പ്രവാസി ലീഗല്‍ സെൽ ദേശീയ വിവരാവകാശ അവാര്‍ഡ് ദാന ചടങ്ങ് 27 ന്
Friday, January 25, 2019 8:16 PM IST
ന്യൂഡൽഹി: പ്രവാസി ലീഗല്‍ സെല്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്കായി ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കെ. പത്മനാഭന്‍ മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡ് ദാന ചടങ്ങ് ജനുവരി 27 ന് (ഞായർ) നടക്കും.

പ്രവാസി ലീഗല്‍ സെല്ലിന്‍റെ ആദ്യ ജനറല്‍ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമായ കെ. പത്മനാഭന്‍റെ ഓര്‍മ്മയ്ക്കായി ദേശീയ തലത്തില്‍ സ്ഥാപിച്ചിട്ടുള്ള അവാര്‍ഡ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത് അഭിഭാഷകനും പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനുമായ ഡി. ബി. ബിനുവിനാണ്.

മാറാട് കമ്മീഷന്‍ റിപ്പോര്‍ട്ട്, സുനാമി ഫണ്ട്‌ ദുരുപയോഗം തുടങ്ങി പല പ്രമുഖ വിഷയങ്ങളിലും വിവരാവകാശ നിയമം ഉയോഗിച്ച് വിവരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ എത്തിച്ചിട്ടുള്ള അഡ്വ. ബിനു, ആര്‍റ്റിഐ കേരളാ ഫെഡറേഷന്‍, ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം, സിറ്റിസെന്‍സ് ഡിഫെന്‍സ് ഗില്‍ഡ്, ഫ്രണ്ട്സ് ഓഫ് എൻവിറോൺമെന്‍റ് എന്നിവയുടെ ജനറല്‍ സെക്രട്ടറികൂടിയാണ്.

ഡല്‍ഹിയിലെ കോൺസ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്ലിന്‍റെ രക്ഷാധികാരി ജസ്റ്റിസ് സി.എസ്. രാജന്‍ അവാര്‍ഡ് സമ്മാനിക്കും. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ മുഖ്യാഥിതി ആയ ചടങ്ങില്‍ മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജാഹത് ഹബീബുള്ള വിവരാവകാശ നിയമത്തെക്കുറിച്ച് പ്രഭാഷണം നടത്തും.

പ്രവാസി ലീഗല്‍ സെല്ലിന്‍റെ പ്രസിഡന്‍റായ അഡ്വ. ജോസ് എബ്രഹാം രചിച്ച് പൈഡീയ ബുക്സ് പ്രസിദ്ധീകരിക്കുന്ന Right to information – Key to Open Democracy എന്ന ഗ്രന്ഥവും ചടങ്ങിൽ പ്രകാശനം ചെയ്യും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്