സ്വിറ്റ്സര്‍ലന്‍ഡില്‍ ഡിസ്പോസിബിള്‍ വരുമാനം കുറയുന്നു
Thursday, November 21, 2019 9:59 PM IST
ബേണ്‍: ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമിയം, നികുതികള്‍ എന്നിവ അടക്കമുള്ള നിര്‍ബന്ധിത ചെലവുകള്‍ കഴിഞ്ഞ് ബാക്കി വരുന്ന തുകയായ ഡിസ്പോസിബിള്‍ വരുമാനം സ്വിറ്റ്സര്‍ഡില്‍ കുറഞ്ഞു വരുന്നതായി കണക്കുകളില്‍ വ്യക്തമാകുന്നു. ജീവിതചെലവില്‍ വരുന്ന വര്‍ധനയാണ് ഇതിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

വിലക്കയറ്റം പലരുടെയും വീട്ടു ബജറ്റുകള്‍ താറുമാറാക്കിത്തുടങ്ങിയതായും സ്വിസ് ഫെഡറല്‍ ഓഫീസ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഹൗസ്ഹോള്‍ഡ് ബജറ്റ് സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ മേഖലകളില്‍ വീട്ടിലുണ്ടാകുന്ന ചെലവാണ് ഇതില്‍ പരിഗണിച്ചിരിക്കുന്നത്.

ഡിസ്പോസിബിള്‍ വരുമാനം ശരാശരി 7124 ഫ്രാങ്ക് ആയിരുന്നത് 6984 ഫ്രാങ്കായാണ് കുറഞ്ഞിരിക്കുന്നത്. ഇതു ദേശീയ ശരാശരിയാണെങ്കില്‍, മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇതിലും വലിയ അന്തരങ്ങള്‍ ദൃശ്യമാണ്. ഇക്കാര്യത്തില്‍ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരവും വര്‍ധിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ