പ്രതീകാത്മക ചിത്രം.
മസ്തിഷ്കത്തിൽ ഉയർന്ന അളവിൽ റേഡിയേഷൻ ഏൽക്കുന്നത് കുട്ടികളിൽ ബ്രെയിൻ ട്യൂമർ സാധ്യത വർധിക്കുന്നതായി പുതിയ പഠനം. രോഗാവസ്ഥയെക്കുറിച്ചുള്ള പൂർണ അറിവിലേക്കും ചികിത്സ നിശ്ചയിക്കാനും മെഡിക്കൽ ഇമേജിംഗ് പലപ്പോഴും അനിവാര്യമാണ്. എങ്കിലും, സിടി സ്കാൻ പോലുള്ള അയോണൈസിംഗ് റേഡിയേഷൻ ഉപയോഗിക്കുന്ന പരിശോധനകൾ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രം നടത്തണമെന്നാണു ഗവേഷകർ വ്യക്തമാക്കുന്നത്.
യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ 37 ലക്ഷത്തിലധികം കുട്ടികളെ ഉൾപ്പെടുത്തി വിശദമായ പഠനമാണു ഗവേഷകർ നടത്തിയത്. എക്സ്-റേ, സിടി സ്കാൻ, പെറ്റ് സ്കാൻ എന്നിവയിലെ അയോണൈസിംഗ് റേഡിയേഷന്റെ പ്രത്യാഘാതങ്ങളായിരുന്നു ഗവേഷണവിഷയം. കാൻസർ പോലുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനൊപ്പം, ആരോഗ്യനില നിരീക്ഷിക്കുന്നതിനും ചികിത്സ നൽകുന്നതിനും ഇത്തരം പരിശോധനകൾ ഉപയോഗിക്കാറുണ്ട്. കുട്ടികളിൽ, മറ്റു സ്കാനുകളെ അപേക്ഷിച്ച്, തല സ്കാൻ ചെയ്യുന്നത് ഉയർന്ന അളവിൽ റേഡിയേഷൻ ഏൽക്കുന്നതിനു കാരണമാകുന്നു.
മെഡിക്കൽ ഇമേജിംഗിലൂടെയുള്ള അയോണൈസിംഗ് റേഡിയേഷൻ മൂലം കുട്ടികളിൽ ബ്രെയിൻ ട്യൂമർ ഉണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും റേഡിയേഷൻ കൂടുതൽ ഏൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രാവശ്യമാണെങ്കിൽക്കൂടി തലയിൽ സിടി സ്കാൻ ചെയ്യുന്നത് ട്യൂമർ സാധ്യത വർധിപ്പിക്കാമെന്നു പഠനത്തിൽ വിശദമാക്കുന്നു. മെഡിക്കൽ ഇമേജിംഗിന്റെ അപകടസാധ്യതകൾ വിലയിരുത്തിയ ഗവേഷകർ, കുട്ടികളിലെ ബ്രെയിൻ ട്യൂമറുകളിൽ ഏകദേശം 10.1 ശതമാനവും റേഡിയേഷനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണ്ടെത്തി.
ഇത്തരം പരിശോധനകൾക്കു വിധേയരാകരുതെന്നല്ല തങ്ങൾ വിശദീകരിക്കുന്നതെന്നു ഗവേഷകർ പറഞ്ഞു. ജീവൻരക്ഷയ്ക്ക് അത്യാവശ്യമാകാം. എന്നാൽ, റേഡിയേഷൻ അളവിൽ കുറവുവരുത്തുന്ന രീതികളിലേക്കു മാറണമെന്നാണു തങ്ങൾ നൽകുന്ന മുന്നറിയിപ്പെന്നും ഗവേഷകസംഘം പറഞ്ഞു.
Tags : BrainTumor CTScan X-ray IonizingRadiation MedicalImaging