ശിശുമരണം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് റിപ്പോർട്ട്
Saturday, October 19, 2019 8:27 PM IST
ബർലിൻ: ഏറ്റവും കൂടുതൽ ശിശുമരണം ഇന്ത്യയിലെന്ന് റിപ്പോർട്ട്. 2018ൽ മാത്രം 8.82 ലക്ഷം ശിശുമരണങ്ങളാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുണിസെഫിന്‍റെ റിപ്പോർട്ട് പുറത്തുവന്നു.

അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികളെയാണ് ഈ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്രായ വിഭാഗത്തിൽപ്പെടുന്ന 8,66,000 കുട്ടികൾ മരിച്ച നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാൻ (4,09,000) മൂന്നാമതും.

കുട്ടികളിലെ പോഷകാഹാരക്കുറവ് കൂടുതൽ ഗൗരവമായെടുക്കണമെന്ന സന്ദേശമാണ് റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നത്. അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികൾ മരിച്ചതിൽ 69 ശതമാനം പേരുടെയും മരണത്തിനു കാരണം പോഷകാഹാരക്കുറവാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിലെ പോഷകാഹരാക്കുറവ് സംബന്ധിച്ച് യൂണിസെഫ് ഇത്രയും സമഗ്രമായ പഠനം നടത്തുന്നത് ഇരുപതു വർഷത്തിനിടെ ഇതാദ്യമായാണ്. ഇന്ത്യയിൽ അഞ്ച് വയസിനു താഴെയുള്ള കുട്ടികളിൽ അന്പത് ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ