ജയിൻ രാജും പി.ജയരാജനും
കണ്ണൂർ: റിസോർട്ട് വിവാദത്തിൽ പി.ജയരാജനെതിരായ ആരോപണങ്ങളെ പരിഹസിച്ച് മകൻ ജയിൻ രാജ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ജയിൻ രാജ് മറുപടി നൽകിയിരിക്കുന്നത്. സ്വന്തമായി പൂൾ നിർമിക്കാനുള്ള ശേഷിയില്ലാത്തതിനാൽ നാട്ടിലെ അമ്പലക്കുളത്തിൽനിന്ന് എടുത്ത ചിത്രമാണെന്ന അടിക്കുറിപ്പോടെയാണ് ജയിൻ രാജ് ചിത്രം പങ്കുവെച്ചത്.
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പി. ജയരാജനെതിരെ പാർട്ടിക്ക് പരാതി നൽകിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പരിഹാസ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. റിസോർട്ടിൽ നിന്ന് കളക്ഷൻ എടുക്കാൻ പോകുന്ന ഞാൻ എന്ന ക്യാപ്ഷനോടെ മറ്റൊരു എഫ്ബി പോസ്റ്റും അദ്ദേഹം പങ്കുവച്ചു. ഇടുക്കിയിലെ മാങ്കുളത്ത് സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ള വ്യക്തിയുമായി ചേർന്ന് പി. ജയരാജൻ റിസോർട്ട് നടത്തുന്നുവെന്നാണ് ഇ.പി. ജയരാജൻ പാർട്ടിക്ക് നൽകിയ പരാതിയിലെ ആരോപണം.
റിസോർട്ടിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി. ജയരാജൻ പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ പരാതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പി. ജയരാജൻ എഴുതി നൽകിയത്. പി.ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും പി. ജയരാജനാണെന്ന് ഇ.പിയുടെ കത്തിലുണ്ട്.
ഡിവൈഎഫ്ഐ നേതാവിന്റെ പരാതിക്ക് പിന്നിൽ പി.ജെ ആണെന്നും വനിതാ നേതാവിന്റെ പരാതി പി.ജെ എഴുതി വാങ്ങിയതാണെന്നും ഇ.പി ആരോപിക്കുന്നു. കോടിയേരി ബാലകൃഷ്ണനെതിരെ പി. ജയരാജൻ അപവാദ പ്രചാരണം നടത്തിയെന്നും പിണറായിക്കും മകൾക്കുമെതിരായ കേസിലെ രേഖകൾ ശേഖരിച്ചെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.
Tags : jain raj mocks Resort JainRaj E.P.Jayarajan Cpim KeralaPolitics PoliticalControversy