ജര്‍മനി വീണ്ടും കടമെടുക്കും
Monday, September 21, 2020 9:00 PM IST
ബര്‍ലിന്‍: അടുത്ത വര്‍ഷത്തേക്ക് 96.2 ബില്യൺ യൂറോ കൂടി കടമെടുക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കമ്മിയില്ലാത്ത തരത്തില്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകുന്ന ജര്‍മന്‍ രീതി ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മാറ്റിവയ്ക്കുകയാണ്.

കൊറോണ വ്യാപനത്തെതുടർന്നുണ്ടായ പ്രതിസന്ധിയാണ് സര്‍ക്കാരിനെ ഇതിനു നിര്‍ബന്ധിതമാക്കുന്നതെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിശദീകരണം.

അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ ധനമന്ത്രി ഒലാഫ് ഷോള്‍സ് ഈ തുകയും ഉള്‍പ്പെടുത്തും. ബുധനാഴ്ചയാണ് ബജറ്റ് അവതരണം.

ഈ വര്‍ഷം 218 ബില്യൺ യൂറോ കടമെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ക്കായാണ് ഈ തുക പ്രധാനമായും ഉപയോഗപ്പെടുത്തുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ