മെര്‍ക്കലിന്‍റെ പിന്‍ഗാമി ഷോള്‍സോ?
Saturday, September 25, 2021 6:23 PM IST
ബെര്‍ലിന്‍: ഏറ്റവും പുതിയ അഭിപ്രായ സര്‍വേകളിലെല്ലാം ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് ആംഗല മെര്‍ക്കലിന്‍റെ പിന്‍ഗാമിയാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഒലാഫ് ഷോള്‍സിനാണ്. പരിചയസമ്പന്നനായ ധനമന്ത്രിയും രാജ്യത്തിന്‍റെ വൈസ് ചാന്‍സലറും കൂടിയാണ് എസ്പിഡി പ്രതിനിധിയായ ഷോള്‍സ്.

അതേസമയം, നിലവില്‍ പിന്നിലാണെങ്കിലും തിരിച്ചുവരവുകളുടെ വിദഗ്ധന്‍ എന്നൊരു വിശേഷണം കൂടിയുണ്ട് ആര്‍മിന്‍ ലാഷെയ്ക്ക്. അദ്ദേഹത്തിനു തിരിച്ചുവരാന്‍ ഇനിയും സമയമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സിഡിയു - സി എസ് യു സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി ആര്‍മിന്‍ ലാഷെയ്ക്ക് നിലവില്‍ വലിയ സാധ്യത കല്‍പ്പിക്കപ്പെടുന്നില്ല. പ്രചാരണത്തിന്‍റെ തുടക്കത്തില്‍ വലിയ മുന്നേറ്റം നടത്തിയിരുന്ന ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മത്സരരംഗത്തെ ഏക വനിതയുമായ അന്നലേന ബെയര്‍ബോക്ക് ഇപ്പോള്‍ ചിത്രത്തില്‍ ഇല്ല എന്നാണ് വിലയിരുത്തല്‍.

ഷോള്‍സിനെ ഭാവി ചാന്‍സലറായി കാണുന്നവര്‍ അദ്ദേഹത്തിന്‍റെ സുരക്ഷിത കരങ്ങളിലാണ് വിശ്വാസമര്‍പ്പിക്കുന്നത്. വ്യത്യസ്ത പാര്‍ട്ടികളിലാണെങ്കിലും മെര്‍ക്കലുമായി അടുത്ത ബന്ധമുള്ളയാളാണ് ഷോള്‍സ്. അവരുടെ യഥാര്‍ഥ പിന്‍ഗാമിയാകാന്‍ ഷോള്‍സിനാണു സാധിക്കുക എന്ന് നിഷ്പക്ഷ വിഭാഗത്തിനും അഭിപ്രായമുണ്ട്.

അതേസമയം, ലാഷെയുടെ പ്രചാരണ പരിപാടികള്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. നേരത്തെ, സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് മാര്‍ക്കസ് സോഡറുമായുള്ള കടുത്ത മത്സരത്തെ അതിജീവിച്ചായിരുന്നു ലാഷെയുടെ മുന്നേറ്റം. അതുപോലെ ചാന്‍സലര്‍ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിനു തിരിച്ചുവരാന്‍ കഴിയുമെന്നാണ് അനുയായികളുടെ പ്രതീക്ഷ.

സെപ്റ്റംബർ 26 ന് (ഞായർ) ആണ് തെരഞ്ഞെടുപ്പ്.

ജോസ് കുമ്പിളുവേലില്‍