കേരള ഹൈക്കോടതി
കൊച്ചി: ക്രൈസ്തവ പുരോഹിതനോ കന്യാസ്ത്രീയോ ആയതുകൊണ്ടു മാത്രം പിന്തുടര്ച്ചാവകാശ നിയമപ്രകാരമുള്ള സ്വത്തവകാശത്തിന് അര്ഹരല്ലാതാകുന്നില്ലെന്നു ഹൈക്കോടതി.
ലൗകികസുഖങ്ങള്‍ ഉപേക്ഷിച്ച് മതപരമായ സന്യാസ ക്രമത്തില്‍ ചേര്‍ന്നാലും പിന്തുടര്ച്ചാവകാശത്തിലൂടെയോ മരണപത്രം വഴിയോ ഒരു വ്യക്തിക്കു ലഭിച്ച സ്വത്തവകാശം സ്വയമേവ നഷ്ടമാകില്ല.
വ്യക്തിനിയമം, ആചാരം, കീഴ്വഴക്കം എന്നിവയ്ക്കുമേല്‍ നിയമനിര്‍മാണ സഭ പാസാക്കിയ നിയമമാണു നിലനില്‍ക്കുകയെന്ന് മോളി ജോസഫ് കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ജസ്റ്റീസ് ജി. ഗിരീഷ് വ്യക്തമാക്കി. ക്രിസ്ത്യന്‍ പുരോഹിതന്റെയോ സന്യാസിനിയുടെയോ പിന്തുടര്ച്ചാവകാശത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമം യാതൊരു വ്യത്യാസവും വരുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
പിതാവിന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ലഭിച്ച നഷ്ടപരിഹാരത്തുകയും ആശ്വാസധനവും ആറു സഹോദരങ്ങള്‍ക്കും തുല്യമായി വീതിച്ചുനല്‍കണമെന്ന കോഴിക്കോട് അഡീ. ജില്ലാ കോടതി ഉത്തരവിനെതിരേ താമരശേരി സ്വദേശി എ.എം. ജോസ് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
പിതാവ് മാണിയുടെ പേരിലുണ്ടായിരുന്ന 3.295 ഏക്കര്‍ പിതൃസ്വത്ത് ഏറ്റെടുത്ത വകയില്‍ ലഭിച്ച 3.75 കോടി രൂപ എല്ലാ മക്കള്‍ക്കുമായി വീതിച്ചുനല്‍കാനായിരുന്നു ജില്ലാ കോടതി ഉത്തരവ്. എന്നാല്‍, ഈ സ്വത്ത് താനാണു നോക്കിനടത്തിയതെന്നും മാറിത്താമസിച്ചതിനാല്‍ മറ്റു സഹോദരങ്ങള്‍ക്കും സന്യാസജീവിതം സ്വീകരിച്ചതിനാല്‍ സഹോദരിക്കും ആശ്വാസധനത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഒരു സഹോദരന് കുടുംബ ധാരണാപത്രം മുഖേന അവകാശം ഉപേക്ഷിച്ചുവെന്നും ചുണ്ടിക്കാട്ടി.
എന്നാല്‍, തറവാട്ടുസ്വത്ത് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വൈകാരികവിഷമത്തിന് നല്കുന്ന ആശ്വാസധനത്തിന് വസ്തു നോക്കിനടത്തിയ സഹോദരനു പ്രത്യേക അവകാശമൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാത്ത കുടുംബ ധാരണാപത്രം വഴി സഹോദരന് അവകാശം ഉപേക്ഷിച്ചുവെന്ന വാദം നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
Tags : Kerala High Court Priests Nuns Property Rights