കാപ്പിറ്റോൾ കലാപത്തെ അപലപിച്ച് യൂറോപ്പ്
Saturday, January 9, 2021 2:09 AM IST
ബെര്‍ലിന്‍: യുഎസിലെ കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തെതുടർന്ന് ജര്‍മൻ പാര്‍ലമെന്‍റിന്‍റെ സുരക്ഷയും ശക്തമാക്കിയതായി പാര്‍ലമെന്‍റ് പ്രസിഡന്‍റ് വുള്‍ഫ് ഗാംഗ് ഷൊയ്ബളെ പറഞ്ഞു. ഇതു സംബന്ധിച്ച് പാര്‍ലമെന്‍റിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സുരക്ഷാ പ്രതിനിധികളുമായും ബെര്‍ലിന്‍ സംസ്ഥാന അധികൃതരുമായും ജര്‍മന്‍ ആഭ്യന്തര മന്ത്രാലയവുമായും കൂടിയാലോചിക്കുമെന്നും ഷൊയ്ബളെ പറഞ്ഞു.

വാഷിംഗ്ടണില്‍ നിന്നുള്ള സംഭവങ്ങളുടെ വെളിച്ചത്തില്‍, ബുണ്ടെസ്റ്റാഗിന്‍റെ സുരക്ഷയ്ക്കായി എന്തെല്ലാം നടപടികൾ കൈക്കൊള്ളണമെന്ന നിഗമനങ്ങളില്‍ എത്തിച്ചേരണം എന്ന് പരിശോധിക്കുമെന്ന് ഷൊയ്ബളെ ഓഫീസ് അറിയിച്ചു.വാഷിംഗ്ടണിലെ ജര്‍മന്‍ എംബസിക്കും കാപ്പിറ്റോളിൽ സംഭവിച്ചതുപോലെയുള്ള അതിക്രമങ്ങള്‍ സംഭവിക്കാമെന്നും ഷൊയ്ബളെ കൂട്ടിചേർത്തു.

അതേസമയം യുഎസ് കാപ്പിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ ലോകത്തിനു മുന്പിൽ അമേരിക്ക നാണകെട്ടു തലകുനിക്കേണ്ടി വന്നിരിക്കുകയാണ്. ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തിയ ലജ്ജാകരമായ പ്രവര്‍ത്തിയെന്നാണ് സംഭവത്തെ ലോകനേതാക്കള്‍ വിശേഷിപ്പിച്ചത്.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ തുടങ്ങിയവര്‍ ശക്തമായ ഭാഷയിലാണ് സംഭവത്തെ അപലപിച്ചത്. തുര്‍ക്കിയും സംഭവത്തെ അപലപിച്ചു.

കാപ്പിറ്റോള്‍ കലാപം യുഎസ് കോണ്‍ഗ്രസിലുണ്ടായ അപമാനകരമായ രംഗങ്ങളെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വാഷിംഗ്ടണില്‍ നടന്നത് അമേരിക്കക്കാര്‍ക്ക് ചേര്‍ന്നതല്ലെന്നും ജനാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന കുറച്ചുപേരുടെ അക്രമത്തിന് വഴങ്ങില്ലെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.
ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് ട്രംപ് അനുകൂലികള്‍ അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് അഭിപ്രായപ്പെട്ടു. ഞെട്ടിപ്പിക്കുന്നതാണ് സംഭവമെന്ന് സ്കോഡ് ലൻഡ് നേതാവ് നികൊള സ്റ്റര്‍ഗ്യണ്‍ പറഞ്ഞു. പ്രതിസന്ധി സാഹചര്യം കടന്ന് അമേരിക്കന്‍ ജനതയെ ഏകോപിപ്പിച്ച് മുന്നോട്ടുപോകാന്‍ ആകട്ടെയെന്ന് സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിനെതിരായ ആക്രമണമാണിതെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി യുവസ് ലെ ഡ്രിയന്‍ കുറ്റപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ