പാസ്പോര്‍ട്ടിന്‍റെ മൂല്യത്തില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം
Thursday, July 9, 2020 9:56 PM IST
ബർലിൻ: ആഗോള തലത്തിൽ പാസ്പോർട്ടിന്‍റെ മൂല്യത്തിൽ ജർമനിക്ക് മൂന്നാം സ്ഥാനം. ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂർ രണ്ടാമതും എത്തി. കഴിഞ്ഞ കാലങ്ങളിൽ ഒന്നമതായിരുന്ന ജർമനിയെ കടത്തിവെട്ടിയാണ് ജപ്പാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഏറ്റവും കൂടുതൽ രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ അനുമതി ലഭിക്കുന്നതാണ് മൂല്യം കണക്കാക്കാൻ പ്രധാന മാനദണ്ഡമായി ഉപയോഗിച്ചിരിക്കുന്നത്. ജർമൻ പാസ്പോർട്ടുള്ളവർക്ക് 189 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യുകയോ വീസ ഓണ്‍ അറൈവൽ സൗകര്യം സ്വീകരിക്കുകയോ ചെയ്യാം.

191 രാജ്യങ്ങളിലേക്കുള്ള യാത്രാ സ്വാതന്ത്ര്യമാണ് ജാപ്പനീസ് പാസ്പോർട്ട് ഉറപ്പു നൽകുന്നത്. സിംഗപ്പൂർ പാസ്പോർട്ടുള്ളവർക്ക് 190 രാജ്യങ്ങളിലും പോകാം.സൗത്ത് കൊറിയയും മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്ത് ഇറ്റലി, ഫിൻലാൻഡ്, സ്പെയിൻ, ലുക്സംബർഗ് എന്നീ രാജ്യങ്ങളാണ് (ഇവിടുത്തെ പൗരന്മാർക്ക് 188 രാജ്യങ്ങൾ വീസയില്ലാതെ സന്ദർശിക്കാം.

ആദ്യ പത്തിൽ ഡെൻമാർക്ക്, ഓസ്ട്രിയ 5. (187),സ്വീഡൻ, ഫ്രാൻസ്, പോർച്ചുഗൽ, നെതർലാന്‍റ്സ്, അയർലൻഡ് 6. (186),സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, നോർവേ, ബെൽജിയം 7. (185),ഗ്രീസ്, ന്യൂസിലാൻഡ്, മാൾട്ട, ചെക്ക് റിപ്പബ്ലിക് 8. (184)

കാനഡ, ഓസ്ട്രേലിയ 9. (183), ഹംഗറി 10. (181). ഇന്ത്യയുടെ സ്ഥാനം 50 ആണ്. 46 രാജ്യങ്ങൾ മാത്രമാണ് വീസയില്ലാതെ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമ സ്ഥാപനമായ ഹെൻലി & പാർട്ണേഴ്സ് ആണ് പാസ്പോർട്ടുകളുടെ മൂല്യം സംബന്ധിച്ച സൂചിക പുതുതായി പ്രസിദ്ധീകരിച്ചത്.ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ (ഐഎടിഎ) നിന്നുള്ള വിവരങ്ങൾ നിയമ സ്ഥാപനം വിലയിരുത്തി. യാത്രക്കാർക്ക് അവരുടെ പാസ്പോർട്ടുകൾ ഉപയോഗിച്ച് ഏത് രാജ്യങ്ങളിലേക്ക് പോകാമെന്നും വീസ ആവശ്യമുണ്ടോയെന്നും ആരാഞ്ഞാണ് വിവരങ്ങൾ ശേഖരിച്ചത്.199 പാസ്പോർട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉൾക്കൊള്ളിച്ചാണ് റാങ്കിംഗ് നടത്തിയത്..

കൊറോണ വൈറസ് പാൻഡെമിക്കിന്‍റെ ഫലമായുണ്ടായ നിലവിലെ യാത്രാ നിയന്ത്രണങ്ങൾ പുതിയ റാങ്കിംഗ് കണക്കാക്കുന്നതിൽ മാനദണ്ധമാക്കിയില്ല.

ഉദാഹരണമായി തുല്യ മൂല്യമുള്ള പാസ്പോർട്ട് ഉടമകളുടെ സാധുതയെ കൊറോണ പ്രതിസന്ധി ചോദ്യം ചെയ്തു: കർശനമായ യാത്രാ നിയന്ത്രണങ്ങൾ കാരണം യുഎസിൽ നിന്നും ലോകത്തെ മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് ഇപ്പോഴും ജർമനിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും പ്രവേശിക്കാൻ കഴിയുന്നില്ല എന്നതു താൽക്കാലികമാണ്. ജർമനിയിൽ, എല്ലാ സ്ഥിര താമസക്കാർക്കും വിദ്യാർഥകൾക്കും അവശ്യ തൊഴിലാളികൾക്കും ചില സാഹചര്യങ്ങളിൽ അടിയന്തര കുടുംബ കാരണങ്ങളാൽ സന്ദർശിക്കുന്ന ആളുകൾക്കും പ്രവേശിക്കാൻ അനുവാദമുണ്ട് എന്നതും ശ്രദ്ധേയമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ