കൊളോണിലും ബോണിലും ഡീസൽ വാഹന നിരോധനം ; ഇന്ധന നികുതി വേറെയും
Saturday, November 10, 2018 1:44 AM IST
കൊളോണ്‍: കൊളോണിലും ബോണിലും ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ പ്രാദേശിക കോടതികൾ ഉത്തരവിട്ടു. 2019 ഏപ്രിലിനുള്ളിലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽവരിക. ജർമൻ പരിസ്ഥിതി സംഘടനയായ ഡിയുഎച്ച് നൽകിയ കേസിലാണ് പുതിയ ഉത്തരവ്.

നൈട്രജൻ ഡയോക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കുക എന്നതാണ് ഡീസൽ നിരോധനത്തിന്‍റെ ലക്ഷ്യം.

ബോണിൽ രണ്ടു സ്ട്രീറ്റുകളിൽ മാത്രമായിരിക്കും നിരോധനം നടപ്പാക്കുക. സ്റ്റുട്ട്ഗാർട്ട്, ഫ്രാങ്ക്ഫർട്ട്, ബർലിൻ തുടങ്ങിയ നഗരങ്ങളിൽ നേരത്തെ തന്നെ സമാനമായ നിർദേശങ്ങൾ വന്നിരുന്നു. ഹാംബുർഗ് നഗരം സ്വന്തം നിലയ്ക്കും ഇങ്ങനെ തീരുമാനമെടുത്തിരിക്കുകയാണ്.

ഭാവിയിൽ അധിക ഇന്ധന നികുതി ഏർപ്പെടുത്തിയേക്കും
ജർമനിയിൽ ഭാവിയിൽ അധിക നികുതി ഏർപ്പെടുത്താൻ സാദ്ധ്യതയുള്ളതായി പരിസ്ഥിതി മന്ത്രി സ്വെൻയ ഷൂൾസ് അഭിപ്രായപ്പെട്ടു. ജർമനി കാലാവസ്ഥാ അനുയോജ്യ വാഗ്ദാനങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായിട്ടായിരിയ്ക്കും നികുതി വർദ്ധന.

ഇതനുസരിച്ച് രണ്ടു യൂറോയി പെട്രോൾ വില (ഹീറ്റിംഗ് ഓയിൽ ഉൾപ്പടെ ) ഉയർന്നേക്കാമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി നയത്തിൽ ഒരു പുതിയ അധ്യായത്തിനു വേണ്ടിയുള്ള സമയമായി ഇപ്പോൾ. ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കൈയടക്കും അവർ കൂട്ടിച്ചേർത്തു.
ഇപ്പോൾ തന്നെ മിക്ക നഗരങ്ങളിലും ഡീസൽ വാഹനങ്ങൾക്ക് അനുമതി നിഷേിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏകദേശം 2,00,000 കാറുകളെ ഉത്തരവ് ബാധിച്ചേക്കും.

നിലവിൽ പ്രീമിയം പെട്രോൾ ലിറ്ററിന് 1.53 യൂറോയാണ് (90 സെന്‍റ് നികുതി/മിനറൽ എണ്ണ മൂല്യ
വർദ്ധിത നികുതി) വില. ഗതാഗതം, കാർഷിക അല്ലെങ്കിൽ ഉൗർജ്ജം പോലുള്ള മേഖലകളിൽ കാർബണ്‍ ഡൈഓക്സൈഡ് കുറയ്ക്കാനാണ് സർക്കാർ നീക്കം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ