സമാധാനത്തിന്‍റെ സന്ദേശവുമായ് മെറിൻ; വിൽഷയർ മലയാളി അസോസിയേഷൻ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷിച്ചു
Saturday, January 11, 2020 9:33 PM IST
ലണ്ടൻ: വിൽഷയർ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ്- ന്യൂഇയർ ആഘോഷം നടത്തി. സ്വിൻഡൺ സൂപ്പർ മറൈൻ സ്പോർട്സ് സെന്‍ററിൽ നൂറുകണക്കിന് വിൽഷയർ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഒരുമയുടെ സന്ദേശമോതി മെറിൻ ജോസഫ് ഐപിഎസ് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.


പ്രവാസികളുടെ ഇടപെടലുകളും സംഭാവനകളും ഭാരതത്തിനു നൽകുന്ന പിന്തുണ മഹത്താണെന്നും പ്രവാസികളടക്കം ഇന്ത്യക്കാർ ഒരുമിച്ചുനിന്ന് പ്രശ്നങ്ങളെ നേരിടണമെന്നും ഇതിനു കാര്യക്ഷമമായ് പ്രവർത്തിക്കുന്ന എൻആർഐ സെൽ ബൃഹത്തായ സേവനമാണ് നൽകുന്നതെന്നും മെറിൻ അഭിപ്രായപ്പെട്ടു. പഠനം ജീവിതചര്യയാക്കണമെന്നും ഭാവിയിലെ എന്ത് ആവിശ്യങ്ങൾക്കും തന്നോട് ബന്ധപ്പെടാമെന്നും തന്റെ പരിധിയിൽ നിന്ന് മാർഗ നിർദ്ദേശം നൽകാൻ തയാറാണെന്നും മെറിൻ ജോസഫ് വാഗ്ദാനം ചെയ്തു.

സെക്രട്ടറി മാർട്ടിൻ വർഗീസ് സ്വാഗതം ആശംസിച്ചു. ഡബ്ല്യുഎംഎ പ്രസിഡന്‍റ് ജിജി വിക്ടർ കഴിഞ്ഞ കാലയളവിലെ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി. വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് വിമൻസ് ഫോറവും മ്യൂസിക്ക് ക്ലാസുകളും എങ്ങനെ അസോസിയേഷനു പകിട്ടേകുന്നുവെന്നും ഏറ്റവും പുതിയ പ്രോജക്ടായ യുത്ത് ഡെവലപ്മെന്‍റ് പ്രോഗ്രാം ലക്ഷ്യമാക്കുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനും കോൺഫിഡസ് ബിൽഡിംഗ്, ക്യാരക്ടർ ബിൽഡിംഗ്, കംപാഷൻ എന്നിവയായിരിക്കും മുഖ്യഘടകം എന്നും ഓർമപ്പെടുത്തി. വേദിയിൽ പുതിയതായി തിരഞ്ഞെടുത്ത യൂത്ത് ചാംപ്സിനെ ആദരിച്ചു. യുക്മാ കാലാ-കായിക റീജണൽ - നാഷണൽ മത്സരങ്ങളിൽ കീരീടം ചൂടിയത് ഡബ്ല്യുഎംഎ യുടെ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തിയെന്നും ജിജി വിക്ടർ പറഞ്ഞു.

തുടർന്നു ആഘോഷ പരിപാടികളുടെ ഭാഗമായി ക്രിസ്മസ് പാപ്പായെ വരവേറ്റു. കുഞ്ഞുമക്കളുടെ ഏയ്ഞ്ചൽ ഡാൻസോടെ കലാപരിപാടികൾ ആരംഭിച്ചു.
പ്രായഭേദമെന്യെ കൂടുതൽ ആളുകൾ സ്റ്റേജിൽ കലാപരിപാടികൾ അവതരിപ്പിച്ചപ്പോൾ കലാസന്ധ്യ നയന മനോഹരമായി.

കരോൾഗാനങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും സംഘനൃത്തങ്ങൾ, മിമിക്രി, സ്കിറ്റ് തുടങ്ങിയവയും ജനഹൃദയങ്ങളെ കീഴടക്കി. ക്രിസ്മസ് പുൽക്കൂട് മത്സരം, സാന്താക്ലോസ് മത്സരം എന്നിവയ്ക്കുള്ള സമ്മാനങ്ങളും കുട്ടികളെയും മുതിർന്നവരെയും നൃത്തം അഭ്യസിപ്പിച്ച ടീച്ചർമാർക്കുള്ള പുരസ്കാരങ്ങളും നൽകി. റാഫിൾ ടിക്കറ്റ് പ്രൈസ്, ഇൻഫിനിറ്റ് ഫിനാൻഷ്യൽ സ്പോൺസർ ചെയ്ത ഗോൾഡ് കോയിൻ എന്നിവ വിജയികൾക്ക് വിതരണം ചെയ്തു.

ഡബ്ല്യുഎംഎ പ്രസിഡന്‍റ് ജിജി വിക്ടർ, സെക്രട്ടറി മാർട്ടിൻ വർഗീസ്, ട്രഷറർ ജെയ്മി നായർ, വൈസ് പ്രസിഡന്‍റ് ജിൻസ് ജോസ്, കമ്മിറ്റി അംഗങ്ങളായ അനുചന്ദ്ര, സെലിൻ വിനോദ്, ബിജു വർഗീസ്, ജോൺസൺ പോൾ, ബോബി പെരപ്പാടൻ, ബൈജു വാസുദേവൻ, സോണി ആന്‍റണി, ഷാജു ജോസഫ് എന്നിവർ സംബന്ധിച്ചു. ഏരിയ അംഗം സോണി ആന്‍റണി നന്ദി പറഞ്ഞു. ക്രിസ്മസ് ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്:ജെഗി ജോസഫ്