ഒരു നെല്ലും ഒരു ചേനയും
ആനക്കാര്യത്തിനിടയ്ക്ക് ഒരു ചേനക്കാര്യം, പറഞ്ഞു പഴകിയ ഒരു മൊഴിയാണ്. പക്ഷേ ഇത് ആനക്കാര്യം പോലത്തെ ഒരു ചേനക്കാര്യമാണ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ വെള്ളിനേഴി പഞ്ചായത്തിലാണ് ഈ ആനക്കാര്യം. പരമ്പരാഗത കൃഷിയില്‍ നിന്നും വേറിട്ട്, എന്നാല്‍ അത് ഒഴിവാക്കാതെ പുതുവിള പരീക്ഷിച്ച് വിജയം കൊയ്യുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. ഇരുപ്പൂ നെല്‍കൃഷി ചെയ്തിരുന്ന പാടശേഖരങ്ങള്‍. ആദ്യ കൃഷി നെല്ലിനു പകരം ചേനയാക്കി. ഇപ്പോള്‍ മിക്ക പാടശേഖരങ്ങളിലും ഒന്നാം വിള ചേനയും രണ്ടാംവിള നെല്ലുമാണ്. വാഴക്കൃഷി ചെയ്തിരുന്ന കര്‍ഷകരും അതിലും ലാഭം ചേനക്കൃഷിയാണെന്നു മനസിലാക്കി ഇതിലേക്കു തിരിയുന്നുണ്ട്. സ്വന്തമായും പാട്ടഭൂമിയിലും കൃഷിക്കാര്‍ ചേന കൃഷിചെയ്യുന്നു.

13 വാര്‍ഡുകളുള്ള വെള്ളി നേഴി പഞ്ചായത്തില്‍ വടക്കന്‍ വെള്ളിനേഴി, കാന്തള്ളൂര്‍, പറക്കുന്ന്, ചാറുക്കുന്ന്, കുറ്റാനശേരി, കുറുവട്ടൂര്‍ മേഖലയിലാണ് ചേനക്കൃഷി കൂടുതലുള്ളത്. ഈ വ ര്‍ഷം ഏതാണ്ട് 350-400 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്. ഇതിലൂടെ കേരളത്തിലെ ഒരു ട്യൂബര്‍ഹബ് ആയി വെള്ളിനേഴി മാറുകയാണ്. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് വിത്തിറക്കുന്നത്. വയനാട്ടില്‍ നിന്നും കുര്‍ ഗില്‍ നിന്നുമാണ് വിത്തു ചേനകള്‍ എത്തിക്കുന്നത്. 30-32 രൂപ വരെയാണ് വിത്തുചേന കിലോ യ്ക്ക് വില. വിത്തെത്തിച്ചുകൊടുക്കുന്ന മൊത്തക്കച്ചവടക്കാര്‍ തന്നെ വിളവെടുക്കുന്ന ചേനയും വാങ്ങും എന്നത് കൊണ്ട് വിപണനം ഒരു പ്രശ്‌നമാകുന്നില്ല.

ഒരു തടത്തിലേക്ക് ഏതാണ്ട് 600-700 ഗ്രാം തൂക്കമുള്ള ചേനക്കന്നാണ് നടാന്‍ ഉപയോഗിക്കുന്നത്. ഒരേക്കറില്‍ 3,000 മുതല്‍ 4,000 വരെ ചേനക്കന്നുകള്‍ നടാം. അടിവളമായി പച്ചിലയും ചാണകപ്പൊടിയും കൊടുക്കുന്നു. സാധാരണ ഒരു ചുവട്ടില്‍ നിന്നും 4-5 കിലോ വരെ ചേന കിട്ടും. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ വിളവെടുക്കാം. കഴിഞ്ഞവര്‍ഷങ്ങളില്‍ 30-40 രൂപവരെ ഒരു കിലോ ചേനയ്ക്ക് ഇവര്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ മഴ കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. ഗജേന്ദ്ര, ശ്രീപത്മപോലുള്ള അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളുണ്ടെങ്കിലും ഇവിടെ കര്‍ഷകര്‍ ഉപയോഗിക്കുന്നത് മൊത്തക്കച്ചവടക്കാര്‍ ഇറക്കി ക്കൊടുക്കുന്ന നാടന്‍ ഇനങ്ങള്‍ തന്നെയാണ്. വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത് വലിപ്പം കുറഞ്ഞ ചേനയ്ക്കാണ്. ഇവയ്ക്ക് വിലയും അധികം ലഭിക്കുന്നു.


കര്‍ഷകരെ ചേനക്കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന കാര്യങ്ങള്‍ പലതാണ്. നെല്‍കൃഷിയേക്കാള്‍ 40 ശതമാനം തൊഴില്‍ ചെലവ് കുറവാണെന്നതാണ് പ്രധാനം. വളത്തിന്റെ ആവശ്യവും അത്ര വേണ്ടിവരുന്നില്ല. തന്നെയുമല്ല, ചേനയ്ക്ക് കൊടുക്കുന്ന വളം നെല്‍കൃഷിക്കും പ്രയോജനം ചെയ്യും. ഇതു കൂടാതെ ചേന പറിച്ചതിനു ശേഷം അതിന്റെ തണ്ടും ഇലയും മണ്ണില്‍ ഉഴുതു ചേര്‍ക്കുന്നതോടെ മണ്ണിന് ഫലഭൂഷ്ടി കൂടുകയും നെല്‍കൃഷിയില്‍ വിളവ് കൂടുതല്‍ കിട്ടുകയും ചെയ്യുന്നു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഇടപെടലുകള്‍ ചേനക്കര്‍ഷകര്‍ക്ക് താങ്ങും തണലുമാണ്. പഞ്ചായത്തിന്റെ അപേക്ഷയെത്തുടര്‍ന്ന് വെള്ളിനേഴിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചേനവിത്തുത്പാദന കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനം ആയിക്കഴിഞ്ഞു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ മേല്‍ നോട്ടത്തിലായിരിക്കും വി ത്തുത്പാദന കേന്ദ്രത്തിന്റെ പ്രവ ര്‍ത്തനം. അതുകൂടാതെ ചേന ക്കര്‍ഷകര്‍ക്ക് സാമ്പത്തിക സഹാ യം ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുന്നു. ചേനയില്‍ നിന്നു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ഇതിലൂടെ പുതുതലമുറ കൃഷിക്കാരെയും ഈ കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

പതഞ്ഞൊഴുകുന്ന പുഴയുടെ തീരങ്ങളില്‍ ഒരു കിഴങ്ങു വിപ്ലവം നടക്കുകയാണ്. കഴിഞ്ഞ കൃഷിയിലെ നഷ്ടത്തെ ഓര്‍ത്ത് പരിതപിക്കുകല്ല, അടുത്ത കൃഷിയിലെ ലാഭത്തെക്കുറിച്ച് കണക്ക് കൂട്ടുകയാണ് വെള്ളിനേഴിയിലെ കര്‍ഷകര്‍.

പ്രശാന്ത് വിശ്വനാഥ്
ഫോണ്‍: 9446155222