ഉന്നത പദവികളിൽ വനിതാ സംവരണം: ബിൽ സ്വിസ് സെനനറ്റ് അംഗീകരിച്ചു
Friday, June 21, 2019 9:20 PM IST
ജനീവ: വ്യവസായ സ്ഥാപനങ്ങളിലെ ഉന്നത പദവികളിൽ സ്ത്രീകൾക്കു സംവരണം ഉറപ്പാക്കുന്നതിനുള്ള ബിൽ സ്വിറ്റ്സർലൻഡിലെ സെനറ്റ് അംഗീകരിച്ചു. വലിയ കന്പനികളിലെ മാനേജ്മെന്‍റ് തലത്തിലും ബോർഡുകളിലുമാണ് 30 ശതമാനം ക്വോട്ട ഏർപ്പെടുത്തുന്നത്.

അഞ്ചു വർഷത്തിനുള്ളിൽ ഈ തീരുമാനം കന്പനികൾ നടപ്പാക്കണം. എക്സിക്യൂട്ടീവ് ബോർഡിൽ 20 ശതമാനം സംവരണം പത്തു വർഷത്തിനുള്ളിലും നടപ്പാക്കാനാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്.

സർക്കാർ അവതരിപ്പിച്ച ബില്ലിന് സെനറ്റിൽ 27 പേർ പിന്തുണ നൽകിയപ്പോൾ 13 പേർ എതിർത്തു. നേരത്തെ പാർലമെന്‍റിന്‍റെ അധോസഭയിൽ അവതരിപ്പിച്ച ബിൽ ഒരു വോട്ടിന്‍റെ മാത്രം ഭൂരിപക്ഷത്തിലാണ് പാസായത്.

രാജ്യത്ത് പ്രവർത്തിക്കുന്ന 200 മുതൽ 250 വരെ കന്പനികൾക്ക് പുതിയ നിയമം ബാധകമാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം നിയമം നടപ്പാക്കാത്തവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാൻ ബില്ലിൽ വ്യവസ്ഥയില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ