നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് സ്വിസ് ആരോഗ്യ വകുപ്പ്
Friday, July 31, 2020 8:59 PM IST
ബേണ്‍: കൊറോണ വൈറസ് വ്യാപനം രാജ്യത്ത് വീണ്ടും ശക്തമായി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മാസ്ക് ഉപയോഗം കൂടുതല്‍ വ്യാപകവും നിര്‍ബന്ധിതവുമാക്കണം. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ പൂര്‍ണമായി നിരോധിക്കണം. കോണ്ടാക്ട് ട്രേസിംഗ് വീണ്ടും ഊര്‍ജിതമാക്കണമെന്നും സർക്കാരിനു നൽകിയ ശിപാർശയിൽ പറയുന്നു.

''സ്ഥിതിഗതികള്‍ മോശമായി വരുകയാണ്. ഗൗരവമായെടുക്കണം. ഗിയര്‍ മാറ്റേണ്ട സമയമായി'', എഫ്ഒപിഎച്ച് ഡയറക്റ്റര്‍ പാസ്കല്‍ സ്ട്രൂപ്ളര്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, കേന്ദ്രീകൃതമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് സ്വിസ് സര്‍ക്കാര്‍. കാന്‍റനുകള്‍ക്ക് അതതു സ്ഥലങ്ങളിലെ സ്ഥിതി വിലയിരുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു തടസമില്ലെന്നും വിശദീകരണം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ