രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ 13 ന്
Friday, February 12, 2021 5:02 PM IST
ലണ്ടൻ: ലോകത്ത് നവ സുവിശേഷവത്കരണത്തിന് നൂതന മാർഗവും ലക്ഷ്യവും സ്വീകരിച്ചുകൊണ്ട് സെഹിയോൻ യുകെ സ്ഥാപകൻ ഫാ.സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 13 ന് ഓൺലൈനിൽ നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും.

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്‍റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്‍റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവൻഷൻ നടക്കുക . ലോകത്തേതൊരാൾക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഈ ഓൺലൈൻ ശുശ്രൂഷയിൽ ഫാ. നടുവത്താനിക്ക് പുറമേ നോർത്താംപ്ടൺ രൂപതയിൽനിന്നും ഡീക്കൻ ബ്രിൻ ഡെൻസിയർ , അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകൻ ബ്രദർ ആന്‍റണി കുരിയച്ചിറ എന്നിവരും പങ്കെടുക്കും. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിംഗ്ഡം ടീമിന്‍റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷിലും കൺവൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬.

റിപ്പോർട്ട്: ബാബു ജോസഫ്