ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്കു ജയിച്ചത് 15 ഇന്ത്യന്‍ വംശജര്‍
Saturday, December 14, 2019 9:13 PM IST
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത് 15 ഇന്ത്യന്‍ വംശജര്‍. ഇതില്‍ ഏഴു പേര്‍ ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ഏഴു പേര്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെയും പ്രതിനിധികളാണ്. മറ്റൊരാൾ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റിലും ജയിച്ചു.

ഇപ്പോള്‍ ജയിച്ച പതിനഞ്ചില്‍ പന്ത്രണ്ടു പേരും കഴിഞ്ഞ പാര്‍ലമെന്‍റിലും അംഗങ്ങളായിരുന്നു. മൂന്നു പേര്‍ പുതുമുഖങ്ങളാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഗഗന്‍ മൊഹീന്ദ്ര, ക്ളെയര്‍ കൗട്ടീഞ്ഞോ, ലിബറല്‍ ഡെമോക്രാറ്റുകളുടെ നവേന്ദ്രു മിശ്ര എന്നിവരാണ് പുതുമുഖങ്ങള്‍.

ഇന്ത്യക്കാരടക്കം ഈ പാര്‍ലമെന്‍റിലെ പത്തു ശതമാനം പേര്‍ വംശീയ ന്യൂനപക്ഷങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍