കൊയിലാണ്ടിക്കൂട്ടം സംവാദം സംഘടിപ്പിച്ചു
Wednesday, February 20, 2019 8:25 PM IST
അബാസിയ (കുവൈത്ത്) : കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ ‘എൽസിഎച്ച്എഫ് (കീറ്റോ ഡയറ്റ്) ഗുണവും ദോഷവും’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. അബാസിയ യുണൈറ്റഡ് സ്കൂളിൽ നടന്ന പരിപാടി കുവൈത്ത് ചാപ്റ്റർ ചെയർമാൻ ഷാഹുൽ ബേപ്പൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മൻസൂർ മുണ്ടോത്ത്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹ്രസ്വ സന്ദർശനാർഥം കുവൈത്തിൽ എത്തിയ മുൻകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ സിദ്ദീഖ് കൂട്ട്മുഖത്തിന് സ്വീകരണം നൽകി.

തുടർന്നുനടന്ന സംവാദത്തിൽ മനോജ് കുമാർ കാപ്പാട് മോഡറേറ്ററായി. ഫൈസൽ മഞ്ചേരി എൽ.സി.എച്ച്.എഫിന്‍റെ ഗുണവശവും അബ്ദുൽ ഹമീദ് ദോഷവശവും അവതരിപ്പിച്ചു. സദസിൽനിന്നും ഉയർന്നുവന്ന ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകിയപ്പോൾ ആരോഗ്യകരമായ സംവാദത്തിനു വേദി സാക്ഷിയായി. രക്ഷാധികാരി റൗഫ് മഷൂർ, ഷാഹിദ് സിദ്ദീഖ്, സാമൂഹിക പ്രവർത്തകൻ ഹസൻ കോയ എന്നിവർ സംസാരിച്ചു. സെക്രട്ടറി സനു കൃഷ്ണൻ സ്വാഗതവും ട്രഷറർ അക്‌ബർ ഊരള്ളൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ