ഡബിള്‍ ഹോര്‍സ് കപ്പ്‌ കേളി ഫുട്ബോള്‍ ടൂർണമെന്‍റ് ഫൈനല്‍ മത്സരവും സമാപനവും നവംബര്‍ 9 ന്
Friday, November 9, 2018 4:19 AM IST
റിയാദ്: ഡബിള്‍ഹോര്‍സ് വിന്നേഴ്സ് കപ്പിനും ഫ്യൂച്ചര്‍എഡ്യൂക്കേഷന്‍ റണ്ണേഴ്സ് കപ്പിനും വേണ്ടിയുള്ള ഒന്‍പതാമത് കേളി ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഫൈനല്‍ മത്സരവും സമാപനവും നവംബര്‍ 9 ന് (വെള്ളി) നസ്രിയയിലെ റയൽ മാഡ്രിഡ്‌ അക്കാദമി സ്റ്റേഡിയത്തിൽ നടക്കും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന ഫൈനലിൽ ഐബി ടെക് എല്‍എഫ്സിയും എ.സി.ടി സോലുഷന്‍ ഹാഫ്ലൈറ്റ് ബ്ലാസ്റ്റെഴ്സ് എഫ്സി വാഴക്കാടും തമ്മിൽ ഏറ്റുമുട്ടും.

സഫമക്കപോളിക്ലിനിക് വിന്നേഴ്സ് കപ്പിനും ഫ്യൂച്ചര്‍എഡ്യൂക്കേഷന്‍ റണ്ണേഴ്സ് കപ്പിനും വേണ്ടിയുള്ള അഞ്ചാമത് കേളി ഇന്‍റര്‍ സ്കൂള്‍ ഫുട്ബോള്‍ ഫൈനൽ മത്സരവും ഇതേ സ്റ്റേഡിയത്തിൽ നടക്കും. നിലവിലെ ചാന്പ്യന്മാരായ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ റിയാദ് , യാര ഇന്‍റര്‍നാഷണല്‍ സ്കൂളിനെയാണ് ഫൈനലില്‍ നേരിടുക.

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി റിയാദിലെ ഫുട്ബോള്‍ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ച ടൂർണമെന്‍റിൽ ലീഗ്-കം-നോക്കൗട്ട് അടിസ്ഥാനത്തില്‍ റിയാദ് ഇന്ത്യന്‍ഫുട്ബോള്‍ അസോസിയേഷന്‍ അംഗീകാരമുള്ള എട്ട് പ്രമുഖ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായിട്ടായിരുന്നു മത്സരിച്ചിരുന്നത്. കേരളത്തിലെ പ്രഗല്‍ഭരായ നിരവധി ഫുട്ബോള്‍ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു. സൗദി റഫറി അലി അൽ ഖഹ്താനി ഹെഡ് റഫറിയായുള്ള ഒൻപതംഗ സംഘമാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.

കളിയുടെ മേന്മക്കും നല്ലൊരു കായിക സംസ്കാരം വളർത്തിയെടുക്കാനും ഫിഫ ഫെയർപ്ളേ മാർഗനിർദ്ദേശങ്ങള്‍ നടപ്പിലാക്കിയ ടൂർണ്ണമെന്‍റിൽ ബഷീര്‍ തൃത്താലയുടെ സ്മരണയ്ക്കായി ഫെയര്‍പ്ലേ അവാര്‍ഡും ടൂർണമെന്‍റിൽ ആദ്യ റൗണ്ടില്‍ പുറത്തായ ടീമുകള്‍ ഉള്‍പ്പെടെ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രൈസ്മണിയും ഏര്‍പ്പെടുത്തിയതായി കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ അറിയിച്ചു.

മത്സരങ്ങള്‍ക്ക് മിഴിവേകാന്‍ ബാന്‍ഡ് മേളവും കുട്ടികളുടെ ഘോഷയാത്രയും ഉണ്ടായിരിക്കുമെന്നും സമാപനയോഗത്തില്‍ റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ അനില്‍ നൌട്ടിയാല്‍ മുഖ്യാതിഥി ആയിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.