പുതിയ രൂപത്തിൽ പൗണ്ട് 2020 ൽ പുറത്തിറങ്ങും
Saturday, October 12, 2019 8:26 PM IST
ലണ്ടൻ: ഇരുപതു പൗണ്ടിന്‍റെ പുതിയ പോളിമർ നോട്ടുകൾ അടുത്ത വർഷം ഫെബ്രുവരിയിൽ വിപണിയിലെത്തും. കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടുകൂടി പുറത്തിറക്കുന്ന നോട്ടുകളിൽ വ്യത്യസ്ത നിറങ്ങളിലുള്ള ഫോയിലുകളും മെറ്റാലിക് ഹോളോഗ്രാമുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

നിലവിൽ എലിസബത്ത് രാജ്ഞിക്കൊപ്പം ആഡം സ്മിത്തിന്‍റെ ചിത്രമാണ് ആലേഖനം ചെയ്തിരുന്നത്. എന്നാൽ പുതിയ പതിപ്പിൽ ആർട്ടിസ്റ്റ് ജഐംഡബ്ല്യു ടർണറാണ് രാജ്ഞിക്കൊപ്പം സ്ഥാനം പിടിക്കുന്നത്. ബാറ്റിൽ ഓഫ് ട്രഫാൾഗറിന്‍റെ ചിത്രങ്ങളും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021 ൽ 50 പൗണ്ടിന്‍റെ പുതിയ നോട്ടുകളും പുറത്തിറങ്ങും.പൗണ്ട് സ്റ്റെർലിങ്ങിന്‍റെ എല്ലാ ഡിനോമിനേഷനിലെയും നോട്ടുകൾ പോളിമറായിട്ടാണ് പുതിയ പതിപ്പുകൾ ജനങ്ങളിലെത്തുന്നത്. നേരത്തെ അഞ്ച്, പത്ത് നോട്ടുകളും പോളിമറാക്കിയിരുന്നു.

പുതിയ നോട്ടുകൾക്ക് തിളക്കവും സുരക്ഷയും വർധിപ്പിക്കുന്ന ആധുനിക സംവിധാനങ്ങൾ ചേർത്തിരിക്കുന്നതുകൊണ്ട് കള്ളനോട്ടു തടയാൻ ഏറെ സഹായകമാവും.പ്രത്യേക മെറ്റാലിക് ഹോളോഗ്രാം മുദ്രയിലൂടെയാണ് പുതിയ നോട്ടിന്‍റെ വ്യാജ നിർമാണം അസാധ്യമാവും. രണ്ട് ബില്യണ്‍ 20 പൗണ്ട് നോട്ടുകളാണ് നിലവിൽ ബ്രിട്ടന്‍റെ വിപണിയിലുള്ളത്. പുതിയ പതിപ്പിന്‍റെ വരവോടുകൂടി 2021 ഓടെ പഴയതു പിൻവലിക്കും.2021 ൽ 50 പൗണ്ടിന്‍റെ പുതിയ പോളിമർ നോട്ടുകളും വിപണിലെത്തും.അലൻ ടൂറിങ്ങിന്‍റെ ചിത്രമാണ് അന്പത് പൗണ്ട് നോട്ടിൽ രാജ്ഞിയുടെ ചിത്രത്തിനൊപ്പം ആലേഖനം ചെയ്യുന്നത്. പുതിയ പതിപ്പിൽ മുൻ പ്രധാനമന്ത്രി വിൻസ്റ്റണ്‍ ചർച്ചിലിന്‍റെയും 10 പൗണ്ട് നോട്ടിൽ വിഖ്യാത നോവലിസ്റ്റ് ജാൻ ഓസ്റ്റിന്‍റെയും ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ