പുണ്യ ഭൂമിയിൽ ഹജ്ജ് സേവനത്തിനു സമാപനം കുറിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളന്‍റിയർമാർ
Monday, September 9, 2019 8:39 PM IST
മക്ക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളണ്ടിയർമാരുടെ ഈ വർഷത്തെ സേവന പ്രവർത്തനങ്ങൾക്കു സമാപനമായി. വെള്ളിയാഴ്ച ഗ്രീൻ കാറ്റഗറി 565 ബിൽഡിംഗിൽനിന്നുള്ള 205 ഹാജിമാരെ മദീനയിലേക്ക് യാത്രയാക്കിയാണ് ഈ വർഷത്തെ മക്കയിലെ സേവനപ്രവർത്തനങ്ങൾക്കു തിരശ്ചീല വീണത്.

സമാപന സംഗമം ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ്ജ് കോൺസുലരുമായ യുംകൈബം സാബിർ ഉദ്ഘാടനം ചെയ്തു. കുറ്റമറ്റതും അവസരോജിത ഇടപെടലുൾപ്പെടെ ഹജ്ജ് സേവന രംഗത്ത് കൃത്യമായ പ്ലാനിംഗും വ്യത്യസ്ത ഷിഫ്റ്റുകളിലായി 24 മണിക്കൂർ സേവനവും ഫോറം വോളണ്ടിയർമാരുടെ പ്രവർത്തനത്തിൽ ബോധ്യമായതായി അദ്ദേഹം പറഞ്ഞു .സ്വന്തത്തെ മറന്നു അവശരായ ഹാജിമാരെ ഏറ്റിക്കൊണ്ടുപോയി യഥാ സ്ഥാനത്തെത്തിക്കുന്ന ഫോറം വോളണ്ടിയര്മാരുടെ പ്രവർത്തനത്തിന് നന്ദി പറയാൻ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മക്ക ഗവർണർക്കു കീഴിൽ പ്രവർത്തിക്കുന്ന ജംഇയ്യത്തു മറാകിസുൽ അഹ്‌യാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

നാലുവർഷമായി മറാകിസുൽ അഹ്‌യയുമായി ചേർന്നാണ്‌ മക്കയിൽ ഫോറത്തിന്‍റെ വോളണ്ടിയർ പ്രവർത്തനം, ജനങ്ങളിൽ ഉത്തമൻ സഹജീവികൾക്കുകൂടി പ്രവർത്തിക്കുന്നവരാണെന്നും ഇത്തരം പ്രവർത്തനങ്ങൾ അതിനുത്തമദാഹരണമാണെന്നും മറാകിസുൽ അഹ്‌യാ ഡയറക്റ്റർ ഡോ. മുഹമ്മദ് ബാസിൽ ആശംസ പ്രസംഗത്തിൽ പറഞ്ഞു. ഹജ്ജ് വൈസ് കോൺസുലർ ആസിഫ്, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയണൽ മെമ്പർ സാദിഖ്, കേരള ചാപ്റ്റർ പ്രസിഡന്‍റ് നൗഷാദ് ചിറയിൻകീഴ് എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. പരിപാടിയിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക വോളണ്ടിയർ കോഓർഡിനേറ്റർ ഖലീൽ ചെമ്പയിൽ അധ്യക്ഷത വഹിച്ചു. അബ്ദുസലാം ഖിറാഅത്തു നടത്തി. വോളന്‍റിയർ ക്യാപ്റ്റൻ അബ്ദുൽ ഗഫ്ഫാർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുതസ്തഫ പെരുവള്ളൂർ
റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ