വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
Saturday, March 26, 2022 11:41 AM IST
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദുരിതകാലം. ജലസമുദ്ധമായ കേരളം ഓരോ വര്‍ഷം കഴിയുംതോറും ഭീതിദമായ വരള്‍ച്ചയുടെ പിടിയിലമരുന്നത് ആശങ്കയുയര്‍ത്തുന്നു. കാലവും കണക്കും തെറ്റി പെയ്യുന്ന മഴ അളവിലും വിതരണത്തിലും കുറവ് രേഖപ്പെടുത്തുന്നു. ഭൂമി കരുതല്‍ നിധി പോലെ കാത്തുസൂക്ഷിക്കുന്ന ഭൂഗര്‍ഭജല വിതാനത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നു.

കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായാല്‍ പോലും ഭൂഗര്‍ഭജലവിതാനം ഉയരാത്ത അവസ്ഥ! കൊടും വേനലില്‍ അകവും പുറവും ഒരുപോലെ വെന്തുരുകുന്നു. പ്രധാനവിളകളെ സൂര്യാഘാതത്തിന്റെ തീക്ഷ്ണതയില്‍ നിന്നു രക്ഷിക്കാനും അവയുടെ ആര്‍ജിതമായ ഉത്പാദനശേഷി നശിക്കാതിരിക്കാനുമുള്ള പരിപാലന തന്ത്രങ്ങള്‍ക്ക് വേനല്‍ക്കാലത്ത് പ്രസക്തി ഏറെയാണ്. വന നശീകരണം, ജീവിതശൈലിയിലെ മാറ്റങ്ങള്‍, ജലസംഖ്യാ വര്‍ധനവ്, വ്യാവസായിക വളര്‍ച്ച, ആഗോളതാപനം തുടങ്ങി വിവിധ കാരണങ്ങളാണ് ഇന്നത്തെ ജല ദൗര്‍ലഭ്യത്തിലേക്ക് നമ്മെ കൊണ്ടെത്തിച്ചത്.

സ്വതവേ നിരവധി പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന കേരളത്തിലെ കാര്‍ഷികമേഖല വരള്‍ച്ചയുടെ തനിയാവര്‍ത്തനത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നിങ്ങുകയും ചെയ്യുന്നു. പ്രകൃതിയില്‍ സംഭവിക്കുന്ന അനിയന്ത്രിതമായ മാറ്റങ്ങള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനുള്ള കരുത്താര്‍ജിക്കുകയാണ് ഇവിടെ കരണീയം. മീനച്ചൂടിന്റെ മൂര്‍ധന്യത്തിലൂടെ കടന്നു പോകുമ്പോഴും കാര്‍ഷികസമ്പദ്ഘടനയുടെ നട്ടെല്ലായ പ്രധാന വിളകള്‍ക്ക് നല്‍കേണ്ട വേനല്‍ക്കാല പരിചരണങ്ങള്‍ നോക്കാം.

നനയുടെ നല്ലപാഠങ്ങള്‍

വേനല്‍ക്കാലകൃഷി പരിചരണത്തില്‍ ഏറ്റവും പ്രധാനം ജലനഷ്ടം പരമാവധി കുറച്ചുള്ള നനയാണ്. അമിതമായ ജലോപയോഗം വേനല്‍ ക്കാലത്ത് ആഡംബരമാണ്. നേരത്തെ നമുക്ക് പരിചയമുണ്ടായിരുന്നത് ഉപരിതല നന ആണ്.

തടങ്ങളും ചാലുകളും വഴി വിളകള്‍ക്ക് വെള്ളം എത്തിക്കുന്ന രീതിയാണിത്. ഇതില്‍ പെടുന്നതാണു തടം നന, കോണ്ടൂര്‍ തടം നന, ചാലു നന തുടങ്ങിയവ. കൊടുക്കുന്ന വെള്ളത്തിന്റെ 50 ശതമാനം മാത്രമേ ഇവിടെ ചെടികള്‍ക്ക് പ്രയോജനപ്പെടുന്നുള്ളൂ; ബാക്കി നഷ്ടപ്പെടുന്നു. പോരാത്തതിന് ഈ രീതിയില്‍ നനയ്ക്കാന്‍ ധാരാളം വെള്ളവും വേണം. ഇതു രണ്ടും പോരായ്മകള്‍ തന്നെ.

ഇനിയൊന്ന് തളിനന (സ്പ്രിങ്ക്‌ളര്‍ ഇറിഗേഷന്‍)യാണ്. മഴപെയ്യുന്നതുപോലെ ചെടികള്‍ക്ക് വെള്ളം എത്തിക്കുന്ന രീതിയാണിത്. പക്ഷെ, ഈ രീതിയില്‍ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ വെള്ളം എത്തും. ഏതാണ്ട് 70 ശതമാനം വെള്ളം മാത്രമേ ചെടികള്‍ക്ക് ഉപയോഗപ്പെടാറുള്ളു ഈ ജലനഷ്ടത്തില്‍ നിന്നാണു നാം തുള്ളി നനയിലേക്കെത്തിയത്. വിളകളുടെ വേരുപടലത്തില്‍ വെള്ളത്തിന്റെ ആവശ്യം മനസിലാക്കി വ്യത്യസ്ത പൈപ്പുകളിലൂടെ കുറഞ്ഞ മര്‍ദത്തില്‍ ഡ്രിപ്പറുകള്‍ അഥവാ എമിറ്ററുകളുടെ സഹായത്തില്‍ വെള്ളം എത്തിക്കുന്ന രീതിയാണിത്.

തടങ്ങളില്‍ സ്ഥിരമായി നനവ് നിലനിര്‍ത്തുകയും വരള്‍ച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത. തെങ്ങ്, കമുക്, കശുമാവ്, വാഴ തുടങ്ങി മികച്ച വിളകള്‍ക്കും ഇത് ഉചിതമാണ്. ബാഷ്പീകരണം വഴി സംഭവിക്കാവുന്ന ജല നഷ്ടം കുറയ്ക്കാം എന്ന മേന്മയുമുണ്ട്.

വെള്ളത്തിന്റെ ആവശ്യം ഒരു വശത്ത് വര്‍ധിക്കുമ്പോള്‍ മറുവശത്ത് ജല ദൗര്‍ലഭ്യവും സാധാരണമാകുകയാണിന്ന്. മനുഷ്യനു കുടിവെള്ളം പോലെ തന്നെ വിളകള്‍ക്ക് നനവെള്ളവും കിട്ടാക്കനിയാകുന്ന കാലം. ഇവിടെയാണ് തിരിനന എന്ന ആശയം രംഗപ്രവേശം ചെയ്തത്.

വീട്ടുകൃഷിക്ക് വളരെ സഹായകമാണ് ഈ രീതി. കുപ്പിയിലോ പൈപ്പിലോ വെള്ളം നിറച്ചിട്ട് അതിനു മുകളിലായി മണ്ണു നിറച്ച ഗ്രോ ബാഗോ ചട്ടിയോ വയ്ക്കണം. എന്നിട്ട് ഒരു തിരി മൂന്നില്‍ ഒരുഭാഗം വെള്ളത്തിലും ബാക്കിഭാഗം മണ്ണിലും വരത്തക്കവിധം ഗ്രോബാഗിന്റെ/ചട്ടിയുടെ മധ്യഭാഗത്തായി ഇറക്കി വയ്ക്കണം.

ഇതില്‍ ചെടി നട്ടാല്‍ അതിനാവശ്യമുള്ള വെള്ളം താഴത്തെ കുപ്പിയില്‍/പൈപ്പില്‍ നിന്ന് തിരിവഴി മണ്ണിലേക്ക് എത്തിച്ചേരും. താഴെ വെള്ളം കുറയുന്നതനുസരിച്ച് നിറച്ചാല്‍ മതിയാകും. ചുരുക്കത്തില്‍ വളരാന്‍ ആവശ്യമായ വെള്ളം സദാ ചെടിയുടെ വേരുപടലത്തില്‍ ഉണ്ടാകും.

CWRDM ആണ് പ്രസക്തമായ തിരിനന രീതി കണ്ടെത്തിയത്. 10 ഗ്രോബാഗുകള്‍ മുതല്‍ 50 എണ്ണം വരെ പച്ചക്കറികളും മറ്റും വളര്‍ത്താന്‍ ഈ രീതി ഉപയോഗപ്പെടുത്താം. വലിയ ചെലവില്ല. ജലനഷ്ടം തെല്ലുമില്ല. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഗ്രോബാഗുകള്‍ മാറ്റണം എന്നുമാത്രം. ഒരാഴ്ച വെള്ളം കിട്ടിക്കൊണ്ടേയിരിക്കും തക്കാളി, വെണ്ട, വഴുതന, പച്ചമുളക് പയര്‍, പടവലം തുടങ്ങിയ ഒട്ടുമിക്ക പച്ചക്കറികളും തിരിനന വഴി നല്ല വിളവുതരും.

കൃഷിയിടം പുതയ്ക്കാം

വേനല്‍ക്കാലത്ത് മണ്ണിലെ ജലാംശം നിലനിര്‍ത്താനും ബാഷ്പീകരണം തടയാനും ഏറ്റവും ഫലവത്തായ മാര്‍ഗമാണ് പുതയിടല്‍ (മള്‍ച്ചിങ്). ഇത് കൃഷിയിടത്തിലെ കളവളര്‍ച്ചയും തടയും. ഇതു തന്നെ ജൈവപ്പുതയും കൃത്രിമപുതയും ആകാം. ഇലകള്‍, പുല്ല്, മരപ്പൊടി, മരക്കഷണങ്ങള്‍, വൈക്കോല്‍ തുടങ്ങിയവയാണ് ജൈവപ്പുതയ്ക്കുള്ള ഉപാധികള്‍.

ജൈവവിഘടനം നടക്കുന്ന സസ്യഉത്പന്നങ്ങള്‍ കൊണ്ടുണ്ടാക്കിയ പുതകളും ഉപയോഗപ്രദമാണ്. സ്റ്റാര്‍ച്ച്, ഷുഗര്‍, പോളിയെസ്റ്റ് എന്നിവയില്‍ നിന്നാണ് ഇത്തരം പുതകള്‍ തയാറാക്കുക. ഇനി കാര്‍ഡ് ബോഡ്, ന്യൂസ്‌പേപ്പര്‍ തുടങ്ങി അര്‍ധജൈവപ്പുതകളും നിലവിലുണ്ട്.

കൃത്രിമപ്പുതകളില്‍ പെടുന്നവയാണ് റബര്‍ മള്‍ച്ച്, പ്ലാസ്റ്റിക് മള്‍ച്ച്, പോളിപ്രൊപ്പിലീന്‍ മള്‍ച്ച്, നിറമുള്ള പുതകള്‍ തുടങ്ങിയവ. റീസൈക്കിള്‍ഡ് റബര്‍-പ്രധാനമായും ക്രംമ്പ് റബര്‍-ഉപയോഗിച്ച് തയാറാക്കുന്നതാണ് റബര്‍ മള്‍ച്ച്. ഇത് ഉദ്യാനങ്ങളിലും ലാന്‍ഡ് സ്‌കേപ്പിംഗിനും ഉപയോഗിക്കാം.

പ്ലാസ്റ്റിക്ക് ഫിലിം ഉപയോഗിച്ച് മണ്ണ് പുതയ്ക്കുന്നതാണ് പ്ലാസ്റ്റിക് മള്‍ച്ച്. സാധാരണയായി തുള്ളി നന സംവിധാനത്തോടൊപ്പമാണു കൃഷിയിടങ്ങളില്‍ ഇതുപയോഗിക്കുന്നത്. മേല്‍മണ്ണില്‍ പിരിച്ച് കുറ്റിയടിച്ച് ഉറപ്പിക്കുന്നതാണ് പോളിപ്രോപ്പിലീന്‍/പോളി എത്തിലീന്‍ മള്‍ച്ച്. ഇതും തുള്ളിനനയോടൊപ്പം വിരിക്കാറാണ് പതിവ്. ജൈവ വിഘടന സ്വഭാവമുള്ളതാകയാല്‍ സീസണ്‍ കഴിയുമ്പോള്‍ ഇത് നീക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ കഷണങ്ങളായി മുറിഞ്ഞ് മണ്ണില്‍ നിറയും.


ജീവനുള്ള പുത എന്നാണ് ആവരണവിളകള്‍ പൊതുവെ അറിയപ്പെടുന്നത്. ഇതു തന്നെ പയര്‍ വര്‍ഗ വിളകളായാല്‍ പുതയുടെ ഗുണം കിട്ടും. മണ്ണ് വളക്കൂറുള്ളതാകുകയും ചെയ്യും. പ്യൂറേറിയ, കലപ്പഗോണിയം, സെന്‍ട്രോസീമ മ്യൂക്കുണ തുടങ്ങിവയെല്ലാം മികച്ച അവരണവിളകളാണ്.

മണ്ണില്‍ നനവ് നിലനിര്‍ത്തുക എന്ന പ്രഥമദൗത്യത്തിനു പുറമെ പുതയിടല്‍ മണ്ണിന്റെ ഘടന സംരക്ഷിക്കും, ജൈവപുത ഒരു പ്രത്യേക സൂക്ഷ്മ കാര്‍ഷിക കാലാവസ്ഥ സൃഷ്ടിക്കും, കളവളര്‍ച്ച നിയന്ത്രിക്കും, ധാരാളം സൂക്ഷ്മ മൂലകങ്ങളും ജൈവ ഹോര്‍മോണുകളും നാമറിയാതെ തന്നെ മേല്‍മണ്ണില്‍ നിക്ഷേപിക്കപ്പെടും. ഇതാകട്ടെ ചെടികളുടെ വളര്‍ച്ചയും ഫലോത്പാദനശേഷിയും വര്‍ധിപ്പിക്കുകയും ചെയ്യും.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ജൈവാവശിഷ്ടങ്ങള്‍ കത്തിക്കാതിരിക്കുക. തീയിട്ടാല്‍ അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരും. അതിനാല്‍ ജൈവാവശിഷ്ടങ്ങളും മറ്റും പുതയിടാന്‍ ഉപയോഗിക്കുക.

രോഗ-കീടങ്ങള്‍ പെരുകും കാലം

വരള്‍ച്ച പോലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന വലിയ മാറ്റങ്ങള്‍ രോഗങ്ങള്‍ വ്യാപിക്കാനും കീടങ്ങള്‍ വര്‍ധിക്കാനും കാരണമാകുന്നതായി കാണുന്നു. അതുപോലെ തന്നെ അപ്രതീക്ഷിതമായി ഇടയ്ക്കിടെ പെയ്യുന്ന മഴയും തുടര്‍ന്ന് അന്തരീക്ഷോഷ്മാവില്‍ സംഭവിക്കുന്ന വലിയ വര്‍ധനയും കീട-രോഗങ്ങള്‍ക്ക് വര്‍ധിത തോതില്‍ വ്യാപിക്കാന്‍ അനുകൂല സാഹചര്യമൊരുക്കുന്നു. പ്രത്യേകിച്ച് തെങ്ങ് പോലുള്ള വൃക്ഷവിളകളിലും പച്ചക്കറികളിലും.

ഊഷ്മ വ്യതിയാനം കുമിള്‍ബാധയ്ക്കും കീടങ്ങള്‍ക്കും പ്രചോദനമാകുമെന്നാണു ശാസ്ത്രമതം. ഉയര്‍ന്ന ഊഷ്മാവ് രോഗകാരികളായ കുമിളുകളുടെ ജീവിതചക്രം തന്നെ ത്വരിതപ്പെടുത്തും; വര്‍ധനനിരക്ക് പതിന്മടങ്ങാക്കും. ഇതോടൊപ്പം മഴക്കുറവു കൂടെയായാല്‍ പിന്നെ പറയുകയും വേണ്ട. തെറ്റിലെ വെള്ളീച്ച തക്കാളി, വഴുതന മുളക് തുടങ്ങിയവയുടെ ഇലചുരുട്ടി, മുഞ്ഞ, കായ് തുരപ്പന്‍, വെള്ളീച്ച ഇങ്ങനെ ഉപദ്രവകാരികളായ കീടങ്ങളുടെ ഒരു നീണ്ടനിര തന്നെ വേനല്‍ കനക്കുന്നതോടെ വിളകളിലെ നിത്യസന്ദര്‍ശകരാകും. മുച്ചൂടും നശിപ്പിക്കുകയും ചെയ്യും.

വേനല്‍ക്കാല ഉഴവ്

പരമ്പരാഗതമായി കേരളത്തിലെ കര്‍ഷകര്‍ ചെയ്തുപോന്നിരുന്നതാണ് കൃഷിയിടം വേനല്‍ക്കാലത്ത് ഉഴുതിടുക എന്നത്. എന്നാല്‍ ഇന്ന് ഇതു പലരും മറന്നിരിക്കുന്നു. പാറപോലെ ഉറച്ചുകിടക്കുന്ന മേല്‍മണ്‍ പാളിയെ തട്ടിയുടയ്ക്കുക പ്രധാനമാണ്. കാരണം അതു മണ്ണിനെ ഇളക്കമുള്ളതാക്കുന്നു. മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നു. ഒന്നിടവിട്ട് ചൂടാകുകയും തണുക്കുകയും ചെയ്യുന്നതു വഴി മണ്ണ് നന്നാകുന്നു. അല്പം വായു തട്ടിയാല്‍ തന്നെ മണ്ണിന്റെ ഉള്‍ഭാഗത്ത് കഴിയുന്ന ഉപകാരികളായ സൂക്ഷ്മാണുക്കള്‍ക്ക് പ്രജനനം എളുപ്പമാകും. അങ്ങനെയായാല്‍ ചേര്‍ക്കുന്ന ജൈവവളങ്ങള്‍ ദ്രുതഗതിയില്‍ വിഘടിച്ചു ചെടികള്‍ക്ക് നല്‍കിക്കൊണ്ടേയിരിക്കും.

ഇതു സസ്യവളര്‍ച്ചക്കും ഉത്തമം. ഇനി മറ്റൊരു കാര്യം നേരത്തെ പ്രയോഗിച്ച കളനാശിനികളുടെയോ കീടനാശിനികളുടെയോ അവശിഷ്ടം മണ്ണില്‍ കിടപ്പുണ്ടെങ്കില്‍ അതും വിഘടിച്ചു നശിക്കും എന്നതാണ്. ഇത് കൃഷിയിടത്തിന്റെ ശുദ്ധീകരണത്തിനിടയാക്കും.

മണ്ണില്‍ വെയിലടിച്ച് ചൂടേല്‍ക്കുമ്പോള്‍ ഉപദ്രവകാരികളായ കീടങ്ങള്‍ ഒരു പരിധിവരെ നശിക്കും, മണ്ണ് വഴി പകരുന്ന കുമിള്‍ ബാധയും മറ്റും കുറഞ്ഞു കിട്ടുകയും ചെയ്യും. മണ്ണിളക്കല്‍ കളകളെ വേരോടെ പിഴുതിളക്കുന്നതിനാല്‍ കളവളര്‍ച്ച കുറയും. ചരിഞ്ഞ സ്ഥലങ്ങളില്‍ മണ്ണിളക്കുന്നതു ചരിവിനു കുറുകെ ആകുമ്പോള്‍ ചരിവിന്റെ തുടര്‍ച്ച മുറിയുന്നു. ഇത് പിന്നീട് മഴക്കാലത്ത് മണ്ണ് കുത്തിയൊലിച്ചു പോകുന്നത് കാര്യക്ഷമമായി തടയാന്‍ സഹായിക്കും.

രക്ഷകന്‍ ബാക്റ്റീരിയ

വേനലിന്റെ കാഠിന്യം ചെറുത്തു നില്‍ക്കാന്‍ വിളകള്‍ക്ക് ശക്തി പകരാന്‍ കഴിവുള്ള ഒരിനം ബാക്റ്റീരിയയെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല കണ്ടെത്തി. അതാണ് പിങ്ക് പിഗ്മെന്റഡ് ഫാക്കല്‍റ്റേറ്റീവ് മെത്തിലോ ടോഫ് എന്ന പിപിഎഫ്എം ബാക്റ്റീരിയ. വരള്‍ച്ച അതിജീവിക്കാന്‍ കൈത്താങ്ങാകുന്നതിനു പുറമെ ഇതു നിരവധി വളര്‍ച്ചാഹോര്‍മോണുകളും ഉത്പാദിപ്പിക്കും. ഇതു വിളകളുടെ വര്‍ധിത വളര്‍ച്ചക്കും വിള ഉത്പാദനത്തിനും ഇടയാക്കും.

നെല്‍ച്ചെടികളിലാണെങ്കില്‍ ഇത് ഇലപ്പരപ്പിന്റെ പൂര്‍ണ ഉപയോഗം സാധ്യമാക്കുകയും ഇലകളിലെ ഹരിതക സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ വിത്തുമുളയ്ക്കല്‍, തൈവളര്‍ച്ച എന്നിവ ത്വരിതപ്പെടുത്തുക, കായിക വളര്‍ച്ച ദ്രുതതരമാക്കുക, പുഷ്പിക്കലും കായ്പിടിക്കലും നേരത്തേയാക്കുക, കായ്കളുടെ നിറം, ഭാരം, മേന്മ തുടങ്ങിയവ വര്‍ധിപ്പിക്കുക, 10 ശതമാനം വരെ വിളവര്‍ധന ലഭ്യമാക്കുക തുടങ്ങി അധിക നേട്ടങ്ങളുമുണ്ട്.

ഒന്നു രണ്ടു കാര്യങ്ങളേ ശ്രദ്ധിക്കേണ്ടതുള്ളൂ ബാക്റ്റിരിയല്‍ ലായനി തളിക്കുന്നത് അതിരാവിലെയോ വൈകുന്നേരമോ ആകണം. വിളവളര്‍ച്ചയുടെ നിര്‍ണായകദശകളില്‍ തളിക്കാന്‍ ശ്രദ്ധിക്കണം. മറ്റ് കീട-കുമിള്‍ നാശിനികളുമായി കലരാനോ കലര്‍ത്താനോ പാടില്ല.

ഇങ്ങനെ വേനല്‍ക്കാലം കരുതലോടെ നീങ്ങിയാല്‍ വിളകളെ സൂര്യാഘാതത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. സൂര്യനില്‍ നിന്നു വരുന്ന വില്ലന്മാരായ അള്‍ട്രാവയലറ്റ് രശ്മികള്‍ വരുത്തുന്ന സൂര്യാഘാതം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മാത്രമല്ല; ചെടികള്‍ക്കും ദോഷകരമാണ്.

അസാധാരണമായ പെരുമാറ്റം, സ്ഥലകാലവിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങി അപസ്മാരചേഷ്ടകള്‍ക്കു വരെ സൂര്യാഘാതത്തില്‍പെടുന്ന മനുഷ്യന്‍ വിധേയനാകുന്നുവെങ്കില്‍ ഓര്‍ക്കുക, കാര്‍ഷിക വിളകള്‍ക്കും ഈ അവസ്ഥാന്തരങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവ തരണം ചെയ്യാന്‍ നമ്മുടെ കരുതലും കൈത്താങ്ങും കൂടിയേ തീരൂ.

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (റിട്ട.)
9446306909