സ്‌പെയര്‍ പാര്‍ട്ട്‌സ് സ്ഥാപനത്തില്‍ നിന്നും 60 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു
Tuesday, December 18, 2018 3:48 PM IST
അബുദാബി : വ്യവസായ മേഖലയിലെ ഒരു വാഹന സ്‌പെയര്‍ പാര്‍ട്ട്‌സ് വില്‍പന സ്ഥാപനത്തില്‍ കുഴിച്ചിട്ട നിലയില്‍ സൂക്ഷിച്ചിരുന്ന 60 കിലോ ഹെറോയിന്‍ അബുദാബി പൊലീസ് പിടിച്ചെടുത്തു. മണ്ണില്‍ കുഴിയെടുത്ത് രഹസ്യ അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മൂന്ന് ഏഷ്യന്‍ വംശജരെ കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യ അറ കാണാതിരിക്കാന്‍ പഴയ കാറുകളുടെ വാതിലുകള്‍ കൂട്ടിയിട്ട് മുകള്‍ഭാഗം മറച്ചിരുന്നു.

24-45 മധ്യേ പ്രായമുള്ളവരാണ് പിടിയിലായ പ്രതികള്‍. ഇവരില്‍ ഒരാള്‍ സ്ഥാപനത്തിന്റെ ബിസിനസ് പങ്കാളിയാണ്. നിക്ഷേപക വീസയിലുള്ള ഒരാളും സന്ദര്‍ശക വീസയില്‍ എത്തിയ മറ്റൊരാളുമാണ് കൂട്ടുപ്രതികളെന്ന് മയക്കുമരുന്ന് പ്രതിരോധ വകുപ്പ് തലവന്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി അറിയിച്ചു. ഏറെ നാളത്തെ ആസൂത്രണങ്ങള്‍ക്ക് ശേഷം നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള