ഗ്രേറ്റ് ബ്രിട്ടന്‍ രൂപത യുവജന വര്‍ഷാചരണ സമാപനം ഡിസംബര്‍ 28 നു ലിവര്‍പൂളില്‍
Saturday, December 14, 2019 12:31 PM IST
പ്രസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച യുവജന വര്‍ഷത്തിന്റെ സമാപനം ഡിസംബര്‍ 28-നു ലിവര്‍പൂള്‍ ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ നടക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ സീറോ മലബാര്‍ സഭയുടെ തലവന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത യുവജന വര്‍ഷം രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു വരികയായിരുന്നു. സീറോ മലബാര്‍ സഭയുടെ യുവജന സംഘടനനായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്‌രൂപതയുടെ വിവിധ മിഷനുകളിലും, ഇടവകകളിലും രൂപീകരിക്കുകയും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും,വ്യക്തിത്വ വികാസത്തിനുതകുന്ന കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. രൂപതയുടെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമായി നൂറു കണക്കിന് യുവതി യുവാക്കള്‍ ഇരുപത്തി എട്ടിന് നടക്കുന്ന യുവജന വര്‍ഷ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ ആണ് സമ്മേളനത്തോടനുബന്ധിച്ചു വിഭാവനം ചെയ്തിരിക്കുന്നത്, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്യും . സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപത ഡയറക്ടര്‍ റെവ . ഡോ . വര്‍ഗീസ് പുത്തന്‍പുരക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍