സമസൃഷ്ടങ്ങൾക്കുവേണ്ടി സമയം കണ്ടെത്തിയപ്പോൾ ജീവിതലക്ഷ്യം തെളിഞ്ഞു: ദയാബായി
Tuesday, January 22, 2019 9:26 PM IST
അബുദാബി: വേദവചനങ്ങളുടെ ആത്മീക പ്രകാശവും സാമൂഹ്യപ്രവർത്തന രംഗത്തെ സമർപ്പിത വ്യക്തിത്വങ്ങളുടെ ത്യാഗോജ്ജ്വല ജീവിത മാതൃകയും സ്വന്തം ജീവിതത്തിൽ സാംശീകരിച്ചതാണ് തന്‍റെ ജീവിതലക്ഷ്യത്തെ കണ്ടെത്താൻ സഹായിച്ചതെന്ന് ഉത്തരേന്ത്യയിലെ ആദിവാസി മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി അഭിപ്രായപ്പെട്ടു. മാർത്തോമ സേവികസംഘത്തിന്‍റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി അബുദാബി മാർത്തോമ ഇടവക സേവികസംഘത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

ഇടവക വികാരി റവ.ബാബു പി കുലത്താക്കൽ അധ്യക്ഷത വഹിച്ചു . സഹവികാരി റവ. ബിജു സി പി, സേവികാസംഘം യുഎഇ സെന്‍റർ പ്രസിഡന്‍റ് റവ. സുനിൽ എം ജോൺ , ശാഖാ സെക്രട്ടറി സൂസൻ അലക്സ് , വൈസ് പ്രസിഡന്‍റ് മേഴ്‌സി വി. ജോൺ ട്രസ്റ്റിമാരായ സൂസൻ ഷാജു ജോൺ , ജോളി ബിജു, ജോയിന്‍റ് സെക്രട്ടറി അഡ്വ .സിൽസി റേച്ചൽ സാമുവൽ , സൂസൻ മനോജ് , സീമ ജോസഫ്, ബിനി ജോർജ്, ഇടവകയിലെ മറ്റ് സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു .

ചടങ്ങിൽ ദയാബായിയേയും സേവികസംഘത്തിലെ മുതിർന്ന അംഗങ്ങളേയും പൊന്നാടയണിയിച്ചു. ശതാബ്‌ദി ഗാനത്തിന്‍റെ അറബിക് ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലെ ആലാപനം ശ്രദ്ധേയമായി. തെരുവു നാടക ശൈലിയിൽ എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിലെ ദുരവസ്ഥ ഏകാംഗാഭിനയത്തിലൂടെ ദയാബായി വേദിയിൽ അവതരിപ്പിച്ചു. ദുരിതമേഖലകളിൽ പ്രവാസികളുടെ അടയന്തിര ശ്രദ്ധ പതിയണമെന്നും അവർ അഭ്യർഥിച്ചു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള