ജർമനിയിൽ ജനന നിരക്ക് കൂടുന്നു
Saturday, September 7, 2019 8:41 PM IST
ബർലിൻ: 2018 ൽ ജർമനിയിൽ ജനിച്ച കുട്ടികളുടെ എണ്ണത്തിൽ മുൻ വർഷത്തേതിനെ അപേക്ഷിച്ച് വർധന രേഖപ്പെടുത്തി. 787,523 കുട്ടികളാണ് 2018 ൽ ജനിച്ചത്. 2600 ആണ് വർധനയെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാകുന്നു.

1.57 ആണ് ഒരു സ്ത്രീക്ക് ജനിക്കുന്ന ശരാശരി കുട്ടികളുടെ എണ്ണം. കഴിഞ്ഞ മുപ്പതു വർഷത്തിനിടെ നാൽപ്പതു വയസിനു ശേഷം അമ്മമാരാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായി വർധനയും രേഖപ്പെടുത്തുന്നു. കഴിഞ്ഞ വർഷം 42,800 കുട്ടികളാണ് ഈ പ്രായ വിഭാഗത്തിലുള്ള സ്ത്രീകൾക്കു ജനിച്ചത്. അതായത് ആയിരം പേർക്ക് 40 കുട്ടികൾ വീതം. 1990ൽ ഇത് 23 മാത്രമായിരുന്നു.

ഏറ്റവും കൂടുതൽ നവജാത ശിശുക്കളുണ്ടായ സ്റ്റേറ്റ് ഹാംബർഗാണ്, ആയിരം പേർക്ക് 12 കുട്ടികൾ എന്ന നിരക്കിൽ. ബർലിനിലും ബ്രെമനിലും 11 വീതം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ