളാണ്.

വനംവകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇടുക്കിയിലെ വനാന്തര്‍ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയ കാട്ടിഞ്ചി നാട്ടില്‍ കൊണ്ടുവന്നു കൃഷി ചെയ്യുകയും പല സുഹൃത്തുക്കള്‍ക്കും കൊടുക്കുകയും ചെയ്തു. അയല്‍വാസിയായ അടയ്ക്കനാട്ട് ടോമി ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും വാങ്ങി നട്ടുപിടിപ്പിച്ച കാട്ടിഞ്ചി പുത്തു നില്‍ക്കുകയാണ്. സാധാരണ ഇഞ്ചിയിനങ്ങളില്‍ വളരെ കുറച്ചേ പൂക്കുലകള്‍ ഉണ്ടാകാറുള്ളു. എന്നാല്‍ ടോമിയുടെ ഒരു മൂട് ഇഞ്ചിയില്‍ ഒരേസമയം ഒന്‍പത് പൂക്കുലകളാണ് ഉണ്ടായത്.

കാട്ടിഞ്ചി കാഴ്ചയില്‍ നാടന്‍ ഇഞ്ചി പോലെ തോന്നിക്കുമെങ്കിലും വിളവില്‍ വളരെ പിന്നോ ക്കമാണ്. പക്ഷെ എരിവ് ഇത്തിരി കൂടും. കറികളില്‍ വളരെ കുറച്ചുമാത്രം ചേര്‍ത്താല്‍ മതിയാകും. പക്ഷെ ഇത് കറികളില്‍ ചേര്‍ത്താല്‍ സ്വാദ് ഒന്നു വേറെ തന്നെയാണെന്ന് ബേബി പറയുന്നു.


ആദിവാസികള്‍ വിഷചികിത്സയ്ക്കുപയോഗിക്കുന്ന അണലിവേഗം, വള്ളിപ്പാല, (നാട്ടില്‍ സാധാരണയായുള്ള വള്ളിപ്പാലയുടെ ഇലഞെട്ട് മുറിച്ചാല്‍ പാല്‍പോലെ ഒരു ദ്രാവകം ഊറി വരും. എന്നാല്‍ ഗുണമേന്മയുള്ള ഈ വള്ളിപ്പാലയുടെ ഇല മുറിച്ചാല്‍ പാല്‍ വരില്ല.) കുടകപ്പാല, നീര്‍മാതളം, അഗതി ചീര എന്നിങ്ങനെ അത്യപൂര്‍വമായ നിരവധി ഔഷധച്ചെടികള്‍ ബേബിയുടെ ശേഖരത്തിലുണ്ട്.

കാട്ടിഞ്ചിക്ക് രോഗകീടബാധകളൊന്നും കാര്യമായില്ല. വിത്തിനുള്ളത് പറിക്കാതെ ഇട്ടേക്കുക. ചപ്പു ചവറുകള്‍ ഉപയോഗിച്ച് നേരിയ പുതഇട്ടില്ലെങ്കില്‍ ഉണക്കു പറ്റാനുള്ള സാദ്ധ്യതയുണ്ട് കൃഷിരീതികളും പരിചരണവും സാധാരണ ഇഞ്ചി നടുന്നതുപോലെ തന്നെ. ഗ്രോബാഗിലോ തറയിലോ എവിടെ വേണമെങ്കിലും നാടാം.

കൃഷിയിടം നനയ്ക്കുവാനായി ഒരു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ശേഖരിക്കാവുന്ന ഭൂഗര്‍ഭ ടാങ്ക് ഉണ്ടാക്കി അതിന്റെ മുകളില്‍ കോണ്‍ക്രീറ്റ് കെട്ടിടവും ബേബി നിര്‍മിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ അടിയിലെ ടാങ്കിന്റെ വാല്‍വ് തുറന്നാല്‍ പുരയിടത്തിന്റെ ഏതുഭാഗത്തും വെള്ളമെത്തും. ഫോണ്‍: ജോസ്-96450 33622, ബേബി: 9446862439., ടോമി: 8281473090.

ജോസ് മാധവത്ത്‌