ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ പതിമൂന്നാമത് ആറ്റുകാൽ പൊങ്കാല മാർച്ച് 9 ന്
Thursday, February 27, 2020 7:25 PM IST
ലണ്ടൻ: ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ തവണ തുടർച്ചയായി പൊങ്കാല അർപ്പിക്കപ്പെട്ട ചരിത്രം പതിമൂന്നാം വർഷത്തിലേക്കു കടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ പൂർത്തിയായി.

മാർച്ച് 9 നു (തിങ്കൾ) രാവിലെ ഒന്പതിന് പൊങ്കാലക്കായുള്ള പൂജാദികർമ്മങ്ങൾ ആരംഭിക്കും. ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക് എന്ന മലയാളി വനിതകളുടെ സാംസ്കാരിക സംഘടനയാണ് ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിക്കുവാൻ യു കെ യിലുള്ള ദേവീ ഭക്തർക്ക് അനുഗ്രഹ വേദി ഈ വർഷവും ഒരുക്കുന്നത്

പ്രാർഥനയുടെയും,വിശ്വാസത്തിന്‍റേയും ദേവീ കടാക്ഷത്തിന്‍റേയും ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനിൽ കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി പൊങ്കാല വിജയകരമായി തുടർന്ന് പോവുവാൻ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും മുഖ്യ സംഘാടകയും‌ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ കൗൺസിലർ ഡോ.ഓമന ഗംഗാധരൻ അഭിപ്രായപ്പെട്ടു.

വിശിഷ്‌ഠ വ്യക്തികൾ പങ്കെടുക്കുന്ന പൊങ്കാലയിൽ, കമ്യൂണിറ്റി നേതാക്കൾ, മെംബർമാർ, ഈസ്റ്റ്ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസുകാർ, സ്വയം പ്രോപ്പർട്ടീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യു എ ഇ എക്സ്ചേഞ്ച്, തട്ടുകട റസ്റ്ററന്‍റ് , ആനന്ദപുരം റസ്റ്ററന്‍റ്, സീലാൻസ്‌ സൂപ്പർസ്റ്റോർ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്കിന്‍റെ ആരോഗ്യ-സാമൂഹ്യപ്രവർത്തനങ്ങളുടെ വിജയങ്ങൾക്കു പിന്നിലുണ്ട്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ലണ്ടൻ ബ്രെസ്റ്റ് കാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

വിവരങ്ങൾക്ക്: ഡോ. ഓമന ഗംഗാധരൻ 07766822360, ശ്രീ മുരുകൻ ടെന്പിൾ 02084788433

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ