കേരളത്തിന്റെ സ്വന്തം കുടംപുളി
കേരളത്തിന്റെ സുഗന്ധവ്യഞ്ജനവിളകളില്‍ വേറിട്ട സവിശേഷതകളുള്ള വിളയാണ് കുടംപുളി. പിണര്‍ പുളി, വടക്കന്‍പുളി എന്നൊക്കെ വിളിപ്പേരുണ്ട്. പശ്ചിമഘട്ടത്തില്‍ ഏകദേശം 900 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിത വനങ്ങളിലും തീരപ്രദേശങ്ങളിലും ഇവയെ കാണാം. ഇന്തോനേഷ്യയില്‍ നിന്നാണ് എത്തിയതെങ്കിലും ഇന്ത്യയില്‍ പല ഭാഗത്തും ഇത് പണ്ടുമുതല്‍ക്കേ വളര്‍ന്നിരുന്നു. തെക്കു- കിഴക്കന്‍ ഏഷ്യയിലും മധ്യആഫ്രിക്കയിലും പണ്ടു മുതല്‍ക്കേ കുടംപുളിക്ക് രണ്ട് പ്രധാന ഉപയോഗമായിരുന്നു. പാചകത്തിനും അതിന്റെ നൈസര്‍ഗിക നിറം നിമിത്തം വര്‍ണകമായും.

കുടംപുളിയുടെ ആരോഗ്യപരമായ മേന്മകള്‍ കണ്ടെത്തിയത് പുതിയ കാര്യമല്ല. കാരണം 1835 മുതല്‍ ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണങ്ങള്‍ നടന്നിരുന്നു. പതിനഞ്ചു വര്‍ഷത്തെ നിരന്തരഗവേഷണങ്ങള്‍ക്കൊടുവിലാണ് ശരീരഭാരം കുറയ്ക്കാനുള്ള പ്രത്യേക സിദ്ധി കുടമ്പുളിക്കുണ്ടെന്നു കണ്ടെത്തുന്നത്. ഇതിനു കാരണമാകട്ടെ കുടംപുളിയുടെ തോടില്‍ അടങ്ങിയിരിക്കുന്ന ഒഇഅ (ഹൈഡ്രോക്‌സി സിട്രിക് ആസിഡ്) എന്ന ഘടകവും. ഉണക്ക തോടില്‍ 10 മുതല്‍ 30 ശതമാ നം വരെ ഹൈഡ്രോക്‌സി സിട്രി ക് ആസിഡുണ്ട്. ശരീരഭാരം കുറയ്ക്കുക എന്നാല്‍ ദുര്‍മേദസ് കുറയാന്‍ സഹായിക്കുക എന്നര്‍ഥം. ഒപ്പം ശരീരത്തിലെ കൊഴുപ്പ് ഉരുക്കിക്കളയുന്നു. കൂടാതെ പൂര്‍ണതൃപ്തിയും വിശപ്പും ഒക്കെ ഉത്തേജിപ്പിക്കുന്ന സിറോട്ടോണിന്‍ ഉത്പാദനം ക്രമീകരിക്കാനും ഇതിനു കഴിവുണ്ട്. അങ്ങനെയാകുമ്പോള്‍ ഭക്ഷണത്തോടുള്ള താല്‍പര്യം കുറഞ്ഞ് കുറച്ചു മാത്രം കഴിക്കുന്നു. എന്നാല്‍ ഈ സിറോട്ടോണിന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട മറ്റു വശങ്ങള്‍ ഇന്നും പഠനവിധേയമാകുന്നു എന്നത് വാസ്തവം.

സസ്യപരിചയം

'ഗാഴ്‌സീനിയ' എന്ന ജനുസില്‍ 300 മുതല്‍ 500 സ്പീഷീസോളം ചെടികളുണ്ട്. ഇവയിലൊന്നാണ് കുടംപുളി. കേരളത്തില്‍ സുലഭമായി വളരുന്നതിനാലാണ് ഇതിന് 'മലബാര്‍ ടാമറിന്‍ഡ്' എന്നു പേരു കിട്ടിയത്. പ ണ്ടുമുതല്‍ക്കേ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ ഉയര്‍ന്നു വളര്‍ന്ന് നിറയെ പഴുത്ത കായ്കളുമായി നല്‍ക്കുന്ന ഈ നിത്യഹരിത വൃക്ഷം ഒരു പതിവുകാഴ്ചയായിരുന്നു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഇതിന്റെ വിളവെടുപ്പുകാലം. പച്ചക്കായ്കള്‍ പഴുക്കാന്‍ തുടങ്ങുന്നതോടെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, ബ്രൗണ്‍ കലര്‍ന്ന മഞ്ഞനിറം എന്നിങ്ങനെ വിവിധ നിറഭേദങ്ങളണിയും. പഴങ്ങള്‍ ജീവകം-സി സമൃദ്ധമാണ്. കൊഴുപ്പിന്റെ അംശം തീരെ കു റവ്. നാരിന്റെ അംശം വേണ്ടുവോളം. തോട് വെയിലത്തുണക്കി പഴയ പുകയടുപ്പുകളുടെ മീതെ തട്ടുകെട്ടി അതില്‍ നിരത്തി പുകകൊള്ളിച്ച് പരുവപ്പെടുത്തുന്നതായിരുന്നു പതിവ്. ഇന്നും അപൂര്‍വമായെങ്കിലും ചിലയിടങ്ങളില്‍ തുടരുന്നു.

നിരവധി വന്യജാതികള്‍ കുടംപുളിക്ക് ബന്ധുക്കളായുണ്ട്. 'ക്യൂസിയേസീ' സസ്യകുലത്തിലെ 'ഗാഴ്‌സീനിയ' ജനുസില്‍ പ്പെട്ടവരാണിവരെല്ലാം. ഇതില്‍ പ്രധാനിയാണ് കുടംപുളി. കൂ ടാതെ ആറ്റുപുളി, മക്കിപ്പുളി, ടാള്‍ബോട്ടി, കൊക്കേ, രാജപുളി തുടങ്ങിയവര്‍ കുടംപുളിയുടെ ബന്ധുബലത്തിലെ പ്രമുഖരാണ്.

കേരളത്തില്‍ പ്രധാന ഉപയോഗം മീന്‍കറികളിലെ ചേരുവയായാണ്. കൂടാതെ നിരവധി ഔഷധങ്ങളിലും ചേരുവയാണ്. ഇതിന്റെ കായ്കള്‍ക്കു പുറമെ വേരും തണ്ടും ഇലയുമൊക്കെ വിവിധ സസ്യജന്യരാസഘടകങ്ങളാല്‍ സജീവമാണ്. ഇലകളില്‍ ആല്‍ക്കലോയിഡുകള്‍, സ്റ്റീറോയിഡുകള്‍, കാര്‍ഡിയാക് ഗ്ലൈക്കോസൈഡുകള്‍, ഫിനോളിക് ഫ്‌ളോവനോയിഡ്, ഫ്‌ളോ ബാറ്റാനിന്‍, പ്രോട്ടീന്‍, ടാനില്‍ ടെര്‍പിനോയിഡ് തുടങ്ങിയവയുണ്ട്. വേരിലാകട്ടെ ഗര്‍ബോജിയോള്‍ എന്നു പേരായ സാന്തോ ണും തടിയുടെ പുറം തൊലിയില്‍ ഹൈഡ്രോസിട്രിക് ആസിഡ്, ഗാഴ്‌സിനോള്‍, ഐസോഗാഴ്‌സിനോള്‍ തുടങ്ങിയവയും പൂക്കളില്‍ ടെര്‍പിനോയിഡ്, സ്റ്റീറോയിഡ്, ആല്‍ക്കലോയിഡ്, കാര്‍ബോഹൈഡ്രേറ്റ്, ഫൈറ്റോസ്റ്റീറോയിഡ്, ഫ്‌ളവനോയിഡുകള്‍, കൗമാരിന്‍, ഫീനോള്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ചുരുക്കത്തില്‍ കുടംപുളിമരം അടിമുടി സസ്യപോഷക ഔഷധസമൃദ്ധവും ബഹുവിധ ഉപകാരപ്രദവുമാണ്.

ഒട്ടുതൈകള്‍ക്ക് വ്യാഴവട്ടം വേണ്ട

വിത്തു പാകി വളര്‍ത്തുന്ന കുടമ്പുളി തൈകള്‍ ഇന്ന് പഴങ്കഥ. ഇങ്ങനെ വിത്തു തൈകള്‍ വളര്‍ത്തിയാല്‍ തന്നെ അവയില്‍ പകുതിയിലധികവും ആണ്‍ പ്രജകളായിരിക്കും. ബാക്കി പെണ്‍ പ്രജകളെ വളര്‍ത്തി പരിചരിച്ചെടുക്കാമെന്നു വച്ചോലോ? കുറഞ്ഞത് 10 വര്‍ഷമെങ്കിലും കാത്തിരിക്കണം ഒരു കായ് പിടിക്കുന്നത് കാണാന്‍. ഇത് ചിലപ്പോള്‍ 12 വര്‍ഷമാകാനും മതി. ഈ വൈഷമ്യവും കാത്തിരിപ്പും ഒഴിവാക്കാനാണ് ഒട്ടുതൈകള്‍ തയാറാക്കാന്‍ തുടങ്ങിയത്. വശത്തൊട്ടി ച്ചും മൃദുതണ്ടിലൊട്ടിച്ചും ഒക്കെ ഒട്ടുതൈകള്‍ ഒരുക്കാം. അങ്ങനെയായാല്‍ കായ് പിടിക്കാന്‍ 10-12 വര്‍ഷം എന്നത് മൂന്നു വര്‍ഷമായി കുറയും. പൂര്‍ണതോതില്‍ സ്ഥിരവിളവുകിട്ടാന്‍ പിന്നെയും കുറച്ചുകൂടെ കാത്തിരിക്കണമെന്നു മാത്രം. മാത്രവുമല്ല, അമ്മച്ചെടിയുടെ (മദര്‍ പ്ലാന്റ്) സര്‍വഗുണങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. പണ്ടത്തെ നാടന്‍ കുടംപുളി മരത്തെപ്പോലെ മാനം മുട്ടെ വളരില്ല, അധികം ഉയരാത്തതിനാല്‍ വിളവെടുപ്പും എളുപ്പം. സ്ഥിരവിളവ് തരുന്ന 200-275 ഗ്രാം തൂക്കമുള്ള കായ്കള്‍ വിളയുന്ന മരമാണ് ഉത്തമമായ അമ്മച്ചെടി. ഇ ങ്ങനെ തയാറാക്കിയ തൈകള്‍ കേരള കാര്‍ഷിക സര്‍വകലാശാല ഉത്പാദിപ്പിച്ചു നല്‍കുന്നുണ്ട്.


കുടംപുളി ഒറ്റവിളയായും ഇടവിളയായും വളര്‍ത്താം. സ്ഥലമനുസരിച്ച് ചില ചെറിയ വ്യത്യാസങ്ങള്‍ വേണമെന്നുമാത്രം. പറമ്പുകളില്‍ 75ഃ75ഃ75 സെന്റീമീറ്റര്‍ വലിപ്പത്തിലാണ് കുഴികളെടു ക്കേണ്ടതെങ്കില്‍ ആറ്റുതീരങ്ങളിലും മറ്റും 50ഃ50ഃ50 സെന്റീ മീറ്റര്‍ വലിപ്പമാണ് കുഴികള്‍ക്ക് വേണ്ടത്.

തൈകള്‍ തമ്മില്‍ 4ഃ4 മീറ്റര്‍ അകലം നിര്‍ബന്ധം. മേയ്-ജൂണിലെ മഴയുടെ തുടക്കമാണ് തൈ നടാന്‍ നന്ന്. തെങ്ങ്, കമുക് തോട്ടങ്ങളിലും കുടംപുളി നടാം. പക്ഷെ തീരെ തണലത്താകരുത് എന്നു മാത്രം. തുറസായ സ്ഥലങ്ങളായാല്‍ നന്ന്.

നടീല്‍, പരിചരണം

തൈ നടുംമുമ്പ് കുഴിയില്‍ രണ്ടു കിലോ ജൈവവളം (കമ്പോസ്റ്റ്, കാലിവളം എന്നിവ) മേല്‍ മണ്ണുമായി കലര്‍ത്തി നിറയ്ക്കണം. തൈയുടെ ഒട്ടുസന്ധി മണ്‍ നിരപ്പിനു മുകളില്‍ നില്‍ക്കും വിധം നടണം. നട്ട് ഒരു മാസമാകുമ്പോള്‍ ഒട്ടുസന്ധിയിലെ പോളിത്തീന്‍ നാട സശ്രദ്ധം മുറിച്ചു നീക്കുക. ഒപ്പം തടത്തില്‍ പുതയിടുകയും വേണം.

വളപ്രയോഗത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കാലിവളം ചെടിയൊന്നിന് വര്‍ഷം തോറും 10 കിലോഗ്രാം വീതം നല്‍കണം. 15 വര്‍ഷം പ്രായമായാല്‍ ഇത് 50 കിലോഗ്രാമായി വര്‍ധിപ്പിക്കാം. കൂടാതെ രാസവളങ്ങളും.

ഒട്ടുതൈ വളരുന്നതനുസരിച്ച് താങ്ങു നല്‍കണം. വളര്‍ച്ചയുടെ വേഗം നോക്കിയിട്ട് അത്യാവശ്യം ചില കൊമ്പുകള്‍ മുറിച്ചു നീക്കാം. ആറു വര്‍ഷമാകുമ്പോള്‍ പരമാവധി ഉയരം നാലു മീറ്ററായും ഏഴു വര്‍ഷമാകുമ്പോള്‍ ഉയരം 4-4.5 മീറ്ററായും നിയന്ത്രിക്കണം.

ഒട്ടുതൈ മൂന്നാം വര്‍ഷം കായ്ക്കും. 12-15 വര്‍ഷം വേണം പൂര്‍ണമായ തോതില്‍ സ്ഥിരവിളവു തരാന്‍. കുടംപുളി പൂക്കുന്നത് ജനുവരി-മാര്‍ച്ച് മാസങ്ങളിലാണ്. വിളയുന്നതാകട്ടെ ജൂലൈ മാസവും. കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞ നിറമാകും. വിളവെടുക്കാം, നിലത്തു വീഴുന്നത് പെറുക്കുകയുമാവാം.

കുടമ്പുളിയുടെ പുറന്തോടാണ് സുഗന്ധവ്യഞ്ജനമായുപയോഗിക്കുന്നത്. പഴുത്ത കായുടെ ഉള്‍ഭാഗത്തെ കാമ്പ് കഴിക്കാന്‍ സ്വാദിഷ്ടം. വിത്തും മാംസളഭാഗവും നീക്കി പുറന്തോട് വെയിലത്തോ പുകകൊള്ളിച്ചോ ഉണക്കാം. ഇപ്പോള്‍ കൃത്രിമമായി ഓവനില്‍ വച്ച് ഉണക്കുന്ന പതിവും വ്യാപകം. ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് പുരട്ടിയിളക്കി സൂക്ഷിക്കാം. ഒരു കിലോ പുളിക്ക് 50 ഗ്രാം ഉപ്പും 150 മില്ലി വെളിച്ചെണ്ണയും എന്നതാണ് അളവ്. ഒരു കിലോഗ്രാം തോടുണക്കിയാല്‍ 400 ഗ്രാം വരെ ഉണങ്ങിയ പുളികിട്ടും.

'അമൃത'വും 'ഹരിത'യും

കേരള കാര്‍ഷിക സര്‍വകലാശാല രണ്ട് മികച്ച കുടമ്പുളി ഇനങ്ങള്‍ പുറത്തിറക്കി. അമൃതം, ഹരിത എന്നിവ. കോട്ടയം കുമരകം കാര്‍ ഷിക ഗവേഷണകേന്ദ്രത്തിന്റെ സംഭാവനയാണിവ. വീട്ടുകൃഷിക്ക് ഉത്തമമാണ് ഹരിത. ഉയരവും കുറവ്. നേരത്തെ കായ്ക്കും, കായ്കളും നന്ന്. ഒരു മരത്തില്‍ നിന്ന് 9.91 കിലോ ഉണക്കപ്പുളി കിട്ടും.

അമൃതയുടെ കായ്കള്‍ക്ക് സ്വര്‍ണമഞ്ഞ നിറമാണ്. ഒരു മരത്തില്‍ നിന്ന് ശരാശരി 16.38 കിലോ ഉണക്കപ്പുളി പ്രതീക്ഷിക്കാം. താഴ്ന്ന സ്ഥലങ്ങളിലും തെങ്ങിന് ഇടവിളയായും നടാം. തൈകള്‍ക്ക് തൃശൂര്‍ മണ്ണുത്തിയിലെ സര്‍വകലാശാലയുടെ വില്‍പനകേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ മതി.
സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.
ഫോണ്‍: 9446306909