ഇറ്റലിയിലെ ഇന്ത്യൻ എംബസി ഓണാഘോഷം നടത്തി
Monday, October 21, 2019 9:20 PM IST
റോം: വൈകിയാണെങ്കിലും റോമിലാദ്യമായി ഇറ്റലിയിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ എംബസി അങ്കണത്തിൽ തിരുവോണം ആഘോഷിച്ചു. ഒക്ടോബർ 19 ന് എംബസി കവാടത്തിൽ ഒരുക്കിയ ഓണപ്പൂക്കളത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നിഹാരിക സിംഗ് , മിലൻ കോണ്‍സുലർ ഡോ.ബിനോയ് ജോർജ്, ശ്യാംചന്ദ് സഞ്ജയ് ജയൻ, ഡൊമെനിക്കോ കംബാർഥെല്ല(ഫിലിം ഡയറക്ടർ), വികാരി ഫാ.ചെറിയാൻ വരിക്കാട്ട്, ഗെർവാസീസ് ജെ. മുളക്കര എന്നിവരെ കൂടാതെ മലയാളി കമ്മ്യൂണിറ്റിയിലെ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

നൃത്തങ്ങളും, ഗാനങ്ങളും ഉൾപ്പെട്ട വൈവിധ്യങ്ങളായ കലാപരിപാടികളുമായി റോമിലെ കലാകാരികളും കലാകാരന്മാരും ആഘോഷത്തെ കൊഴുപ്പുള്ളതാക്കി.
മാവേലിയുടെ വേഷമണിഞ്ഞ ബേബി കോയിക്കൽ സദസിൽ തിരുവോണത്തിന്‍റെ സുവർണ സ്മൃതിയുണത്തി. എംബസി ഉദ്യോഗസ്ഥനായ വിൻസെന്‍റ് ചക്കാലമറ്റത്തിലും & ടീമും ആഘോഷത്തെ മികവുറ്റതാക്കാൻ പ്രവർത്തിച്ചു.

ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ റീണത് സന്ധുവിന്‍റെ വിശാലമനസാണ് മലയാളികൾക്ക് മാത്രമായി ഓണാഘോഷം സംഘടിപ്പിക്കാനായത്. കൊമേഴ്ഷ്യൽ വകുപ്പ് മേധാവിയും മലയാളിയുമായ ശ്യാംചന്ദ് ആഘോഷങ്ങളുടെ അമരക്കാരനായി.

ഇന്ത്യൻ എക്സ്ക്ലൂസീവിന്‍റെ പ്രതിനിധിയായി ഡോ.ജോസ് വട്ടക്കോട്ടയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. വിവിധ ഭാഷകകളും, മതങ്ങളും, ആചാരങ്ങളും, ഭക്ഷണവും നമ്മെ വ്യത്യസ്തപ്പെടുത്തുമെന്നും എന്നാൽ ഇന്ത്യയുടെ ദേശീയഗാനവും, ഇന്ത്യൻ പതാകയും നമ്മെ ഒന്നിപ്പിക്കുകയും സിരകളിൽ എല്ലാ ഇന്ത്യക്കാരും സഹോദരങ്ങൾ എന്ന ചിന്താധാര സൃഷ്ടിക്കുമെന്നും ഡോ.ജോസ് പറഞ്ഞു ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ